Connect with us

Book Review

കൊടുങ്കാറ്റിലും ഉലയാത്ത മുൾമരങ്ങൾ

Published

|

Last Updated

നിശ്ശബ്ദമായി കിടന്ന ചരിത്ര സ്മൃതികളെ നോവൽരൂപത്തിലെഴുതിയതാണ് “പെണ്ണൊരുത്തി”. കേട്ടുകേൾവിയിൽ നിന്നും ഉരുത്തിരിഞ്ഞ തന്റെ ദേശവും കഥാപാത്രങ്ങളും കടലാസിലേക്ക് പകർത്തിയത് സർഗാത്മക വൈഭവം പ്രകടമാകും വിധമാണ്. നിഷേധിക്കാനാകാത്ത നേരുകൾ, കൂട്ടിച്ചേർക്കലുകൾ എല്ലാം നോവലിന് ആധാരമായി വരുമ്പോഴും നോവലിസ്റ്റിന്റെ തൂലിക തന്നെയാണ് മൗലികമായ സംഭാവനകൾ വായനക്കാർക്ക് സമ്മാനിക്കുന്നത്. സമൂഹത്തിൽ ഓരം ചേർന്ന് ജീവിക്കുന്ന മനുഷ്യരാണ് നാസർ മുതുകാടിന്റെ “പെണ്ണൊരുത്തി”യിലെ കഥാപാത്രങ്ങൾ.

താൻ കണ്ടു പരിചയിച്ചവരാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും എന്ന് നോവലിസ്റ്റ് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നല്ലൊരു റോഡ് പോലും ഇല്ലാതിരുന്ന ഒരു കാലത്തെ, ദേശത്തെ കേട്ടറിവിലൂടെ ആവിഷ്കരിക്കുക ശ്രമകരമാണ്. തന്റെ സർഗാത്മക സിദ്ധി കൊണ്ട് ജീവൻ കൊടുത്ത കഥാപാത്രങ്ങൾ. അവരുടെ വ്യക്തിത്വം നിലനിർത്തി നമ്മുടെ മനസ്സിൽ വായനക്ക് ശേഷവും ജീവിക്കുന്നതും നോവലിന്റെ വിജയം തന്നെയാണ്.

ആമിനത്താത്ത എന്ന കഥാപാത്രം തന്നെയാണ് നോവലിലെ കേന്ദ്രകഥാപാത്രം. ഓരോ ദേശത്തുമുണ്ടാകും ഇതുപോലെയുള്ള സ്ത്രീകൾ. അതിജീവനത്തിനു വേണ്ടി സ്വയം തീയിൽ കുരുത്തവർ. തിക്താനുഭവങ്ങൾ പെരുമഴയായി പെയ്തിട്ടും ഉലയാതെ മുൾമരങ്ങളായവർ. പൊള്ളലുകളും മുറിവുകളും അവരെ തലതാഴ്ത്തിക്കാതെ നടത്തിക്കുമ്പോൾ അവരുടെ കാലടികൾ പതിഞ്ഞ വഴികൾ പോലും ആർക്കും എളുപ്പം പ്രവേശനം അസാധ്യമാക്കുന്ന വിധം പരുക്കനും പരുഷവുമാകും.

ആമിനത്താത്തയോടൊപ്പം അവരുടെ പിതാവ് കശാപ്പ് ജോലി ചെയ്യുന്ന ആട് മസ്താൻ എന്ന് വിളിക്കുന്ന മൂസ, പിതാവിന്റെ ഇഷ്ടപ്രകാരം മറ്റൊരു കശാപ്പുകാരനായ അലിയാർ ഇവരൊക്കെ നോവലിന്റെ കഥാഗതിയിൽ നിർണായക കഥാപാത്രങ്ങളാണ്. “രക്ഷാകർത്താവ്” ചമഞ്ഞ് പേരിനെങ്കിലും ഒരു പുരുഷൻ ഒപ്പം ഉണ്ടെങ്കിൽ സ്വന്തമായി ഒരു തീരുമാനം എടുക്കാൻ പോലും കഴിയാതെ അശക്തരായി പോയ സ്ത്രീകളുടെ ഇന്നലെകൾ ചരിത്രമാണ്.

എഴുതപ്പെടാതെ പോയ ചരിത്രം. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ആമിന ആരും തുണയില്ല എന്ന് കണ്ട് സ്വയം തീരുമാനം എടുത്തു തുടങ്ങുന്നു. ജീവിക്കാൻ നീവൃത്തിയില്ലാതെ പല ജോലിയും ചെയ്യുന്നു.
എല്ലാം പ്രതിസന്ധിയിലായതോടെ പിന്നീട് തന്റെ പിതാവിന്റെ തന്നെ മറ്റൊരു സുഹൃത്ത് പോക്കർക്കയെ സമീപിച്ച് കശാപ്പ് അഥവാ അറവ് എന്ന തൊഴിലിലേക്ക് തിരിയുന്നു. വിശപ്പും അരക്ഷിതാവസ്ഥയും പ്രതിസന്ധികളും അവരെ ഒരു ഉറച്ച തീരുമാനത്തിലെത്തിക്കുന്നു, അവർ കശാപ്പ് എന്ന തന്റെ തൊഴിലിൽ ഉറച്ചു നിൽക്കുന്നു. തനിക്ക് കിട്ടാതെ പോയ വിദ്യാഭ്യാസം മകൾക്ക് കിട്ടണമെന്നും നല്ല നിലയിൽ എത്തണമെന്നും ആഗ്രഹിക്കുന്നു. മകളുടെ സ്കൂളിൽ പുതുതായി എത്തുന്ന അധ്യാപകനെ തന്നെ മകൾക്ക് ട്യൂഷന് ഏർപ്പാടാക്കുന്നു, തന്റെ മുഖം ഒരു വശം പൊള്ളിയതിനെ പോലും ഒരുത്തനും തന്നെ ശല്യം ചെയ്യാൻ വരാത്തത്, ഗുണമായി കണ്ട് ദുരനുഭവങ്ങളേയും ചിരിയിൽ ലഘൂകരിക്കുന്ന ആമിനത്താത്ത നമുക്ക് ഒരു വിസ്മയം തന്നെയാണ്.

മുതുകാട് എന്ന ദേശത്തെ ഏറെക്കുറെ സമഗ്രമായി അവതരിപ്പിക്കുമ്പോൾ പെരുവണ്ണാമൂഴി, പയ്യാനിക്കോട്ട, സീതപ്പാറ, ചെകുത്താൻമുക്ക്, പന്തിരിക്കര, പേരാമ്പ്ര തുടങ്ങിയ സമീപത്തെ ചെറുതും വലുതുമായ പ്രദേശങ്ങളും അവിടങ്ങളിലെ മനുഷ്യരും ഇടക്കൊക്കെ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. മലബാറിലെ ഉൾനാടൻ ഭാഷാപ്രയോഗങ്ങളുടെ നിഷ്കളങ്കസൗന്ദര്യത്തോടെ ഒരു നോവലിനു വേണ്ടതെല്ലാം എഴുത്തുകാരൻ വിളക്കിച്ചേർത്തിട്ടുണ്ട്. നാരാണേട്ടൻ, നബീസുമ്മ, കാദർ, കുഞ്ഞിക്കണ്ണൻ, ജോസൂട്ടി, വാവച്ചൻ, ബീരാൻ, കപ്യാർ, ജാനകിയേടത്തി തുടങ്ങി വായനയുടെ ഒഴുക്കിന് സുഗമമായ ഘടകങ്ങളായി ഓരങ്ങളിലായി ചില കഥാപാത്രങ്ങളും.
മൈമൂന എന്ന തന്റെ മകൾക്കു വേണ്ടി ജീവിക്കുന്ന, തനിക്ക് കിട്ടാതെ പോയ വിദ്യാഭ്യാസം നല്ല രീതിയിൽ കിട്ടാൻ ട്യൂഷൻ വരെ ഏർപ്പാടാക്കുന്ന, സ്വപ്നം കാണുന്ന, ആമിനയുടെ ദുരന്തപര്യവസായിയായ ജീവിതം ഒരു നൊമ്പരമായി വായനക്കാരിൽ നടുക്കം സൃഷ്ടിക്കുകയും നിരാശരാക്കുകയും ചെയ്യുന്നു.

നാടകീയമായി രചിക്കപ്പെട്ടതെന്ന് തോന്നുന്ന അധ്യായങ്ങളും നോവലിലുണ്ട്. എങ്കിലും വായനയുടെ സുഗമമായ ഒഴുക്ക് അവസാനഭാഗം വരെ ആകാംക്ഷ നിലനിർത്തി കഥാപാത്രങ്ങൾക്കും മുതുകാട് എന്ന ദേശത്തിനും ഒപ്പം സഞ്ചരിക്കാൻ കഴിയുന്നത് നോവലിസ്റ്റിന്റെ മികവ് തന്നെ.
തണ്ടുറപ്പും ഉള്ളുറപ്പും ഉള്ള കന്നികൃതി എന്ന് യു എ ഖാദർ വിശേഷിപ്പിച്ച ഈ നോവൽ ഒരു സ്ത്രീയുടെ അസാധാരണ അനുഭവങ്ങളിലൂടെ വിയർപ്പുറ്റി സ്വയം ഉയിർത്ത് വെളിച്ചമായ ജീവിതമാണ്. കൂത്താളി സമരത്തിന്റെ ഭാഗമായി മിച്ചഭൂമി പതിച്ചു കിട്ടിയവർ കുടിയേറിയ പ്രദേശങ്ങളിലൊന്നാണ് മുതുകാട്. എഴുപതുകളിലെ മലബാറിലെ കുടിയേറ്റ ജനതയിലുള്ള മതനിരപേക്ഷമായ സാഹോദര്യവും സൗഹൃദവും മാനവീയമൂല്യങ്ങളും ഏറിയും കുറഞ്ഞും അനുഭവിപ്പിക്കുന്നതാണ് ഈ നോവൽ. തീർച്ചയായും ചരിത്രത്തിൽ വേരുകളാഴ്ന്ന, അധ്വാനിച്ചു ജീവിച്ചു മരിച്ച മനുഷ്യരുടെ ഇന്നലെകളെയാണ് എഴുതി ഫലിപ്പിച്ചത്. നോവൽ എന്ന ചട്ടക്കൂടിൽ ആ കാലവും സംഭവവികാസങ്ങളും അതിന്റെ ശക്തി സൗന്ദര്യങ്ങളോടെ വായിക്കാൻ കഴിഞ്ഞതിൽ ഒരു പേരാമ്പ്രക്കാരി എന്ന നിലയിൽ എനിക്കും സന്തോഷം, അഭിമാനം. മുതുകാട്ടിലെ മൺമറഞ്ഞു പോയ കുടിയേറ്റ കർഷകരുടെ ഓർമകൾക്ക് സമർപ്പിച്ച “പെണ്ണൊരുത്തി” പ്രസിദ്ധീകരിച്ചത് ഇങ്ക് ബുക്സാണ്. വില 200 രൂപ.

vijilagaya@gmail.com

---- facebook comment plugin here -----

Latest