ബൈഡന്റെ വിജയം യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു; അധികാരം കൈമാറുമെന്ന് ട്രംപ്

Posted on: January 7, 2021 5:16 pm | Last updated: January 7, 2021 at 8:02 pm

വാഷിങ്ടണ്‍ | ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകരിച്ചു. ഇതിനു പിന്നാലെ അധികാരം ഒഴിയുകയാണെന്ന് പരസ്യാമായി ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ജനുവരി 20ന് വ്യവസ്ഥാപിതമായ രീതിയില്‍ ഭരണം കൈമാറുമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, തിരഞ്ഞെടുപ്പ് ഫലത്തില്‍ തനിക്കുള്ള വിയോജിപ്പ് ഇപ്പോഴും ഉണ്ടെന്ന് ട്രംപ് ആവര്‍ത്തിച്ചു. നിയമപരമായ വോട്ടുകള്‍ മാത്രം കണക്കാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് കാലയളവ് അവസാനിക്കുകയണെങ്കിലും അത് അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമാണെന്നും ട്രപ് അവകാശപ്പെട്ടു.

ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെ യുഎസ് ക്യാപിറ്റോളിലേക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ പ്രകടനം അക്രമാസക്തമായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ നാല് പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. അക്രമത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച യുഎസ് കോണ്‍ഗ്രസ് പിന്നീട് പുനരാരംഭിച്ച ശേഷമാണ് ജോ ബൈഡന്റെ വിജയത്തിന് അംഗീകാരം നല്‍കിയത്.

യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജകൂടിയായ കമല ഹാരിസും ജനുവരി 20-ന് അധികാരമേല്‍ക്കും.