വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീലില്‍ ഇന്ന് ഹൈക്കോടതി വിധി

Posted on: January 6, 2021 7:47 am | Last updated: January 6, 2021 at 8:55 am

കൊച്ചി | വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്നും വീഴ്ചകള്‍ ഉണ്ടായെന്നാണ് പൊതുവായ വിലയരുത്തല്‍. അന്വേഷണ സംഘത്തിന്റെ വീഴ്ചക്കൊപ്പം ഉള്ള ശക്തമായ തെളിവുകള്‍ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

പുനരന്വേഷണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ച് നാല് പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടത്.
വാളയാറില്‍ 13 വയസ്സുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പതു വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.