Connect with us

Kerala

ജോസ് കെ മാണി രാജ്യസഭ എം പി സ്ഥാനം അടുത്ത ആഴ്ച രാജിവെച്ചേക്കും

Published

|

Last Updated

കോട്ടയം | കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി അടുത്ത ആഴ്ച രാജ്യസഭാ എം പി സ്ഥാനം രാജിവെച്ചേക്കും. നേരത്തെ യു ഡി എഫ് വിട്ട ഉടന്‍ ധാര്‍മികതയുടെ പേരില്‍ രാജ്യസഭ എം പി സ്ഥാനം രാജിവെക്കുമെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നം സംബന്ധിച്ച വിധി ഈ മാസം എട്ടിന് ഹൈക്കോടതിയില്‍ നിന്ന് വരാനിരിക്കുകയാണ്. ഇത് വന്ന ഉടന്‍ രാജിവെക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനമെന്ന് കേരള കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ ജോസ് ഒരുങ്ങുകയാണ്. രാജ്യസഭ എം പി സ്ഥാനം പാര്‍ട്ടിയിലെ മുതിര്‍ന്ന ഒരു അംഗത്തിന് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായിലോ, കടുത്തുരുത്തിയിലോ മത്സരിക്കാനാണ് ജോസ് കെ മാണിയുടെ നീക്കം. പാലാ തന്നെയാണ് പ്രഥമ പരിഗണന. എന്‍ സി പി യു ഡി എഫില്‍ പോകുകയും പാലായില്‍ മാണി സി കാപ്പന്‍ സ്ഥാനാര്‍ഥിയാകുകയും ചെയ്താല്‍ കടുത്ത മത്സരം തന്നെ ജോസ് നേരിടേണ്ടി വരും. ഈ സാഹചര്യത്തില്‍ കടുത്തുരുത്തി പരിഗണിക്കപ്പെടാനും സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള നേരിട്ടുള്ള ഒരു പോര് കടുത്തുരുത്തിയില്‍ കാണാന്‍ കഴിയും.

നിലവില്‍ പി ജെ ജോസഫിനൊപ്പമാണ് കടുത്തുരുത്തി എം എല്‍ എയായ മോന്‍സ് ജോസഫ്.  മോന്‍സ് തന്നെ ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ തവണ 40000ത്തിന് മുകളില്‍ വോട്ടിന്റെ ഭൂരിഭക്ഷം മോന്‍സിനുണ്ട്. ഇത് മറികടക്കുക ജോസിന് വലിയ വെല്ലുവിളിയാകും. എന്നാല്‍ പാലായേക്കള്‍ പാര്‍ട്ടിക്ക് കരുത്തുള്ളത് കടുത്തുരുത്തിയിലാണെന്നാണ് ജോസ് അനുകൂലികള്‍ പറയുന്നത്. കെ എം മാണിയോടുള്ള സ്‌നേഹവും വികാരവും വലിയ തോതില്‍ കൊണ്ടുനടക്കുന്നവരാണ് കടുത്തുരുത്തിക്കാരെന്നും ജോസ് അനുകൂലികള്‍ പറയുന്നു. മോന്‍സ് ജോസഫിനൊപ്പം നിന്നെങ്കിലും കടുത്തുരുത്തിയിലെ അണികളില്‍ ഭൂരിഭാഗവും ഒപ്പമുണ്ടെന്ന് ജോസ് അനുകൂലികള്‍ കണക്ക് കൂട്ടുന്നു.

ജോസ് കടുത്തുരുത്തിയിലേക്ക് മാറിയാല്‍ ഇടുക്കിയില്‍ നിന്ന് റോഷി അഗസ്റ്റിന്‍ പാലായിലേക്ക് മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി യു ഡി എഫിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ്. നിലവില്‍ റോഷിയുടെ സ്ഥിതി അത്ര സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ട്. യു ഡി എഫിനായി ഫ്രാന്‍സിസ് ജോര്‍ജിനെപോലെ ഒരു പരിചയ സമ്പന്നന്‍ വന്നാല്‍ റോഷി കടുത്ത മത്സരം നേരിടേണ്ടി വരും. പാലാ സ്വദേശിയായ റോഷിക്ക് അങ്ങോട്ട് മാറുന്നതിന് സമ്മതമാണെന്നാണ് റിപ്പോര്‍ട്ട്.

 

 

Latest