കൊവിഡ് വൈറസിന്റെ ഉത്ഭവം: വിദഗ്ധ സംഘത്തിന് ചൈന പ്രവേശന അനുമതി നിഷേധിച്ചു; നടപടി നിരാശാജനകമെന്ന് ലോകാരോഗ്യ സംഘടന

Posted on: January 6, 2021 4:49 pm | Last updated: January 6, 2021 at 8:33 pm

ജനീവ | കൊവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചൈനയിലേക്ക് യാത്രതിരിക്കുന്ന വിദഗ്ധ സംഘത്തിന് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ചൈന അനുമതി നല്‍കാത്തതിനെതിരെ ലോകാരോഗ്യ സംഘടന. സംഘത്തിന് അവസാന നിമിഷം അനുമതി നിഷേധിച്ച ചൈനയുടെ നടപടി ഏറെ നിരാശാജനകമാണെന്ന് ഡബ്യു എച്ച് ഒ തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസൂസ് വ്യക്തമാക്കി.

പത്തംഗ വിദഗ്ധ സംഘമാണ് വൈറസ് ഉത്ഭവത്തെക്കുറിച്ച് പഠിക്കാന്‍ ഈ ആഴ്ച ചൈനയിലേക്കെത്തുന്നത്. ഇതില്‍ രണ്ട് പേര്‍ നിലവില്‍ ചൈനയിലേക്ക് പുറപ്പെട്ടതായും മറ്റുള്ളവര്‍ക്ക് അവസാന നിമിഷം യാത്രതിരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ട്രെഡ്രോസ് പറഞ്ഞു.

അതേസമയം വിസാ ക്ലിയറന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അനുമതി ലഭിക്കാത്തതിന് കാരണമെന്ന് ലോകാരോഗ്യ സംഘടനാ അടിയന്തര വിഭാഗം ഡയറക്ടര്‍ മൈക്കില്‍ റയാന്‍ അഭിപ്രായപ്പെട്ടു. വളരെ വേഗത്തില്‍ തന്നെ ചൈന പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് കൊവിഡ് വൈറസ് ആദ്യം കണ്ടെത്തുന്നത്. പിന്നാലെ ലോകത്താകമാനം പടര്‍ന്നുപിടിച്ച വൈറസ്ബാധിച്ച് ഇതുവരെ ഏകദേശം 18 ലക്ഷത്തിലേറെ പേര്‍ മരിച്ചു. വൈറസ് വ്യാപനം ചൈന മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നും വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ ചൈനീസ് ഭരണകൂടം അടിച്ചമര്‍ത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.