Connect with us

Covid19

അതിതീവ്ര കൊവിഡ് കേരളത്തിലും; ആറ് കേസുകള്‍ സ്ഥിരീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. ആറ് പേരിലാണ് ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് – ഒരു കുടുംബത്തിലെ രണ്ട്, ആലപ്പുഴ- ഒരു കുടുംബത്തിലെ 2, കോട്ടയം, കണ്ണൂര്‍ ഒന്ന് വീതവും കേസുകളാണ് കണ്ടെത്തിയത്. യു കെയില്‍ നിന്ന് എത്തിയവരാണ് ആറു പേരും. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഇവര്‍ക്ക് അതിതീവ്ര കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ഡിസംബര്‍ 14ന് ശേഷം യു കെയില്‍ നിന്ന് വന്നവരിലാണ് അതിതീവ്ര കൊവിഡ് കണ്ടെത്തിയത്. കോഴിക്കോട്ടെ കേസുകളിലൊന്ന് രണ്ട് വയസായ കുഞ്ഞാണ്.

യു കെയില്‍ നിന്ന് വന്നവരെ നിരീക്ഷണത്തിന് വിധേയമാക്കിയപ്പോള്‍ പോസിറ്റീവ് കേസുകള്‍ കിട്ടിയെങ്കിലും അതിതീവ്ര കൊവിഡ് അല്ലെന്ന റിപ്പോര്‍ട്ടാണ് ആദ്യം വന്നത്. എന്നാല്‍ ഇപ്പോള്‍ ആറ് പേരെ ബാധിച്ചിരിക്കുന്നത് പുതിയ ജനിതക മാറ്റം വന്ന കൊവിഡ് വൈറസാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ജനിതക വ്യതിയാനം സംഭവിച്ച വൈറസ് ശരീരത്തിലെത്തിയാല്‍ പെരുകാനുള്ള സാധ്യത കൂടുതലാണ്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കും വളരെ പെട്ടെന്ന് പടരും. അതിനാല്‍ വളരെ കരുതിയിരിക്കണമെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി.

യു കെയില്‍ നിന്ന് വന്ന് നിരീക്ഷണത്തില്‍ പ്രവേശിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവരുണ്ടെങ്കില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രി അറിയിച്ചു. സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിതീവ്ര കൊവിഡ് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. പ്രായമായവരിലും സാരമായ മറ്റ് അസുഖങ്ങളുള്ളവരിലുമാണ് പുതിയ കൊവിഡും ഗുരുതരാവസ്ഥയുണ്ടാക്കുക. എന്നാല്‍, ഭയത്തിന്റെ ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.