Editorial
പെണ്‍ജീവനുകളും വിലപ്പെട്ടതാണ്

സ്വത്തിനു വേണ്ടി ജീവിത പങ്കാളികളെ നിഷ്‌കരുണം കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. കൂടത്തായി കൊലപാതക പരമ്പര, അഞ്ചലിലെ ഉത്ര വധം, തിരുവനന്തപുരം ശാഖാകുമാരി വധം എന്നിവ ഈ ഗണത്തില്‍ ചിലത് മാത്രം. സ്വത്ത് കൈക്കലാക്കാനായിരുന്നു കൂടത്തായിയിലെ ജോളി ഭര്‍ത്താവായ റോയ് തോമസിനെ സയനൈഡ് നല്‍കി കൊന്നത്. അടൂര്‍ പാറക്കോട് കാരക്കല്‍ സ്വദേശി സൂരജ്, ഭാര്യ അഞ്ചല്‍ ഏറം സ്വദേശിനി ഉത്രയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത് ഭാര്യയുടെ സ്വത്തും ആഭരണവും സ്വന്തമാക്കാനായിരുന്നു. ഭിന്നശേഷിക്കാരിയായിരുന്നു ഉത്ര. അതേസമയം അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ സന്തതിയും. ഉത്രയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായോ ഒരു ജീവിത പങ്കാളിയെന്ന നിലയിലോ ആയിരുന്നില്ല ഉത്രയെ സൂരജ് വിവാഹം ചെയ്തത്. അവരുടെ സ്വത്തിലായിരുന്നു കണ്ണ്. നൂറ് പവനോളം സ്വര്‍ണവും ഏഴ് ലക്ഷം രൂപ വിലയുള്ള കാറും സ്ത്രീധനമായി കൈപറ്റിയ സൂരജ് പലപ്പോഴായി കുടുംബത്തില്‍ നിന്ന് ധാരാളം പണവും കൈക്കലാക്കി. സ്ത്രീധനമായി കിട്ടിയ സ്വത്തുവഹകള്‍ നഷ്ടമാകാതെ ഉത്രയെ ഒഴിവാക്കാനായിരുന്നു ഒടുവില്‍ ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട് കൊത്തിച്ചത്.
രണ്ട് ദിവസം മുമ്പ്, ശനിയാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം വെള്ളറട ത്രേസ്യാപുരം ശാഖാകുമാരിയെ സ്വന്തം വീട്ടില്‍ ഷോക്കേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്. കാലത്ത് അഞ്ച് മണിക്ക് ഉണര്‍ന്ന് ദീപാലങ്കാരം എടുത്തുമാറ്റുന്നതിനിടെ, ക്രിസ്മസ് വിളക്കുകള്‍ തൂക്കാന്‍ കണക്്ഷന്‍ എടുത്ത വയറില്‍ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് അരുണ്‍ അയല്‍ക്കാരോടും പോലീസിനോടും പറഞ്ഞത്. എന്നാല്‍ അരുണ്‍ ഷോക്കേറ്റ വിവരം അയല്‍ക്കാരെ അറിയിക്കുന്നത് ഒരു മണിക്കൂര്‍ കഴിഞ്ഞ് ആറ് മണിക്കും. ഷോക്കേറ്റ ഉടനെ ആശുപത്രിയിലെത്തിച്ച് രക്ഷിക്കാനുള്ള ശ്രമം നടത്താത്തതെന്തെന്ന പോലീസിന്റെ ചോദ്യത്തിന് ഉറങ്ങിപ്പോയെന്ന മറുപടിയും നല്‍കി. സംശയം തോന്നിയ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മീറ്റര്‍ ബോര്‍ഡില്‍ നിന്ന് വൈദ്യുതി നേരിട്ടെടുത്ത് അരുണ്‍ തന്നെയാണ് ശാഖയെ ഷോക്കടിപ്പിച്ചു കൊന്നതെന്ന കാര്യം വെളിപ്പെട്ടത്.
രോഗിയായ അമ്മയോടൊപ്പം ആഡംബര വീട്ടില്‍ തനിച്ചു താമസിക്കുന്ന ശാഖക്ക് പത്ത് ഏക്കറോളം റബ്ബര്‍ തോട്ടമുണ്ട്. ഇവ സ്വന്തമാക്കുകയായിരുന്നുവത്രെ വിവാഹത്തിലൂടെ അരുണ്‍ ലക്ഷ്യമാക്കിയത്. വിവാഹച്ചെലവുകള്‍ക്കായി 10 ലക്ഷത്തോളം രൂപ ശാഖാകുമാരിയില്‍ നിന്ന് അരുണ്‍ നേരത്തേ കൈക്കലാക്കിയിരുന്നു. ഭാര്യയുടെ പ്രായക്കൂടുതല്‍ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ പുറത്ത് നിന്നാരെയും പങ്കെടുപ്പിക്കാതെ ചെറിയ തോതിലുള്ള വിവാഹ ചടങ്ങാണ് സംഘടിപ്പിച്ചത്. വിവാഹ സത്കാര വേളയില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ശാഖാകുമാരിയുടെ ചില ബന്ധുക്കളുമായി അരുണ്‍ വഴക്കിടുകയുമുണ്ടായി. അതിനിടെ വിവാഹ ചിത്രം ശാഖ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. അരുണിന് ഇത് ഇഷ്ടപ്പെട്ടില്ല. ഭാര്യയുടെ പ്രായക്കൂടുതല്‍ കണ്ട് കൂട്ടുകാര്‍ തന്നെ കളിയാക്കുന്നുവെന്ന് പറഞ്ഞ് അരുണ്‍ ശാഖയുമായി വഴക്കിട്ടിരുന്നുവത്രെ. ഈ വഴക്കിന്റെ തുടര്‍ച്ചയായിരുന്നു കൊലപാതകമെന്ന് പോലീസ് പറയുന്നു.
ഭൗതിക ജീവിതത്തെ ഹൃദ്യമാക്കുന്ന സുപ്രധാന ഘടകമാണ് വിവാഹം. സംതൃപ്തമായ കുടുംബ ജീവിതത്തിന് പങ്കാളിയെ വരിക്കുന്ന പവിത്ര കര്‍മമാണത്. മനുഷ്യ ജീവിതം പൂര്‍ണമാകുന്നത് ഇണയെ വരിക്കുന്നതിലൂടെയാണ്. പ്രയാസ ഘട്ടങ്ങളില്‍ താങ്ങാകാന്‍, ദുഃഖ വേളകളില്‍ സമാധാനിപ്പിക്കാന്‍, ആഹ്ലാദ വേളകളില്‍ മനസ്സറിഞ്ഞ് സന്തോഷിക്കാനുള്ള ഒരു കൂട്ട്. രണ്ട് വ്യത്യസ്ത കുടുംബങ്ങളില്‍ നിന്ന് വന്നെത്തിയവരെങ്കിലും വിവാഹിതരാകുന്നതോടെ ഒരു ശരീരം കണക്കെ ഇഴുകിച്ചേരുന്നു ഇരുവരും. അത് സാധ്യമാകുന്നിടത്താണ് വിവാഹം അര്‍ഥപൂര്‍ണമാകുന്നത്. ഇന്ന് പക്ഷേ, വിവാഹ ബന്ധത്തിന്റെ അര്‍ഥതലങ്ങള്‍ക്കും ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കും മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. കമ്പോള വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായ ആധുനിക ലോകത്ത് കേവലം ഒരു കച്ചവടം മാത്രമാണ് പലര്‍ക്കും വിവാഹം. സ്വത്തും വീടും വാഹനങ്ങളും സമ്പാദിക്കാനുള്ള എളുപ്പ മാര്‍ഗമായാണ് ചിലര്‍ ഇതിനെ കാണുന്നത്. വിദ്യാസമ്പന്നരെന്നോ ഉദ്യോഗസ്ഥരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ല ഇക്കാര്യത്തില്‍. കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ സ്ത്രീധനത്തെച്ചൊല്ലി സിന്ധുശര്‍മ എന്ന മുപ്പതുകാരിയെ, വിദ്യാസമ്പന്നനായ ഭര്‍ത്താവും റിട്ട. ഹൈക്കോടതി ജഡ്ജിയായ ഭര്‍തൃപിതാവും മാതാവും ചേര്‍ന്ന് മര്‍ദിക്കുന്ന രംഗം സി സി ടി വി ദൃശ്യമടക്കം മാധ്യമങ്ങളില്‍ വന്നതാണ്. നാല് വര്‍ഷമായി ഭര്‍തൃകുടുംബം തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് സിന്ധുശര്‍മ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ മെയില്‍ പത്തനംതിട്ടയില്‍ കൊടുമണ്‍ സ്റ്റേഷനിലെ പോലീസുകാരന്റെ ഭാര്യ ആത്മഹത്യ ചെയ്തത് സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭര്‍ത്താവിന്റെ നിരന്തര പീഡനം സഹിക്കവയ്യാതെയായിരുന്നു. നാല് വര്‍ഷം മുമ്പ് കേന്ദ്ര വനിതാക്ഷേമ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം സ്ത്രീപീഡനത്തെച്ചൊല്ലി ഇന്ത്യയില്‍ 22 സ്ത്രീകളാണ് ദിനംപ്രതി മരണപ്പെടുന്നത്.
പ്രബുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തില്‍ പത്ത് വര്‍ഷത്തിനിടെ സ്ത്രീധനത്തെ ചൊല്ലി 203 സ്ത്രീകള്‍ കൊല്ലപ്പെട്ടുവെന്നാണ് കഴിഞ്ഞ വര്‍ഷത്തെ സ്ത്രീധന നിരോധന ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ സംസ്ഥാന ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ അനുപമ ഐ എ എസ് വെളിപ്പെടുത്തിയത്. സ്ത്രീധന മരണത്തില്‍ കുറ്റക്കാരായവര്‍ക്ക് ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കുന്ന വകുപ്പുകളുണ്ട് നിയമത്തില്‍. എന്നാല്‍ ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ ചുരുക്കമാണ്. സ്ത്രീപീഡനത്തിനെതിരെ പരാതി നല്‍കിയാല്‍ പലപ്പോഴും നിയമപാലകരില്‍ നിന്ന് വേണ്ടത്ര പരിഗണനയില്ല. കേസെടുത്താല്‍ തന്നെ പ്രതികളുടെ സ്വാധീനത്തില്‍ അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീധന പീഡന പരാതിയില്‍ പോലീസില്‍ നിന്ന് നീതി ലഭിക്കാതെ വനിതാ കമ്മീഷനെ സമീപിച്ച യുവതിയെ സി ഐ ഭീഷണിപ്പെടുത്തി നിയമ നടപടികളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സംഭവം വരെയുണ്ടായി ഇതിനിടെ ആറ്റിങ്ങലില്‍. വിവാഹം കച്ചവടമല്ലെന്നും സ്ത്രീകള്‍ വിലപേശി വിനിമയം ചെയ്യപ്പെടേണ്ട വില്‍പ്പനച്ചരക്കല്ലെന്നുമുള്ള അവബോധം സമൂഹത്തില്‍ രൂഢമൂലമാകുകയും സ്ത്രീപീഡകര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഇതിന് അറുതി വരികയുള്ളൂ.