ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ 75 മത് ശാഖ പ്രവര്‍ത്തനമാരംഭിച്ചു

Posted on: January 4, 2021 11:35 pm | Last updated: January 4, 2021 at 11:35 pm

അബുദാബി | ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ 75 മത് ശാഖ പ്രവര്‍ത്തനമാരംഭിച്ചു. ജെബല്‍ അലി വ്യാവസായിക മേഖലയിലെ ശാഖയുടെ ഉദ്ഘാടനം യു എ ഇ ധനമന്ത്രി അബ്ദുല്ല ബിന്‍ തൗക് അല്‍ മാരി നിര്‍വഹിച്ചു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും എം ഡിയുമായ എം എ യൂസഫലി, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം ഡി അദീബ് അഹമ്മദ് എന്നിവര്‍ ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ സംബന്ധിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമിന്റെ സ്ഥാനാരോഹണത്തിന്റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ദിനം തന്നെ പുതിയ ശാഖയുടെ പ്രവര്‍ത്തനം കുറിച്ചത് സന്തോഷം പകരുന്നതാണെന്ന് അബ്ദുല്ല ബിന്‍ തൗക് പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷം കൊണ്ട് യു.എ.ഇ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു. സ്വകാര്യ പൊതു പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അക്കാലയളവിലേതു പോലെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വളര്‍ച്ചയോട് ചേര്‍ന്ന് തന്നെയാണ് ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളും. 75 ശാഖയെന്ന വലിയ നേട്ടത്തില്‍ ലുലു എക്‌സ്‌ചേഞ്ചിന് എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം അറിയിച്ചു.
യു.എ.ഇയിലെ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളാണ് ലുലു എക്‌സ്‌ചേഞ്ച് നല്‍കിവരുന്നതെന്ന് എം.എ.യൂസഫലി പറഞ്ഞു. ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഡിജിറ്റല്‍ സാങ്കേതികതയിലൂടെ എളുപ്പത്തില്‍ സേവനം ലഭ്യമാക്കുക വഴി ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടാവാനും കഴിയുന്നതായും അദ്ദേഹം പറഞ്ഞു.
ജെബെല്‍ അലിയിലെ പുതിയ ശാഖയോടെ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ആഗോള തലത്തിലെ സാന്നിധ്യം 224 ശാഖകളായി ഉയര്‍ന്നുവെന്ന് എം.ഡി.അദീബ് അഹമ്മദ് പറഞ്ഞു. ജെബല്‍ അലി പാസണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് പുതിയ ശാഖ പ്രവര്‍ത്തിക്കുന്നത്.