Connect with us

Editorial

ഇറാന് വാക്‌സിന്‍ വേണം; കൊവിഡ് ഡീല്‍ വേണം

Published

|

Last Updated

ബ്രിട്ടനിലും അമേരിക്കയിലും കണ്ടെത്തിയ കൊവിഡ് വകഭേദങ്ങള്‍ പ്രതിരോധിക്കാന്‍ പര്യാപ്തമാണോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമായിട്ടില്ലെങ്കിലും വാക്‌സിനേഷനുമായി മുന്നോട്ട് പോകുകയാണ് ലോകരാജ്യങ്ങളെല്ലാം. വന്‍ ശക്തികള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധവും പ്രതികാര നടപടികളും ഈ ഘട്ടത്തില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാകുകയാണ്. ഇറാന് മേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധമാണ് ചര്‍ച്ചാ വിഷയം. ശിയാ നേതൃത്വത്തിന്റെ വംശീയമായ നിലപാടുകള്‍ മൂലം രൂപപ്പെട്ട നിരവധി കൊള്ളരുതായ്മകള്‍ ഇറാന് ഉണ്ടെങ്കിലും അത് പരമാധികാര, സ്വതന്ത്ര രാഷ്ട്രമാണെന്ന് അംഗീകരിക്കുകയും സമാധാനപരമായി അതിജീവിക്കാനുള്ള സ്വാതന്ത്ര്യം വകവെച്ച് കൊടുക്കുകയും ചെയ്‌തേ തീരൂ. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ആ രാജ്യത്തിന് കൊവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കുന്നില്ല എന്നതാണ് ഭീകരമായ യാഥാര്‍ഥ്യം. മഹാമാരിക്ക് മുന്നില്‍ ലോകം മുഴുവന്‍ വിറച്ച് നില്‍ക്കുമ്പോഴും ശത്രുതക്കും താന്‍പോരിമക്കും മൂര്‍ച്ച കൂട്ടുന്ന അമേരിക്കന്‍ ഭരണ നേതൃത്വത്തെ എന്താണ് വിളിക്കുക. ലോകത്തിന്റെ നേതൃ സ്ഥാനം തിരിച്ചു പിടിക്കുമെന്ന് വിളിച്ചു പറയുന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡനും തന്റെ എതിരാളികള്‍ അമേരിക്കന്‍ മഹത്വം കളഞ്ഞ് കുളിച്ചെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടക്കുന്ന നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന് മേല്‍ ഉപരോധം തുടരണമെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. ഒബാമയുടെ കാലത്ത് ഒപ്പുവെച്ചതും ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കിയതുമായ ആണവ കരാര്‍ പുനഃസ്ഥാപിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലവില്‍ തുടരുന്ന ഉപരോധം പിന്‍വലിക്കണമെന്ന് അദ്ദേഹത്തിന് അഭിപ്രായമില്ല. ജനുവരി 20ന് നടക്കുന്ന സത്യപ്രതിജ്ഞക്ക് ശേഷമല്ലാതെ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ സാധിക്കുകയുമില്ല. മാത്രമല്ല, നേരത്തേ കരാറില്‍ ഒപ്പുവെച്ച ആറ് രാഷ്ട്രങ്ങളിലെയും പ്രതിനിധികള്‍ വീണ്ടും ഇരുന്ന് വ്യവസ്ഥകള്‍ രൂപപ്പെടുത്താതെ ആണവ കരാര്‍ പുനര്‍ പ്രാബല്യത്തിലാക്കാന്‍ സാധിക്കുകയുമില്ല.

എന്നുവെച്ചാല്‍ ഈ കൊവിഡ് കാലത്തും ഇറാനെതിരായ ഉപരോധം തുടരും. ഇറാനും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെയാണല്ലോ ഉപരോധം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഔഷധവും വാക്‌സിനും വിലക്കിന്റെ പരിധിയില്‍ വരില്ലെന്ന് യു എസ് ഏജന്‍സികള്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷേ, ലോകത്തെ മിക്ക ധനകൈമാറ്റങ്ങളും ഡോളറിലാണെന്നതിനാല്‍ യു എസ് കേന്ദ്ര ബേങ്കിനെ ആശ്രയിക്കാതെ തരമില്ല. ഇറാന് പുറത്ത് നിന്ന് വാക്‌സിന്‍ വാങ്ങണമെങ്കില്‍ യു എസിന്റെ കാരുണ്യം വേണമെന്നര്‍ഥം. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയെ ഭയന്ന് ഇറാനുമായി ഇടപാടിന് തയ്യാറാകുന്നില്ല. വില കുറച്ചിട്ടും, വില രൂപയില്‍ തന്നാല്‍ മതിയെന്ന് പറഞ്ഞിട്ടും ഇറാന്റെ എണ്ണ വാങ്ങാന്‍ മടിച്ചു നിന്ന ചരിത്രമാണ് ഇന്ത്യക്കുള്ളത്. അന്താരാഷ്ട്ര ബേങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇറാനോട് സഹകരിക്കില്ല.

ഈ സാഹചര്യത്തില്‍ ഒന്നുകില്‍ ഇറാന്‍ സ്വന്തമായി വാക്‌സിന്‍ രൂപപ്പെടുത്തണം. അല്ലെങ്കില്‍ ചൈനയില്‍ നിന്നോ റഷ്യയില്‍ നിന്നോ മാത്രം വാക്‌സിന്‍ വാങ്ങണം. എത്ര കഷ്ടമാണിത്. ഏറ്റവും അനുയോജ്യമായ വാക്‌സിന്‍ തിരഞ്ഞെടുക്കാനുള്ള സാധ്യതയാണ് ഇറാന് നഷ്ടമാകുന്നത്. ലോകരാജ്യങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കേണ്ട വിഷയമാണിത്. ആധുനിക രാഷ്ട്രബന്ധങ്ങള്‍ക്ക് ഒരു തരത്തിലും യോജിക്കാനാകാത്ത തികച്ചും അക്രമോത്സുകവും നിയമവിരുദ്ധവുമായ ഏര്‍പ്പാടാണ് ഉപരോധം. പരമാധികാര രാജ്യങ്ങള്‍ പരസ്പരം ആശ്രയിച്ചു കഴിയുന്ന ഒരു ലോകക്രമത്തില്‍ ഒരു രാജ്യം അതിന്റെ മേധാവിത്തം അടിച്ചേല്‍പ്പിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും? മഹാമാരിയുടെ ഈ കടുത്ത കാലത്ത് വിശേഷിച്ചും.

അമേരിക്കയുടെ ഉടക്കുകള്‍ അതിജീവിച്ച് ഇറാന്‍ കൊവിഡ് വാക്‌സിന്‍ വാങ്ങുക തന്നെ ചെയ്യുമെന്നാണ് പ്രസിഡന്റ് ഹസന്‍ റൂഹാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വാക്‌സിന്‍ സ്വന്തമാക്കുന്ന കാര്യത്തില്‍ രാജ്യത്തിന് ചില തടസ്സങ്ങളുണ്ടെന്ന് ഇറാന്‍ ജനത മനസ്സിലാക്കണമെന്നും അവക്കൊന്നും തങ്ങളെ തടയാനാകില്ലെന്നും അദ്ദേഹം പറയുന്നു. വാക്‌സിനും മരുന്നും ഭക്ഷ്യവസ്തുക്കളും മാത്രമല്ല, രാജ്യത്തിന് പുറത്തുനിന്ന് വാങ്ങുന്ന ഏത് സാധനങ്ങള്‍ക്കും യു എസ് ഉപരോധം തടസ്സം സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയുടേത് സാമ്പത്തിക ഭീകരതയാണെന്ന് റൂഹാനി കുറ്റപ്പെടുത്തി. ഇറാനില്‍ 10 ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 54,000 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഔദ്യോഗിക കണക്കിനേക്കാള്‍ ഏറെ ഗുരുതരമാണ് യാഥാര്‍ഥ്യം. ദക്ഷിണ കൊറിയയിലെ സെന്‍ട്രല്‍ ബേങ്ക് ഫണ്ട് ഉപയോഗിച്ചാണ് ഇറാന്‍ കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പണം സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് കൈമാറുന്നതിന് മുമ്പ് ഏതെങ്കിലുമൊരു അമേരിക്കന്‍ ബേങ്കിന് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നാണ് യു എസ് ട്രഷറിയുടെ വാദം. യു എന്നിന്റെയും ഡബ്ല്യു എച്ച് ഒയുടെയും മുന്‍കൈയില്‍ കൊവാക്‌സ് എന്ന പേരില്‍ വാക്‌സിന്‍ വികസിപ്പിക്കുന്നുണ്ട്. ഈ ബഹുരാഷ്ട്ര സംഭരണത്തില്‍ ഇറാന്‍ പങ്കാളിയാണ്. പക്ഷേ, ഈ വാക്‌സിന്‍ വരാന്‍ വൈകും. എല്ലാ കടമ്പകളും കടന്ന് വാക്‌സിന്‍ വന്നാലും സംഭരിക്കാനുള്ള സംവിധാനങ്ങള്‍ ഇറാനില്‍ അപര്യാപ്തമാണ്. ആയത്തുല്ലാ ഖാംനഈ സ്വതസിദ്ധമായ ശൈലിയില്‍ “യു എസ് വാക്‌സിന്‍ വേണ്ട അവരെ വിശ്വാസമില്ല” എന്നൊക്കെ ആക്രോശിക്കുന്നുണ്ട്. എന്നാല്‍ ഇറാന്‍ ജനതക്ക് ഇപ്പോള്‍ വേണ്ടത് ആവേശമല്ല, ആശ്വാസമാണ്. ഇസ്‌ലാമിക വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1979ലെ ഭരണമാറ്റത്തിന് ശേഷം ഇറാനെതിരെ നിരന്തരം ശത്രുതാപരമായ നടപടികള്‍ കൈക്കൊള്ളുകയാണ് അമേരിക്ക. എന്നാല്‍ ഇപ്പോള്‍ ഈ രണ്ട് രാജ്യങ്ങളും തുല്യദുഃഖിതരാണ്. മഹാമാരിക്ക് മുമ്പില്‍ നിസ്സഹായരാണ് ഇരുവരും. ഇപ്പോള്‍ സഹകരിക്കാനായില്ലെങ്കില്‍, കാരുണ്യം കാണിക്കാനായില്ലെങ്കില്‍ പിന്നെ എപ്പോഴാണ് സാധിക്കുക? ആണവ കരാര്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ തുടര്‍ന്നു കൊള്ളട്ടെ. ബൈഡന്റെ വിദേശ നയം വന്നുകൊള്ളട്ടെ. അതിനൊക്കെ സമയമെടുത്തോട്ടെ. എന്നാല്‍ അടിയന്തരമായി കൊവിഡ് ഡീല്‍ ഉണ്ടാകണം. അതുവഴി ഉപരോധം മറികടക്കണം. ഇറാന്‍ ജനത ഫലപ്രദമായ വാക്‌സിനും മരുന്നും അര്‍ഹിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest