Connect with us

Kerala

സംഷാദ് മരക്കാര്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്;സ്ഥാനമെത്തിയത് നറുക്കെടുപ്പിലൂടെ

Published

|

Last Updated

കല്‍പ്പറ്റ  | വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഐ എന്‍ സിയിലെ സംഷാദ് മരക്കാര്‍ (മുട്ടില്‍ ഡിവിഷന്‍ അംഗം) തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് സംഷാദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. മത്സര രംഗത്തുണ്ടായിരുന്ന സംഷാദ് മരക്കാര്‍, സിപിഎമ്മിലെ സുരേഷ് താളൂര്‍ (അമ്പലവയല്‍ ഡിവിഷന്‍ അംഗം) എന്നിവര്‍ക്ക് വോട്ടെടുപ്പില്‍ തുല്യവോട്ടു ലഭിച്ചതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.

സംഷാദ് മരക്കാറിനെ എം മുഹമ്മദ് ബഷീര്‍ (പടിഞ്ഞാറത്തറ) നാമനിര്‍ദ്ദേശം ചെയ്യുകയും ഉഷ തമ്പി (പുല്‍പ്പള്ളി) പിന്താങ്ങുകയും ചെയ്തു. സുരേഷ് താളൂരിനെ ജുനൈദ് കൈപ്പാണി (വെള്ളമുണ്ട) നാമനിര്‍ദ്ദേശം ചെയ്യുകയും ബിന്ദു പ്രകാശ് (പനമരം) പിന്താങ്ങുകയും ചെയ്തു.

വിജയിച്ച സംഷാദ് മരക്കാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിലെത്തി അദ്ദേഹം ചുമതലയേറ്റു.

വോട്ടെടുപ്പിനും നറുക്കെടുപ്പിനും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല, ഉപവരണാധികാരിയായ എ ഡി എം. കെ അജീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എം ഷൈജു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ ജയപ്രകാശ്, മറ്റ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest