Articles
അത്ര മാരകമല്ല, എങ്കിലും...

ബ്രിട്ടനില്‍ കണ്ടുപിടിക്കപ്പെട്ട പുതിയതരം കൊവിഡ് ഇന്ത്യയിലെ പല സ്ഥലങ്ങളിലും കേരളത്തിലും എത്തിപ്പെട്ട വാര്‍ത്ത നമ്മള്‍ കേട്ടിരിക്കുമല്ലോ. ഇതിനെ സംബന്ധിച്ച് പലതരം ആശങ്കകളും സംശയങ്ങളും പൊതുജനങ്ങള്‍ക്കുണ്ട്.
എന്താണ് ഈ പുതിയതരം കൊവിഡ്?
വൈറസുകളില്‍ സാധാരണ സംഭവിക്കുന്ന ഒരു കാര്യമാണ് അതിന് രൂപമാറ്റം ഉണ്ടാകുക എന്നുള്ളത്. ഇതിന് കാരണം വൈറസിന്റെ ജനിതക ഘടനയില്‍ ഉണ്ടാകുന്ന മ്യൂട്ടേഷന്‍ (ജനിതക വ്യതിയാനം) ആണ്. വൈറസുകളുടെ കാര്യത്തില്‍ മ്യൂട്ടേഷനുകള്‍ ഉണ്ടാകുക എന്നത് വളരെ സ്വാഭാവികമായ ഒരു പ്രത്യേകതയാണ്. കൊവിഡ് ഉണ്ടായ ശേഷം ആയിരത്തോളം മ്യൂട്ടേഷനുകള്‍ സംഭവിച്ചുകഴിഞ്ഞു. ഡബ്ല്യു എച്ച് ഒ പറയുന്നത്, ഇപ്പോള്‍ ലോകത്ത് പ്രധാനമായും നാല് തരം കൊവിഡ് വൈറസുകളാണ് പടരുന്നത് എന്നാണ്. ചൈനയില്‍ ഉണ്ടായ ആദ്യത്തെ കൊവിഡ് വൈറസിനു ശേഷം അതിന് പ്രധാനമായും ഒരു മ്യൂട്ടേഷന്‍ സംഭവിച്ചു. ഇത് d614g എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ മ്യൂട്ടേഷന്‍ സംഭവിച്ച ശേഷം വൈറസിന്റെ പടരാനുള്ള കഴിവ് പതിന്മടങ്ങ് വര്‍ധിക്കുകയുണ്ടായി. തന്മൂലമാണ് ഈ വൈറസ് ലോകത്താകമാനം വ്യാപിക്കാന്‍ കാരണമായത്. ഇതുകൂടാതെ ദക്ഷിണാഫ്രിക്ക, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ ചെറിയ ചില മ്യൂട്ടേഷനുകള്‍ ഉള്ള വൈറസിനെ കണ്ടെത്തുകയുണ്ടായി. ഇവക്കെല്ലാം വ്യാപന ശേഷി കുറവായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ബ്രിട്ടനില്‍ ഒരു പ്രത്യേകതരം മ്യൂട്ടേഷനുള്ള വൈറസിനെ കണ്ടെത്തുകയായിരുന്നു. SARS-cov- 2 VOC 202012/01 എന്നാണ് ഈ പുതിയ തരം വൈറസിന്റെ പേര്. ഇത് അടിസ്ഥാനപരമായി പഴയ കൊറോണ വൈറസ് തന്നെയാണ്, അല്ലാതെ ഒരു പുതിയ വൈറസ് അല്ല. വൈറസിനു ചുറ്റുമുള്ള മുള്ളു പോലെയുള്ള സ്പയ്ക് പ്രോട്ടീനുകളിലാണ് ഈ മ്യൂട്ടേഷന്‍ സംഭവിച്ചത്. നവംബര്‍ – ഡിസംബര്‍ മാസങ്ങളിലായി ബ്രിട്ടനില്‍ വളരെയധികം കൊവിഡ് കേസുകള്‍ കൂടുന്നത് കണ്ട് നടത്തിയ ജനിതക പഠനങ്ങളിലാണ് ഈ പുതിയ തരം മ്യൂട്ടേഷന്‍ കണ്ടെത്തിയത്. ഇതിനെയാണ് ബ്രിട്ടീഷ് സ്‌ട്രെയിന്‍ അല്ലെങ്കില്‍ പുതിയതരം കൊവിഡ് എന്ന് വിളിക്കുന്നത്.
കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ പ്രത്യേകത?
ഇതുവരെയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഈ പുതിയതരം കൊവിഡ് പഴയതിനേക്കാള്‍ മാരകമല്ല എന്നതുതന്നെയാണ്. എന്നാല്‍ ഇതിന്റെ സൂക്ഷിക്കേണ്ട പ്രത്യേകത, പഴയതിനേക്കാള്‍ 70 മടങ്ങ് ഇതിന് മറ്റുള്ളവരിലേക്ക് പടരാനുള്ള കഴിവ് കൂടുതലുണ്ട് എന്നുള്ളതാണ്. ഇത് കാരണം ഒരേ സമയത്ത് കൂടുതല്‍ ആളുകള്‍ രോഗബാധിതരാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ വളരെ വേഗത്തില്‍ തന്നെ ദിനംപ്രതി ഉണ്ടാകുന്ന കേസുകളുടെ എണ്ണത്തില്‍ ഭീമമായ വര്‍ധന ഉണ്ടാകാനും തന്മൂലം ആശുപത്രികള്‍ നിറഞ്ഞു കവിയാനുമുള്ള സാധ്യത വീണ്ടും ഉണ്ടാകുന്നു എന്നുള്ളതാണ്. ഈ പുതിയ തരം കൊവിഡിന്റെ മരണ നിരക്ക് മുമ്പുള്ള അത്ര തന്നെ ആയാല്‍ കൂടി ധാരാളം ആളുകളെ ഒരുമിച്ച് ബാധിക്കുമ്പോള്‍ ഗുരുതരമായ അസുഖം ഉണ്ടാക്കുന്നവരുടെ സംഖ്യ വളരെയധികമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ പുതിയ തരം വൈറസിന്റെ പ്രത്യേകത മാത്രമല്ല, ആളുകളുടെ ജാഗ്രതക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളുമൊക്കെ രോഗം കൂടുന്നതിന് കാരണമായേക്കാം.
മുമ്പ് കൊവിഡ് ബാധിച്ചവരെ ഈ പുതിയ വൈറസ് ബാധിക്കുമോ?
കൊവിഡിന്റെ ഒരു പ്രത്യേകത തന്നെ അത് വന്നവരില്‍ ഉണ്ടാകുന്ന പ്രതിരോധ ശേഷി കുറച്ചു കാലമേ നിലനില്‍ക്കൂ എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ഒരു തവണ കൊവിഡ് വന്നവരില്‍ വീണ്ടും കൊവിഡ് വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പുതിയ തരം വൈറസ് വരുന്നതോടെ മുമ്പ് കൊവിഡ് വന്നവര്‍ക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
എങ്ങനെ നാം
ഇതിനെ ചെറുക്കും?
കൊവിഡിന് ഒരു മരുന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതിനാല്‍ കൊവിഡിനെ ചെറുക്കുന്നതില്‍ നമ്മള്‍ നേരത്തേ ശീലിച്ചിരുന്ന മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍ എന്നിവ തന്നെയാണ് ഏറ്റവും പ്രധാനം. ബ്രിട്ടനില്‍ നിന്ന് വരുന്ന വിമാനങ്ങള്‍ക്ക് ഇപ്പോള്‍ ചെറിയ യാത്രാ വിലക്കുണ്ടെങ്കിലും ഇത് തുടര്‍ന്നു പോകാന്‍ പറ്റുന്ന സാഹചര്യമല്ല. വിദേശയാത്ര കഴിഞ്ഞ് വരുന്നവരെ കൃത്യമായി നിരീക്ഷിക്കണം. അവര്‍ക്ക് അണുബാധ ഉണ്ടെന്നു സ്ഥിരീകരിച്ചാല്‍ പുതിയ വൈറസ് ആണോ എന്ന് ടെസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇപ്പോഴുണ്ട്. ഇവരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കിയാല്‍ നമുക്ക് ഒരു പരിധി വരെ ഇതിനെ തടുത്തു നിര്‍ത്താന്‍ സാധിക്കും.
ഇപ്പോള്‍ വരുന്നതരത്തിലുള്ള വാക്‌സിന്‍ പുതിയ വൈറസിനെതിരെ ഫലപ്രദമാണോ?
ഇപ്പോള്‍ നമുക്ക് പലതരം വാക്‌സിനുകള്‍ കൊവിഡിനെതിരെ നിലവിലുണ്ട്. നേരത്തേയുള്ള കൊവിഡില്‍ ഒരു ചെറിയ മ്യൂട്ടേഷന്‍ മാത്രം സംഭവിച്ചതാകയാല്‍ ഈ പുതിയ തരം വൈറസിനെതിരെയും ഇപ്പോള്‍ നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് തന്നെയാണ് ഇപ്പോഴുള്ള നിഗമനം.
ഇതിനോടൊപ്പം ഓര്‍ക്കേണ്ട കാര്യം, വാക്‌സിന്‍ വന്നാല്‍ പോലും നമ്മള്‍ മാസ്‌ക് ഉപയോഗം, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍ എന്നിവ തുടര്‍ന്നു കൊണ്ടുപോകണം.
എല്ലാവര്‍ക്കും വാക്‌സിന്‍ കിട്ടുന്ന കാലം കുറച്ച് ദൂരെ ആയതിനാല്‍ ഇനിയും ഈ രോഗത്തിന്റെ ഒരു തീവ്ര രണ്ടാം ഘട്ടം ഉണ്ടായിക്കൂടെന്നില്ല. അതിന് കാരണമായേക്കാവുന്നതാണ് ഈ പുതിയ ബ്രിട്ടീഷ് സ്‌ട്രെയിന്‍. വാക്‌സിന്‍ എല്ലാവരിലേക്കും എത്തിപ്പെടുന്നത് വരെ തുടര്‍ന്നും നിതാന്തമായ ജാഗ്രത വേണം എന്നതാണ് നമ്മെ ഇത് ഓര്‍മിപ്പിക്കുന്നത്.