ന്യൂഡല്‍ഹി | രാജ്യത്തുണ്ടായ കൊവിഡ്- 19 മരണങ്ങളില്‍ 70 ശതമാനവും പുരുഷന്മാരാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 60 വയസ്സും അതിന് മുകളിലുള്ളവരാണ് മരിച്ച 55 ശതമാനം പേരും. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളില്‍ 63 ശതമാനവും പുരുഷന്മാര്‍ക്കാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
ആറ് മാസത്തിന് ശേഷം നിലവിലുള്ള പ്രതിദിന കൊവിഡ് കേസുകള്‍ 17,000ന് താഴെയാണ്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2.7 ലക്ഷത്തില്‍ താഴെയുമാണ്. പോസിറ്റിവിറ്റി നിരക്ക് 2.5 ശതമാനവും വര്‍ധന നിരക്ക് 6.02 ശതമാനവുമാണ്.
പ്രതിദിന മരണ നിരക്ക് നിലവില്‍ 300ന് താഴെയാണ്. 17 വയസ്സിന് താഴെയുള്ളവരിലെ രോഗ നിരക്ക് എട്ട് ശതമാനവും 18- 25 പ്രായക്കാരിലെത് എട്ട് ശതമാനവുമാണ്. 26- 44 പ്രായക്കാരിലെ രോഗം 39ഉം 45- 60 പ്രായക്കാരിലെത് 26ഉം 60 വയസ്സിന് മുകളിലുള്ളവരിലേത് 14ഉം ശതമാനമാണ്.