Connect with us

Pathanamthitta

പത്തനംതിട്ടയില്‍ എസ് ഡി പി ഐ ബന്ധം നിഷേധിച്ച് ചെയര്‍മാനും ഉപാധ്യക്ഷയും

Published

|

Last Updated

പത്തനംതിട്ട | നഗരസഭയില്‍ എസ് ഡി പി ഐ ബന്ധം നിഷേധിച്ച് ചെയര്‍മാനും ഉപാധ്യക്ഷയും. സുസ്ഥിരമായ ഭരണം ആഗ്രഹിച്ചതിനാലാണ് മൂന്ന് സ്വതന്ത്ര അംഗങ്ങളും എല്‍ ഡി എഫിനു പിന്തുണ നല്‍കിയതെന്ന് പത്തനംതിട്ട പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് നഗരസഭ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു,

സ്വതന്ത്രരുടെ പിന്തുണ ഉപാധിരഹിതമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.   എസ് ഡി പി ഐ അംഗങ്ങളുടെ പിന്തുണ എല്‍ ഡി എഫ് തേടിയിട്ടില്ല. ആമീന  ഹൈദലരി സ്വതന്ത്രയായി മല്‍സരിച്ച് വിജയിച്ച അംഗമാണ്. വോട്ടെടുപ്പില്‍ നിന്നും എസ് ഡി പി ഐ അംഗങ്ങള്‍ വിട്ടു നില്‍ക്കുകയായിരുന്നു.  ആമിന എസ് ഡി പി ഐ കൗണ്‍സിലറായിരുന്നുവെങ്കില്‍ അവര്‍ വോട്ടു ചെയ്യുമായിരുന്നു. ഒരു പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനു വിവിധ ഘട്ടങ്ങളില്‍ നല്‍കിയ ഫോറത്തില്‍ ആമിന വ്യക്തമാക്കിയിട്ടുണ്ട്. നഗരത്തിന്റെ വികസനത്തിന് സ്ഥിരതയുള്ള ഭരണം  ആവശ്യമാണ്.  അതു മുന്നില്‍ക്കണ്ടാണ് തങ്ങള്‍ നീങ്ങിയതെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

തനിക്ക് എസ് ഡി പി ഐയുമായി ഒരു ബന്ധവുമില്ലെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരലി  പറഞ്ഞു. കോണ്‍ഗ്രസുകാരിയായിരുന്നു താന്‍. എന്നാല്‍ ഇന്നിപ്പോള്‍ സ്വതന്ത്രയാണ്. മനുഷ്യത്വം മാത്രമാണ് താന്‍ മുന്നില്‍കണ്ടിട്ടുള്ളത്. 21 ാം വാര്‍ഡിലെ ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് താന്‍ മത്സരിച്ചത്. ഇതില്‍ കോണ്‍ഗ്രസ് തന്നെ വഞ്ചിച്ചുവെന്നോ തന്നില്‍ നിന്നു പണം ആവശ്യപ്പെട്ടതായോ താന്‍ പറയുന്നില്ല. സ്വതന്ത്രയായി മത്സരിച്ച തനിക്ക് പല ഭാഗത്തുനിന്നും പിന്തുണ ലഭിച്ചിട്ടുണ്ട്. അതില്‍ വിവിധ രാഷ്ട്രീയകക്ഷികളുണ്ടാകാം. മാലയിട്ടവരുടെ രാഷ്ട്രീയം നോക്കിയല്ല, മത്സരിച്ചതെന്നും ആമിന പറഞ്ഞു.  നഗരത്തിന്റെ എല്ലാ മേഖലയിലും വികസനം എത്തണമെന്ന താത്പര്യം മാത്രമാണുള്ളത്. സുസ്ഥിരമായ ഭരണവും വികസന കാഴ്ചപ്പാടുകളും എല്‍ ഡി എഫിനാണുള്ളതെന്നു മനസിലാക്കിയാണ് അവരോടൊപ്പം നില്‍ക്കുന്നതെന്നും ആമിന പറഞ്ഞു.