ജാതിക്കുഴിയിലെ പ്രബുദ്ധത

Posted on: January 7, 2021 5:00 am | Last updated: January 7, 2021 at 1:07 am

മറവി എല്ലാത്തിനെയും പ്രത്യക്ഷത്തില്‍ നമ്മുടെ ബോധങ്ങളില്‍ നിന്ന് മാറ്റിവെക്കുന്നുണ്ട്. എന്നാല്‍, 2018ല്‍ ജാതിയുടെ പേരില്‍ വിധവയായി ജീവിക്കാന്‍ വിധിക്കപ്പെട്ട കെവിന്റെ ഭാര്യക്കും ഇപ്പോള്‍ അനീഷിന്റെ ഭാര്യക്കും പ്രിയപ്പെട്ടവരുടെ ഓര്‍മകളെ മറവി കൊണ്ട് മറികടക്കാന്‍ കഴിയില്ല. കാരണം, കേരളത്തിന്റെ പ്രബുദ്ധതയില്‍ നിന്നാണ് അവര്‍ക്ക് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളുടെ ഉടമകളാകേണ്ടി വന്നത്. അവരുടെ ചിന്തയില്‍ സാമൂഹിക വ്യവസ്ഥയോടുള്ള അടങ്ങാത്ത പ്രതിഷേധം കൂടിയുണ്ട്. അത് തിരിച്ചറിയുമ്പോഴാണ് ജാതിയില്ലാത്ത(?) കേരളത്തില്‍ എന്തുകൊണ്ടാണ് ഇപ്പോഴും അദൃശ്യമായ ജാതിക്കുഴികള്‍ നിലനില്‍ക്കുന്നത് എന്ന ചോദ്യം സ്വയം ചോദിക്കേണ്ടി വരുന്നത്. ദാരിദ്ര്യത്തേക്കാള്‍ ജാതി മികച്ചതാകുന്നത് എന്തുകൊണ്ടാണ്? ഉയര്‍ന്ന സാംസ്‌കാരിക ബോധവും ജീവിത പശ്ചാത്തലവും ഭൂരിപക്ഷ മനുഷ്യര്‍ക്കും അനുഭവിക്കാന്‍ കഴിയുമ്പോഴും ജാതി എങ്ങനെ അഭിമാനത്തിന്റെ പ്രത്യക്ഷ ചിഹ്നമായി നിലനില്‍ക്കുന്നു? ഇത്തരം ചോദ്യങ്ങളൊന്നും മുഖ്യധാരാ സാമൂഹിക, രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ചര്‍ച്ചയാകുന്നില്ല. അതിനു കാരണം, ഉയര്‍ന്ന ജാതിക്കാരന്റെ ജാതി സാമൂഹിക അംഗീകാരമായി അയാള്‍ക്ക് സമൂഹം സമ്മതിച്ചു കൊടുത്തിട്ടുണ്ടെന്നതാണ്. എന്നാല്‍ കീഴ്ജാതിക്കാരന് ആ പേര് അപമാനത്തിന്റെ ഒടുക്കത്തെ ഭാരമാണ് സമ്മാനിച്ചത്. ഈ യാഥാര്‍ഥ്യത്തിന്റെ മുന്നില്‍ നിന്നാണ് ജാതിക്കൊലകള്‍ പിറവിയെടുക്കുന്നത്.

2018 മാര്‍ച്ച് 22നാണ് അരീക്കോട്ടെ ആതിരയെ പിതാവ് കൊലപ്പെടുത്തിയത്. ദളിതനായ യുവാവിനെ പ്രണയിച്ചതാണ് കാരണം. അതേവര്‍ഷം മെയ് 28നാണ് കോട്ടയത്തെ ദളിത് ക്രൈസ്തവനായ കെവിന്‍ ജാതിയുടെ പേരില്‍ കൊല്ലപ്പെട്ടത്. ജാതിയില്‍ ഉയര്‍ന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്നതാണ് കാരണം. പാലക്കാട്ടെ അനീഷിനെ വെട്ടിക്കൊല്ലാനുള്ള കാരണവുമിതാണ്. അയാള്‍ വിവാഹം കഴിച്ച കുടുംബം ഉയര്‍ന്ന ജാതിയില്‍പ്പെട്ടതായിരുന്നു.

ഇതെല്ലാം ഒന്നോ രണ്ടോ ദിവസങ്ങളിലെ ചര്‍ച്ചയായി ഒതുങ്ങിപ്പോകുന്നു. എന്നാല്‍, ജാതിയുണ്ടാക്കുന്ന വിവേചനത്തിന്റെ ഇരകളെ സംബന്ധിച്ച് അതിന് തുടര്‍ച്ചകളുണ്ടായിക്കൊണ്ടേയിരിക്കുന്നു. ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടത് എന്ന രീതിയിലാണ് സമൂഹം കാണുന്നത്. എന്നാല്‍ ഈ ഒറ്റപ്പെട്ട സംഭവങ്ങളെ ജാതി മേല്‍ക്കോയ്മയെ സ്ഥാപിച്ചെടുക്കാനുള്ള അധികാരമായി ചിലര്‍ കാണുന്നുണ്ട്. അവിടെ ജാതിയുടെ ശക്തി പ്രകടമാണ്. വഴിനടക്കാനും പൊതുയിടങ്ങളിലെ കിണറില്‍ നിന്ന് വെള്ളം കുടിക്കാനും അനുവദിക്കാതിരുന്നത് ഒരു നൂറ്റാണ്ട് മുമ്പാണ്. അതിനു ശേഷം നാം പൊരുതി നേടിയ നേട്ടങ്ങളില്‍ നവോത്ഥാനവും പെടുന്നു. അവിടെ നിന്നാണ് മനുഷ്യനെ ജാതിയുടെ പേരില്‍ കൊന്നു തള്ളുന്ന അവസ്ഥയിലേക്ക് ജാതിബോധം വളര്‍ന്നത്. നാം നേടിയെന്ന് അഭിമാനിക്കുന്ന പ്രബുദ്ധത ജാതിയുടെ അടിമത്തത്തില്‍ നിന്ന് മനുഷ്യരെ മോചിപ്പിക്കാന്‍ ശക്തമായിട്ടില്ല.

കേരളീയന്‍ എന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് ലോകത്തെവിടെയുമുള്ള മലയാളികള്‍. എന്നിട്ടും കേരളത്തില്‍ ജാതി കൊലകള്‍ ഉണ്ടാകുന്നു എന്ന് പറയുന്നത് ഒരു കുറവായി പലര്‍ക്കും തോന്നാത്തത് എന്തുകൊണ്ടാണ്? എപ്പോഴും ഇത്തരം ദുരന്തങ്ങള്‍ ഇരകളുടെ സ്വകാര്യ ദുഃഖങ്ങളായി ഒതുങ്ങുന്നു. അതിനെതിരെയുള്ള പ്രതികരണം രൂപപ്പെടുത്തേണ്ടത് ഭരണകൂടമാണെന്ന് നാം കരുതുന്നു. ഭരണകൂടം സ്ഥിരപ്പെട്ടുപ്പോയ അധികാര ഘടനയുടെ ഭാഗമാണ്. അതിന്റെ താത്പര്യം വരേണ്യ മനോഭാവത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് അടിത്തട്ടിലെ ഇത്തരം വിഷയങ്ങളോട് രാഷ്ട്രീയമായി പ്രതികരിക്കണം എന്ന വാദം പ്രസക്തമാകുന്നത്. ദളിത് ചിന്തകനായ എം കുഞ്ഞാമന്റെ ഒരു നിരീക്ഷണമുണ്ട്. “ഭരണാധികാരികളല്ല സമൂഹത്തില്‍ മാറ്റം കൊണ്ടുവരുന്നത്. സാമൂഹിക ഘടനയെ ചോദ്യം ചെയ്യുന്നവരും വെല്ലുവിളിക്കുന്നവരുമാണ്. അതായത് രാഷ്ട്രീയ നേതാക്കളും ചിന്തകരും’ (എം കുഞ്ഞാമന്റെ എതിര് എന്ന പുസ്തകം – പേജ് 79). നമ്മുടെ ഉയര്‍ന്ന സാംസ്‌കാരിക ബോധത്തില്‍ നിന്നുകൊണ്ട് ഈ വിഷയത്തില്‍ എന്തുകൊണ്ടാണ് സംവാദങ്ങള്‍ നടക്കാത്തത്? അതിന് ഒരു കാരണം, എന്നോ അവസാനിച്ചു പോയ സാമൂഹിക വിവേചനമായി ജാതിയെ ബുദ്ധിജീവി മണ്ഡലം ഇപ്പോഴും കാണുന്നു എന്നതാണ്.

ഇപ്പോഴും ഹിന്ദു മതം അതിന്റെ സംഘടിത സ്വഭാവത്തില്‍ മുന്നേറ്റം നടത്തുകയാണ്. ജാതി കൊലക്ക് ഇരയാകുന്ന മനുഷ്യര്‍ ഹിന്ദുവാണ് എന്ന സത്യം പോലും മതവിശ്വാസികള്‍ മറന്നു പോകുന്നുണ്ട്. ഹിന്ദുവായാലും അതിലെ ഉയര്‍ന്ന ജാതിക്കാരനാകുമ്പോള്‍ മാത്രമാണ് ജാതി കൊല മത കാര്യമല്ലെന്ന ഒരു തിയറി ഇതിനുള്ളില്‍ നിലനില്‍ക്കുന്നുണ്ട്. ഡോ. ബി ആര്‍ അംബേദ്കര്‍ അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ജാതി ഹിന്ദുക്കളെ പൂര്‍ണമായി അസംഘടിതരാക്കുകയും അധാര്‍മികവത്കരിക്കുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞത് ഇപ്പോള്‍ പ്രസക്തമാകുകയാണ്.

ജാതി കൊല നിര്‍മിക്കുന്ന മറ്റൊരു ബോധമണ്ഡലം അപകടകരമാണ്. ജാതിയാണ് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഇഷ്ടങ്ങളെ തീരുമാനിക്കുന്നതിലെ മാനദണ്ഡം എന്നതാണ് ആ ബോധം. ഇതിനെ തിരുത്താന്‍ പ്രബുദ്ധ കേരളത്തിന് കഴിഞ്ഞില്ല. കാരണം, നമ്മുടെ പ്രബുദ്ധത എല്ലാ തലങ്ങളിലേക്കും ഇതുവരെ വ്യാപിച്ചിട്ടില്ല. ഏതൊരു സമൂഹത്തിന്റെയും വളര്‍ച്ച ആ സമൂഹത്തിലെ മുഴുവന്‍ മനുഷ്യരിലും എത്തണം. അങ്ങനെ സംഭവിക്കുന്നില്ല എന്ന യാഥാര്‍ഥ്യം കേരളത്തില്‍ നിലനില്‍ക്കുകയാണ്.

വിവാഹ ജീവിതം പാതി വഴിയില്‍ തനിച്ചാക്കിയെങ്കിലും കെവിന്റെ ഭാര്യ നീനയും അനീഷിന്റെ ഭാര്യ ഹരിതയും തുടര്‍പഠനത്തിന് തയ്യാറായി എന്നത് സമൂഹത്തിന് നല്‍കുന്ന സന്ദേശം വിലപ്പെട്ടതാണ്. ജാതി മനുഷ്യനെ ഇല്ലാതാക്കുമ്പോള്‍ അറിവുകൊണ്ട് അതിനെ മറികടക്കാനുള്ള ശ്രമങ്ങളാണിത്. നമ്മുടെ ബുദ്ധിജീവി മണ്ഡലം ജാതി ഉണ്ടാക്കിയ മനുഷ്യത്വരഹിതമായ ധാരണകളെ നിസ്സാരവത്കരിക്കുമ്പോള്‍ നീനക്കും ഹരിതക്കും കേരളത്തിലെ ജാതിക്കുഴികളെ അറിവ് കൊണ്ട് നികത്താന്‍ കഴിയട്ടെ.