കാത്തിരിപ്പിന് വിരാമം; രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

Posted on: January 12, 2021 7:16 am | Last updated: January 12, 2021 at 10:47 am

പൂനെ | കഴിഞ്ഞ ഒരു വര്‍ഷത്തോളമായി രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. കേരളം അടക്കമുള്ള 13 കേന്ദ്രങ്ങളിലേക്ക് ഇന്ന് വാക്‌സിനെത്തും. കൊവീഷീല്‍ഡിന്റെ വാക്‌സിനുകളുമായി ട്രക്കുകള്‍ പൂനെയില്‍ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച ട്രക്കുകളിലാണ് വാക്സിന്‍ കൊണ്ടുപോകുന്നത്. ഇന്ന് പുലര്‍ച്ചെയാണ് വാക്സിന്‍ വിതരണം ആരംഭിച്ചത്. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആദ്യ ലോഡ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ന് പത്ത് മണിയോടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തും.

കേരളത്തിനും ഡല്‍ഹിക്കും പുറമെ ചെന്നൈ, ബംഗളൂരൂ, ഗുവാഹത്തി എന്നിവിടങ്ങളിലേക്കെല്ലാം വാക്‌സിനുമായി പ്രത്യേക വിമാനം എത്തിയേക്കും. ഈ മാസം 16ന്് തന്നെ കുത്തിവെപ്പ് തുടങ്ങുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസവും അറിയിച്ചിരുന്നു. കൊവിഷീല്‍ഡ് വാങ്ങാന്‍ പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കേന്ദ്ര സര്‍ക്കാര്‍ കരാറുണ്ടാക്കിയിരുന്നു. ഒരു ഡോസിന് 200 രൂപ നിരക്കില്‍ 10 കോടി ഡോസ് വാക്‌സിനാണ് വാങ്ങുന്നത്.