തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം; വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി

Posted on: January 6, 2021 4:14 pm | Last updated: January 6, 2021 at 7:34 pm

കൊച്ചി |  സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയാറാകണമെന്നു മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം. മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇക്കാര്യവും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യവും ജാമ്യാപേക്ഷയില്‍ പറയുന്ന മറ്റ് കാര്യങ്ങളും പരസ്പര വിരുദ്ധമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ്പറഞ്ഞു. തുടര്‍ന്നാണ് മത്സരിക്കുന്നത് ജയിലില്‍ പോയിട്ടാകാമെന്ന് കോടതി വിമര്‍ശിച്ചത്. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം നല്‍കുന്നത് പരിഗണിച്ചത്. എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നു.അത് ജയിലില്‍ പോയിട്ടാകാമെന്നും കോടതി പറഞ്ഞു.

നേരത്തെ ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയുമായി കോടതിയുടെ മുന്പാകെ എത്തിയപ്പോള്‍ ജയിലില്‍ പോയശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. ഇക്കാര്യത്തിലാണ് ഇളവുതേടി അദ്ദേഹം കോടതിയെ വീണ്ടും സമീപിച്ചത്.

സംഘടനാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അപേക്ഷ പിന്‍വലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

എന്നാല്‍, ജയിലില്‍ പോയാല്‍ ജീവനോടെ തിരിച്ചുവരാന്‍ പറ്റുമെന്നു തോന്നുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും