ചാണകത്തില്‍ നിന്നുള്ള പെയിന്റ് ഇന്ന് കേന്ദ്രമന്ത്രി പുറത്തിറക്കും

Posted on: January 12, 2021 10:11 am | Last updated: January 12, 2021 at 4:46 pm

ന്യൂഡല്‍ഹി | ചാണകം ഉപയോഗിച്ച് ഖാദി വകുപ്പ് വികസിപ്പിച്ച ‘ഖാദി പ്രകൃതിക് പെയിന്റ്’ ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും. പൂപ്പലിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുന്നതും മണമില്ലാത്തതുമാണ് ഖാദി പ്രകൃതിക് പെയിന്റെന്ന് ഗഡ്കരിയുടെ ഓഫീസ് അറിയിച്ചു. ബി ഐ എസ് അഗീകാരം പെയിന്റിന് ലഭിച്ചിട്ടുണ്ടെന്നും മറ്റ് പെയിന്റുകളെ അപേക്ഷിച്ച് ചാണക പെയിന്റിന് വില കുറവാണെന്നുമാണ് അധികൃതര്‍ പറയുന്നത്.

2020 മാര്‍ച്ചിലാണ് ഇത്തരമൊരു പദ്ധതി കെ വി ഐ സി മുന്നോട്ടുവെച്ചത്. പിന്നീട് ജയ്പുരിലെ കെ വി ഐ സി യൂണിറ്റായ കുമരപ്പ നാഷണല്‍ ഹാന്‍ഡ്‌മേഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഖാദി പ്രകൃതിക് പെയിന്റ് വികസിപ്പിക്കുകയായിരുന്നു. ഡിസ്റ്റംപര്‍ പെയിന്റ്, പ്ലാസ്റ്റിക് എമല്‍ഷന്‍ പെയിന്റ് എന്നിങ്ങനെ രണ്ടു വിധത്തില്‍ ഖാദി പ്രകൃതിക് പെയിന്റ് ലഭ്യമാണ്.

ലെഡ്, മെര്‍ക്കുറി, ക്രോമിയം, ആഴ്‌സെനിക്, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങളുടെ സാന്നിധ്യം ഖാദി പ്രകൃതിക് പെയിന്റില്‍ ഇല്ലെന്നും അധികൃതര്‍ പറഞ്ഞു.