കൊവിഡ് വാക്സിന്‍; സംസ്ഥാനം മുഴുവനും നാളെ ഡ്രൈ റണ്‍

Posted on: January 7, 2021 6:50 pm | Last updated: January 7, 2021 at 8:29 pm

തിരുവനന്തപുരം | സംസ്ഥാന വ്യാപകമായി നാളെ രണ്ടാംഘട്ട കൊവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) നടക്കും. ജില്ലകളിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെ 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുക. രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയാണ് ഡ്രൈ റണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കൊവിഡ് വാക്സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍.

ജനുവരി രണ്ടിന് നാല് ജില്ലകളില്‍ ആറ ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ഡ്രൈ റണ്ണിന് ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കോവിഡ് ഡ്രൈ റണ്‍ നടത്തുന്നത്. എപ്പോള്‍ വാക്സിന്‍ എത്തിയാലും കേരളം വാക്സിനേഷന് സജ്ജമാണ്. ഇതുവരെ 3,51,457 പേരാണ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്തത്. ആരോഗ്യ വകുപ്പിന് ലഭിച്ച 100 ശതമാനം പേരുടേയും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.