കര്‍ഷ പ്രക്ഷോഭം: സാഹചര്യങ്ങളില്‍ പുരോഗതിയില്ല; ആശങ്കയറിയിച്ച് സുപ്രീം കോടതി

Posted on: January 6, 2021 3:49 pm | Last updated: January 6, 2021 at 7:07 pm

ന്യൂഡല്‍ഹി | ഒരു മാസത്തിലധികമായി തുടരുന്ന കര്‍ഷക സമരത്തിന് പരിഹാരാകാത്തതില്‍ ആശങ്കയറിയിച്ച് സുപ്രിംകോടതി. നിലവിലെ സാഹചര്യങ്ങളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിരീക്ഷിച്ചു. കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. കേന്ദ്ര സര്‍ക്കാറും കര്‍ഷക സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹരജികള്‍ തിങ്കളാഴ്ച പരിഗണിക്കും.അതേ സമയം ആരോഗ്യകരമായ ചര്‍ച്ച തുടരുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള ചര്‍ച്ച പ്രോത്സാഹിപ്പിക്കുകയെന്നതാണ് കോടതിയുടെ ഉദ്ദേശമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വെള്ളിയാഴ്ച ചര്‍ച്ച തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ ഹരജികളും തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. അതേസമയം, ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭ മേഖലകളില്‍ കടുത്ത ശൈത്യത്തിന് പുറമെ മഴയും തുടരുകയാണ്.