Connect with us

Kerala

കുഞ്ഞാലിക്കുട്ടിയുടെ അരമന സന്ദര്‍ശനം തുടരുന്നു; മലങ്കര കത്തോലിക്ക സഭ അധ്യക്ഷനുമായി കൂടിക്കാഴ്ച

Published

|

Last Updated

തിരുവന്തപുരം | മലങ്കര കത്തോലിക്ക സഭ അധ്യക്ഷന്‍
കര്‍ദിനാല്‍ മാര്‍ ബസേലിയോസ് ക്ലിമിസുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ സഭ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു. ന്യൂനപക്ഷങ്ങളെ യു ഡി എഫിനൊപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് കാരണം ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം യു ഡി എഫിനോട് അകന്നതാണെന്നും വിലയിരുത്തലുണ്ടായിരുന്നു.

ഏത് മതലേധ്യക്ഷന്‍മാരേയും നേരിട്ട് കണ്ട് ചര്‍ച്ച നടത്തുമെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ലീഗിന്റേയും യു ഡി എഫിന്റേയും പാരമ്പര്യം അതാണ്. സൗഹൃദം പുതുക്കുന്നതിനൊപ്പം തന്റെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയവും വിഷയമാണ്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം അദ്ദേഹവുമായി ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ക്രിസ്മസ് ദിനത്തില്‍ താമരശ്ശേരി രൂപത അധ്യക്ഷനുമായി കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.

യു ഡി എഫിന്റെ നേതൃത്വത്തില്‍ ലീഗ് പിടിമുറുക്കുന്നതായ ആരോപണത്തിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ സന്ദര്‍ശനങ്ങള്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് വര്‍ഗീയ കക്ഷിയായ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയത് മധ്യകേരളത്തില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്തിരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ലീഗ് മുന്‍കൈ എടുത്ത് ജമാഅത്തുമായി ബന്ധമുണ്ടാക്കിയത്. കൂടാതെ ഹഗിയ സോഫിയ വിഷയത്തില്‍ ലീഗ് എടുത്ത നിലപാടും ക്രൈസ്തവ വിഭാഗക്കാര്‍ക്കിടയില്‍ വലിയ അതൃപ്തിക്കിടയാക്കിയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് പരമാവധി അകല്‍ച്ച കുറക്കുക എന്ന ലക്ഷ്യമിട്ട് കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങള്‍.

---- facebook comment plugin here -----

Latest