2020 | കൊവിഡിൽ മുങ്ങിയ കായിക ലോകം

Posted on: December 31, 2020 4:49 pm | Last updated: December 31, 2020 at 4:49 pm


കൊവിഡ് വൈറസ് കാരണം 2020 സ്പോർട്സ് സീസണിൽ വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് നടന്നത്. മാർച്ച് പകുതിയോടെ തന്നെ ഒട്ടേറെ മത്സരങ്ങൾ റദ്ദാക്കിത്തുടങ്ങി. പിന്നീട് മാസങ്ങളുടെ ഇടവേളക്ക് ശേഷം ആഗസ്റ്റിലാണ് മത്സരങ്ങൾക്ക് ഇത്തിരിയെങ്കിലും ചലനമുണ്ടായത്. പൂർണ തോതിൽ മത്സരങ്ങൾ ഇപ്പോഴും തിരികെ വന്നിട്ടില്ല എന്ന നിരാശയും കായിക പ്രേമികളിലുണ്ട്. സ്്കൂൾ അത്്ലറ്റിക് മീറ്റ് മുതൽ നാട്ടിൻ പുറങ്ങളിലെ സെവൻസ് ഫുട്ബോൾ മത്സരങ്ങൾ പോലും നടക്കാതെ പോയ ഒരു വർഷം കൂടിയാണ് 2020. എന്നാലും ചില ശ്രദ്ധേയ വാർത്തകളും കായിക ലേകത്തുണ്ടായി. ഒളിമ്പിക്സും യൂറോ കപ്പും കോപ അമേരിക്കയും നടക്കാതെ പോകുകയും ചെയ്തു.

ജനുവരി, ഫെബ്രുവരി, മാർച്ച്

• ഇന്ത്യൻ ബോൾട്ട് ശ്രീനിവാസ് ഗൗഡയുടെ റെക്കോർഡ് മറികടന്ന് മറ്റൊരു കമ്പള ഓട്ടക്കാരൻ. ഉഡുപ്പിക്ക് സമീപമുള്ള ബജഗോലി സ്വദേശിയായ നിശാന്ത് ഷെട്ടിയാണ് പുത്തൻ താരമായത്. നൂറ് മീറ്റർ ദൂരം 9.51 സെക്കൻഡിനുള്ളിലാണ് നിശാന്ത് മറികടന്നത്.

• ഐ സി സി അണ്ടർ- 19 ലോകകപ്പിൽ ഇന്ത്യയെ കീഴടക്കി ബംഗ്ലാദേശ് ചാമ്പ്യന്മാരായി. ക്രിക്കറ്റിൽ ബംഗ്ലാദേശിന്റെ ആദ്യ ലോകകപ്പ് കിരീടമാണിത്.

•ഐ സി സി വനിതാ ടി20 ലോകകപ്പിൽ ആസ്്ത്രേലിയ ചാമ്പ്യന്മാരായി. മാർച്ചിൽ അന്താരാഷ്ട്ര വനിതാ ദിനത്തിലായിരുന്നു കിരീട ധാരണം. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ 86,000 പേർ മത്സരം കാണാനെത്തിയിരുന്നു. ഫൈനലിൽ ഇന്ത്യയെയാണ് തോൽപ്പിച്ചത്.

ജൂൺ, ജൂലൈ

• ജൂണിൽ ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി. പ്രീമിയർ ലീഗ് യുഗം (1992) ആരംഭിച്ചതിന് ശേഷം ലിവർപൂളിന്റെ ആദ്യ ലീഗ് കിരീടം. ഏഴ് മത്സരങ്ങൾ ശേഷിക്കെയാണ് ലിവർപൂൾ ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ പതിനെട്ട് പോയിന്റിന്റെ ലീഡ്.

•കൊവിഡ് മഹാമാരിക്കിടെ നടന്ന ഇംഗ്ലണ്ട്- വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പര ശ്രദ്ധേയമായി. ജൂലൈയിൽ പൂർത്തിയായ പരമ്പര ഇംഗ്ലണ്ട് 2-1ന് ജയിച്ചു. കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനമില്ലായിരുന്നു. പന്തിൽ ഉമിനീര് പുരട്ടുന്നതിന് വിലക്ക് ഏർപ്പെടുത്തിയും ഹസ്തദാനം ഒഴിവാക്കിയുമായിരുന്നു പരമ്പര സംഘടിപ്പിച്ചത്.

• ചൈനയുടെ ഇതിഹാസ ബാഡ്മിന്റൺ താരം ലിൻഡാൻ വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ട് ഒളിന്പിക്സ് സ്വർണം നേടിയിട്ടുള്ള ലിൻഡാൻ 36ാം വയസ്സിലാണ് കോർട്ടിനോട് വിട പറയുന്നത്.

ആഗസ്റ്റ്

• ഓൺലൈൻ ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയും റഷ്യയും സംയുക്ത ചാമ്പ്യന്മാരായി. ഫൈനലിനിടെ ഇന്റർനെറ്റ് സംവിധാനം താറുമാറായതിനെ തുടർന്നാണ് സംയുക്ത ജേതാക്കളെ പ്രഖ്യാപിച്ചത്.

• യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരിൽ പി എസ് ജിയെ ഒരു ഗോളിന് തോൽപിച്ച് ബയേൺ മ്യൂണിക്കിന് ആറാം കിരീടം.

• ദ്രോണാചാര്യ പുരസ്‌കാര ജേതാവും അത്്ലറ്റിക്‌സ് പരിശീലകനുമായ പുരുഷോത്തം റായ് (79) അന്തരിച്ചു.

ALSO READ  2020 - 'ആപ്പി'ലായ വർഷം

സെപ്‌തംബർ

•സ്വീഡിഷ് പോൾ വാൾട്ടർ ഔട്ട്ഡോർ ലോക റെക്കോർഡിട്ടു. റോമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആറ് മീറ്ററും പതിനഞ്ച് സെന്റിമീറ്ററും ഉയരം കണ്ടെത്തിയാണ് 26 വർഷം പഴക്കമുള്ള സെർജി ബുബ്കയുടെ ലോകറെക്കോർഡ് അർമാൻഡ് ഡുപ്ലാന്റിസ് തകർത്തത്.

•യു എസ് ഓപൺ ടെന്നീസ് വനിതാ വിഭാഗത്തിൽ ജപ്പാൻതാരം നവോമി ഒസാക്ക ചാമ്പ്യനായി. ഫൈനലിൽ ബെലാറസ് താരം വിക്ടോറിയ അസരൻകയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് മറികടന്നത്. ഒസാക്കയുടെ മൂന്നാം ഗ്രാൻസ്ലാം കിരീടവും രണ്ടാം യു എസ് ഓപൺ കിരീടവുമാണിത്.

• യു എസ് ഓപൺ ആസ‌്ത്രിയൻ താരം ഡൊമിനിക് തീമിന്. അഞ്ച് സെറ്റ് നീണ്ട ത്രസിപ്പിക്കുന്ന പോരിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ തോൽപ്പിച്ചാണ് തീം ആദ്യ ഗ്രാൻഡ്സ്ലാം നേടിയത്. സ്‌കോർ 2-6, 4-6, 6-4, 6-3, 7-6. ആദ്യ രണ്ട് സെറ്റും നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു തീമിന്റെ തിരിച്ചുവരവ്. അവസാന സെറ്റിൽ ടൈബ്രേക്കിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. ഇതിന് മുമ്പ് രണ്ട് ഗ്രാൻഡ്സ്ലാം ഫൈനലുകൾ കളിച്ചിട്ടുള്ള താരമാണ് തീം.

ഒക്ടോബർ

• ഒക്ടോബറിന്റെ തുടക്കത്തിൽ ടെന്നീസിൽ റാഫേൽ നദാൽ പുതുചരിതം കുറിച്ചു. ഫ്രഞ്ച് ഓപൺ പതിമൂന്നാം തവണയും നേടിയ നദാൽ റോജർ ഫെഡററുടെ ഇരുപത് ഗ്രാൻസ്ലാം റെക്കോർഡിനൊപ്പമെത്തി. ലോക ഒന്നാം നമ്പർ നൊവാക് ജൊകോവിചിനെയാണ് ഫൈനലിൽ തോൽപ്പിച്ചത്.

• എഫ് വൺ കാർ റേസിൽ മൈക്കൽ ഷുമാക്കറുടെ 91 വിജയങ്ങളുടെ ലോക റെക്കോർഡ് ബ്രിട്ടന്റെ ലൂയിസ് ഹാമിൽട്ടൺ പഴങ്കഥയാക്കി. ഏഴ് തവണ വേൾഡ് ഡ്രൈവേഴ്സ് ചാമ്പ്യനായ ഇതിഹാസം മൈക്കൽഷുമാർക്കർക്കൊപ്പമെത്താനും ഹാമിൽട്ടണിന് സാധിച്ചു.

• ഫ്രഞ്ച് ഓപൺ വനിതാ സിംഗിൾസിൽ പുതിയ ചരിത്രം കുറിച്ച് പോളണ്ടിന്റെ ഇഗ സ്വിയാതെക് കിരീടം ചൂടി. ഫൈനലിൽ അമേരിക്കൻ താരം സോഫിയ കെനിനെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയാണ് ഇഗയുടെ കിരീടധാരണം. 2017ൽ ലാത്വിയൻ താരം ജെലേ ഒസ്റ്റാപെൻകോയാണ് ഇഗക്ക് മുമ്പ് സീഡില്ലാതെ എത്തിയ ഫ്രഞ്ച് ഓപണിൽ കിരീടം നേടിയത്. ഫ്രഞ്ച് ഓപണെത്തുമ്പോൾ 54ാം റാങ്കുകാരിയായിരുന്നു ഇഗ. 1975ന് ശേഷം ഇത്രയും കുറഞ്ഞ റാങ്കിലുള്ള താരം ചാമ്പ്യനാകുന്നതും ഇതാദ്യമാണ്.

നവംബർ

• ഡബ്ല്യു ഡബ്ല്യു ഇ പ്രേമികളെ മൂന്ന് പതിറ്റാണ്ടു കാലം ത്രസിപ്പിച്ച ഇതിഹാസ താരം അണ്ടർടേക്കർ(മാർക് വില്യം കലവെ) റിമഗിൽ നിന്ന് പടിയിറങ്ങി.
30 വർഷം നീണ്ട ഐതിഹാസിക കരിയറിനൊടുവിലാണ് 55 വയസ്സുകാരനായ സൂപ്പർ താരം വിരമിച്ചത്. ഏഴ് തവണ ലോക ചാമ്പ്യനായപ്പോൾ ആറ് തവണ ടാഗ് ടീം ചാമ്പ്യൻഷിപ്പ് നേട്ടവും പേരിലായി.

• മുംബൈ ഇന്ത്യൻസ് ഐ പി എൽ ചാമ്പ്യന്മാരായി. ദുബൈയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഡൽഹി കാപ്പിറ്റൽസിനെയാണ് ഫൈനലിൽ തോൽപ്പിച്ചത്. മുംബൈയുടെ അഞ്ചാം കിരീടമാണിത്.
ചെന്നൈ സൂപ്പർ കിംഗ്സിന് ശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമാകാനും മുംബൈക്ക് സാധിച്ചു. അഞ്ച് കിരീട നേട്ടത്തിലും നായകൻ രോഹിത് ശർമയായിരുന്നു.

ALSO READ  2020 | ട്രംപിനെ ഇറക്കിവിട്ട വർഷം

ഡിസംബർ

• ആസ്്ത്രേലിയക്കെതിരായ അഡ്്ലെയ്ഡ് ടെസ്റ്റിൽ 36 റൺസിന് ഇന്ത്യ ആൾ ഔട്ടായി. ടെസ്റ്റ് എട്ട് വിക്കറ്റിന് ആസ്്ത്രേലിയ വിജയിച്ചു. ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറായിരുന്നു ഒന്നാം ഇന്നിംഗ്സിലേത്. 1974 ൽ ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ 42ന് ആൾ ഔട്ടായതിലും വലിയ നാണക്കേടാണ് വീരാട് കോലിക്കും സംഘത്തിനും സംഭവിച്ചത്.

• ആസ്്ത്രേലിയക്കെതിരായ മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങി ഇന്ത്യക്ക് വിജയം സമ്മാനിച്ച രവീന്ദ്ര ജഡേജ മറ്റൊരു അപൂർവനേട്ടത്തിന് കൂടി ഉടമയായി. മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കായി ഇറങ്ങിയതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി 50 മത്സരങ്ങൾ വീതം കളിക്കുന്ന മൂന്നാമത്തെ മാത്രം കളിക്കാരനെന്ന ചരിത്രനേട്ടമാണ് ജഡേജ സ്വന്തമാക്കിയത്. എം എസ് ധോണിയും വീരാട് കോലിയും മാത്രമാണ് ജഡേജക്ക് മുമ്പ് ഈ നേട്ടം കൈവരിച്ച രണ്ട് താരങ്ങൾ.

• ഐ സി സിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിക്ക്. 2011 ഇംഗ്ലണ്ട് പര്യടനത്തിൽ നോട്ടിംഗ്ഹാം ടെസ്റ്റിൽ ഇയാൻ ബെൽ റണ്ണൗട്ടായിട്ടും ധോണി തിരിച്ചുവിളിച്ചിരുന്നു. ഈ സംഭവമാണ് ധോനിയെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരത്തിന് അർഹനാക്കിയത്. ക്രിക്കറ്റ് പ്രേമികളുടെ ഹിതത്തിന്റെ അടിസ്ഥാനത്തിലാണ് ധോണി അവാർഡ് സ്വന്തമാക്കുന്നത്.

• ഐ സി സി പുരസ്‌കാരങ്ങളിൽ വനിതകൾക്കുള്ള എല്ലാ അവാർഡുകളും വാരിക്കൂട്ടി ആസ്്ത്രേലിയൻ വിസ്മയം എലിസ് പെറി. പതിറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ താരത്തിന് പുറമെ ഏകദിനത്തിലെയും ടി20യിലേയും മികച്ച താരത്തിനുള്ള പുരസ്‌കാരവും പെറിക്കായിരുന്നു.

• ഐ സി സിയുടെ പതിറ്റാണ്ടിലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ഗാർഫീൽഡ് സോബേഴ്‌സ് ട്രോഫി ഇന്ത്യൻ നായകൻ വീരാട് കോലിക്ക്. ഇന്ത്യയുടെ ആർ അശ്വിൻ, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ശ്രീലങ്കയുടെ കുമാർ സംഗക്കാര, ആസ്്ത്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സ്, ന്യൂസിലാൻഡിന്റെ കെയ്ൻ വില്യംസൺ എന്നിവരെ മറികടന്നാണ് കോലിയുടെ നേട്ടം.