വാളയാറില്‍ നീതി പുലരട്ടെ

Posted on: January 8, 2021 8:28 am | Last updated: January 8, 2021 at 2:32 pm

എട്ടുംപൊട്ടും തിരിയാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ദാരുണമായി മരിക്കാനിടയായ സംഭവത്തില്‍ നീതി തേടി അലയുന്ന വാളയാറിലെ ആദിവാസി കുടുംബത്തിന് ആശ്വാസവും പ്രതീക്ഷയുമേകുന്നതാണ് ബുധനാഴ്ചത്തെ ഹൈക്കോടതി വിധി. കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണാ കോടതി നടപടി റദ്ദാക്കിയ ഹൈക്കോടതി കേസ് പുനരന്വേഷണത്തിന് ഉത്തരവിടുകയും പുനര്‍വിചാരണക്കായി കേസ് വിചാരണാ കോടതിക്ക് കൈമാറുകയും ചെയ്തിരിക്കുകയാണ്. പ്രതികള്‍ ഈ മാസം 20ന് വിചാരണാ കോടതിയില്‍ ഹാജരാകണമെന്നും ജസ്റ്റിസ് എ ഹരിപ്രസാദ്, ജസ്റ്റിസ് എം ആര്‍ അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. കുട്ടികളുടെ മാതാവിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും അപ്പീലുകളിലാണ് ഹൈക്കോടതി ഇടപെടല്‍.

2017 ജനുവരി 13ന് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെയും മാര്‍ച്ച് നാലിന് ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസിനാസ്പദം. ആദ്യത്തെ മരണം നടന്നപ്പോള്‍ തന്നെ അതൊരു കൊലപാതകമാണെന്ന് പിതാവും മാതാവും സംശയം പ്രകടിപ്പിച്ചിരുന്നു. മുഖം മറച്ച നിലയില്‍ രണ്ട് പേര്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടതായി ഇളയകുട്ടി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് അത് ആത്മഹത്യയായി എഴുതിത്തള്ളുകയായിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടാകാമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നെങ്കിലും പോലീസ് അത് അവഗണിക്കുകയും അസ്വാഭാവിക മരണമായി രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

52 ദിവസങ്ങള്‍ക്ക് ശേഷം ഇളയ പെണ്‍കുട്ടിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതോടെ ഇത് ആത്മഹത്യയല്ലെന്നും കൊലപാതകമായിരിക്കാമെന്നുമുള്ള സംശയം ബലപ്പെട്ടു. കേസ് അട്ടിമറിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നു. ഇതോടെയാണ് അസ്വാഭാവിക മരണത്തിനൊപ്പം പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് സംശയത്തിന്റെ പേരില്‍ നാല് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും പീഡനത്തില്‍ മനംനൊന്ത് കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന നിലപാടിലായിരുന്നു അപ്പോഴും പോലീസ്. 3പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് പോക്‌സോ, ആത്മഹത്യാ പ്രേരണ, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. വിചാരണാ കോടതി തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പ്രതികളെയെല്ലാം വെറുതെ വിടുകയും ചെയ്തു. കേസന്വേഷണത്തിലെ അപാകതകളും വിചാരണാ കോടതിയുടെ പിഴവുകളും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇപ്പോള്‍ ഈ വിധി റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

കേസന്വേഷണം നടത്തിയ പോലീസിനും സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശമാണ് ഹൈക്കോടതി ഉന്നയിച്ചത്. പരമ ദയനീയമായിരുന്നു ആദ്യ ഘട്ട അന്വേഷണമെന്നും മതിയായ തെളിവുകള്‍ ശേഖരിക്കുകയോ ശാസ്ത്രീയാന്വേഷണമോ ഡി എന്‍ എ ടെസ്റ്റോ നടത്തുകയോ ചെയ്തില്ലെന്നും കോടതി കുറ്റപ്പെടുത്തി. പ്രധാനപ്പെട്ട സാക്ഷിമൊഴികളും മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യ മൊഴികളും വിചാരണാ കോടതിയില്‍ എത്തിച്ചതുമില്ല. ഇളയ കുട്ടിയുടെ മരണത്തോടെ കേസിലെ മുഖ്യ സാക്ഷി ഇല്ലാതായി. ആദ്യം കേസ് അന്വേഷിച്ച വാളയാര്‍ എസ് ഐ ജാഗ്രത കാണിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു. പോക്‌സോ നിയമ പ്രകാരം ഈ കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. പ്രോസിക്യൂഷന്‍ പാതിമനസ്സോടെയും സത്യസന്ധതയില്ലാതെയുമാണ് കൃത്യനിര്‍വഹണം നടത്തിയതെന്നും ഹൈക്കോടതി വിലയിരുത്തി. പ്രോസിക്യൂട്ടര്‍ നിയമനങ്ങളില്‍ മികവിനും കാര്യശേഷിക്കും ആത്മാര്‍ഥതക്കും അപ്പുറം രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വാളയാര്‍ കേസില്‍ അന്വേഷണ, പ്രോസിക്യൂഷന്‍ ഏജന്‍സികളുടെ ഭാഗത്തുണ്ടായ ഈ വീഴ്ചകള്‍ നീതിയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ALSO READ  അര്‍ണബും ‘അടിയന്തരാവസ്ഥ'യും

പോക്‌സോ കോടതിയുടെ വിചാരണയും പ്രഹസനമായെന്ന് ഹൈക്കോടതി വിലയിരുത്തുന്നു. തെളിവുകളുടെ അഭാവമല്ല, ശരിയായ വിചാരണയുടെ അഭാവമാണ് പ്രതികളെ വിട്ടയക്കാനിടയാക്കിയത്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ മൊഴികള്‍ പോലും അവിശ്വസിച്ചു. പരാതി നല്‍കാന്‍ വൈകിയെന്നും രണ്ടാമത്തെ പെണ്‍കുട്ടി മരിച്ച ശേഷമാണ് മൊഴി നല്‍കിയതെന്നുമാണ് ഇതിന് പോക്‌സോ കോടതി പറഞ്ഞ കാരണം. എന്നാല്‍ പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന ദുഷ്‌പേര് ഭയന്ന് ആദ്യം പരാതി നല്‍കാതിരിക്കുന്നത് പീഡനക്കേസുകളില്‍ സ്വാഭാവികമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂട്ടറുടെ വീഴ്ച തിരിച്ചറിഞ്ഞ് ജഡ്ജിക്ക് സാക്ഷികളില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയാമായിരുന്നു. അതുണ്ടായില്ല. വിധിന്യായത്തില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ കടന്നുവന്നെന്നും നീതിനിര്‍വഹണത്തില്‍ കാര്യക്ഷമത കാണിച്ചിരുന്നെങ്കില്‍ അതുണ്ടാകുമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

കേസുകളിലെ പ്രതികള്‍ സാമ്പത്തികമായോ രാഷ്ട്രീയമായോ അത്ര സ്വാധീനമുള്ളവരല്ല. എങ്കിലും അവരെ രക്ഷപ്പെടുത്താനായി ഏതോ ഉന്നത കേന്ദ്രങ്ങള്‍ ചരടുവലി നടത്തി വരുന്നതായി സംശയിക്കപ്പെടുന്നുണ്ട്. പോലീസ് അന്വേഷണത്തിലെ ഉഴപ്പലും സുപ്രധാന തെളിവുകള്‍ വിചാരണാ കോടതിയില്‍ ഹാജരാക്കാതിരുന്നതും തുടക്കത്തില്‍ കേസില്‍ ഫലപ്രദമായി ഇടപെട്ട പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി മറ്റൊരാളെ കൊണ്ടുവന്നതും ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായതുമെല്ലാം ഇതിലേക്കുള്ള വ്യക്തമായ സൂചനകളാണ്. നിലവില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കപ്പുറം ചില വമ്പന്‍ സ്രാവുകള്‍ക്ക് പീഡനത്തിലും മരണത്തിലും പങ്കുണ്ടെന്നും അവരാണ് ചരടുവലി നടത്തുന്നതെന്നും പറയപ്പെടുന്നു. പ്രതികള്‍ അനര്‍ഹമായ മാര്‍ഗത്തിലൂടെ രക്ഷപ്പെട്ടാല്‍ ഇരയെ തേടി പതുങ്ങിയിരിക്കുന്ന സമൂഹത്തിലെ ചെന്നായ്ക്കള്‍ക്ക് അത് പ്രോത്സാഹനമാകുമെന്നും ഇരകള്‍ നിസ്സഹായരായ കുട്ടികളാകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്നുമുള്ള ഹൈക്കോടതി വിധിയിലെ പരാമര്‍ശത്തിന് അടിവരയിടേണ്ടതാണ്.