Connect with us

Articles

പക്ഷികളിലെ സുഗന്ധകുമാരി

Published

|

Last Updated

പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കവിത വഴിയും വിളക്കുമായ് കണ്ടിരുന്ന ഒരു കുട്ടിക്ക് മലയാളത്തിലെ വലിയ കവിയായിരുന്ന പൂന്താനത്തിന്റെ പേരിലുള്ള കവിതയുടെ സമ്മാനം കിട്ടുന്നു. പൂന്താനത്തിന്റെ ഇല്ലത്തില്‍ വെച്ചായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്. അവിടെ എത്തുകയും സമ്മാനമായി കിട്ടിയ പുസ്തകങ്ങള്‍ തുറന്നു നോക്കുകയും ചെയ്തപ്പോഴാണ് ശരിക്കും ഞെട്ടിയത്. അഞ്ച് പുസ്തകങ്ങള്‍ മാത്രമാണ് സമ്മാനം. തിരിച്ചു പോകാനുള്ള പൈസ അതിലില്ല. സമ്മാനസ്ഥലത്ത് കഷ്ടിച്ച് എത്തിച്ചേരാനുള്ള കാശ് തരപ്പെടുത്തിയാണ് ആ കുട്ടിയുടെ വരവ്. ഇനി എന്ത് ചെയ്യും? ആരോട് ചോദിക്കും? പരിചയമുള്ളവര്‍ ആരുമില്ല. രണ്ടും കല്‍പ്പിച്ച് കോഴിക്കോട്ടേക്കുള്ള ബസ്സില്‍ കയറുന്നു. സമ്മാനമായി കിട്ടിയ പുസ്തകങ്ങള്‍ നെഞ്ചോടു ചേര്‍ത്തുവെക്കുന്നു. ശരീരം പേടികൊണ്ട് വിയര്‍ത്തു പൊട്ടുന്നത് അവനറിയുന്നുണ്ട്. കണ്ടക്ടര്‍ കാശ് ചോദിച്ചാല്‍ എന്ത് പറയും? ആകെയുള്ളത് കൈയിലുള്ള പുസ്തകങ്ങളാണ്. അത് വിട്ടുകൊടുക്കാനാകില്ല. കാരണം പുസ്തകങ്ങള്‍ കിട്ടാക്കനിയായ ആ കുട്ടിക്ക് ആദ്യമായി കിട്ടിയ സമ്മാനമാണ്. അത് കണ്ടക്ടര്‍ പിടിച്ചു വാങ്ങുമോ? പാതി വഴിയില്‍ ഇറക്കി വിടുമോ? ഇടക്ക് കണ്ണടച്ചും മറ്റും സമയം കളയാന്‍ ശ്രമിക്കുന്നു. പക്ഷേ കണ്ടക്ടര്‍ അടുത്തെത്തിയത് അടുത്ത നിമിഷം അറിയുന്നു.
ഇനി രക്ഷയില്ല. സമ്മാനമായി കിട്ടിയ ഒരു പുസ്തകം ഷര്‍ട്ടിനുള്ളിലേക്ക് തിരുകി. ചോദിച്ചാല്‍ മറ്റു പുസ്തകങ്ങളെ, കൈവിടാന്‍ തീരുമാനിക്കുന്നു. ഒടുക്കം എങ്ങനെയോ ആ കണ്ടക്ടര്‍ ഒരു വാക്ക് പോലും ചോദിക്കാതെ എന്നെ കടന്നുപോകുന്നു.

ആ സമയമത്രയും അവന്റെ വയറോടൊട്ടി നിന്ന, വീടെത്തുമ്പോഴേക്കും പേടിയും വിയര്‍പ്പും കുറ്റബോധവും കൊണ്ട് നനഞ്ഞു കുതിര്‍ന്ന ആ പുസ്തകം “പാവം മാനവഹൃദയം” ആയിരുന്നു. രാത്രികളില്‍ ഒറ്റക്കിരുന്നു ചൊല്ലാന്‍ അവന് കൂട്ടുനല്‍കിയ രാത്രിമഴ എന്ന കവിതയുടെ എഴുത്തുകാരി സുഗതകുമാരിയുടെ പുസ്തകം. ആ പുസ്തകം ഇന്നും എന്നില്‍ ജീവിച്ചിരിക്കുന്ന ആ കുട്ടിക്ക് പേടിയും സ്വപ്‌നവും ചേര്‍ത്തൊട്ടിച്ച സുഗന്ധ പുസ്തകമായി. സുഗതകുമാരി സുഗന്ധകുമാരി എന്ന അത്ഭുത സ്ത്രീയും.
വര്‍ഷങ്ങള്‍ക്കു ശേഷം 2012ല്‍ “ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍” എന്ന എന്റെ കവിതാ സമാഹാരത്തിന്റെ വേദിയില്‍ സുഗതകുമാരിയുടെ സൗമ്യ സാന്നിധ്യം എന്നെ ശരിക്കും പുളകം കൊള്ളിച്ചു. വേദിയിലേക്ക് വന്ന ഒ എന്‍ വിയുടെ കാലുതൊട്ട് വണങ്ങുന്ന സുഗതകുമാരി മറഞ്ഞു നില്‍ക്കുന്ന വലിയ പാരമ്പര്യത്തെക്കുറിച്ചുള്ള ഒരു പാഠം പറയാതെ പറഞ്ഞു തന്നു. സുഗതകുമാരിയുടെ “മണലെഴുത്ത്” എന്ന പുസ്തകത്തിന്റെ പ്രകാശന വേദി കൂടിയായിരുന്നു അത്. കടല്‍ തീരങ്ങളിലേക്ക് മനുഷ്യര്‍ എന്തിന് വീണ്ടും വീണ്ടും സഞ്ചരിക്കുന്നെന്ന് ഞാനപ്പോള്‍ തിരിച്ചറിഞ്ഞു. തൊഴുകൈയോടെ ലോകത്തെ കേള്‍ക്കുന്ന, വേദനകളില്‍ കണ്ണീരൊഴുക്കുന്ന, ആശ്വസിപ്പിക്കുന്ന മറ്റൊരു പക്ഷി ഏതാണ്?

സുഗതകുമാരി എന്ന് കേള്‍ക്കുമ്പോള്‍ കവിത എന്നും പരിസ്ഥിതി എന്നും ഒരേ സമയം മനസ്സിലാക്കുന്ന അനേകായിരം പേരില്‍ ഒരാളാണ് ഞാനും. എപ്പോഴും ഉണര്‍ന്നിരിക്കുന്ന നിതാന്ത ജാഗ്രതയുടെ ജീവിക്കുന്ന സ്വരൂപമായി സുഗതകുമാരിയുടെ എഴുത്തുകളെയും വാക്കുകളെയും അത്രമാത്രം ചേര്‍ത്തുവെച്ചിരിക്കുന്നു. കേരളത്തിന് സുഗതകുമാരിക്കു മുമ്പ് ഇങ്ങനെയൊരു പെണ്ണനുഭവം ഉണ്ടെന്ന് തോന്നുന്നില്ല. “ഒരു പാട്ട് പിന്നെയും” എന്ന മട്ടില്‍ കേരളം പിന്നെയും പിന്നെയും ചെവികൊടുത്ത പാട്ടുകള്‍ മറ്റൊരു സ്ത്രീ എഴുത്തുകാരിയില്‍ നിന്ന് ഉണ്ടായതായി തോന്നുന്നില്ല. സുഗതകുമാരി കവികളിലെ രാഷ്ട്രീയക്കാരിയും രാഷ്ട്രീയക്കാരിലെ പാരിസ്ഥിതിക ജാഗ്രതയുടെ പേരുമായിരുന്നു.

സുഗതകുമാരി കൂടി ഭാഗമായ നിരവധി പാരിസ്ഥിതിക പ്രക്ഷോഭങ്ങളും മുന്നേറ്റങ്ങളും മലയാളി ഒരിക്കലും മറന്നു പോയിക്കൂടാത്ത ചരിത്ര മാതൃകകളാണ്. ഇരുന്നെഴുതുന്ന എഴുത്തുകാരില്‍ നിന്ന് നടന്നെഴുതുന്ന എഴുത്ത് സംസ്‌കാരത്തിലേക്കുള്ള വലിയൊരു തുറസ്സു കൂടിയായിരുന്നു സുഗതകുമാരി എന്ന ആക്ടിവിസ്റ്റ് തുറന്നുവെച്ചത്. അവരുടെ സാന്നിധ്യം കൊണ്ട് മാത്രം പൊതുജനങ്ങള്‍ക്ക് വെളിച്ചപ്പെട്ട പ്രകൃതി ചൂഷണങ്ങളുടെ നിര വളരെ കൂടുതലാണ്.
ഒരിക്കല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ജൈവ വൈവിധ്യം മുഴുവന്‍ വെട്ടിയും കത്തിച്ചും അധികാരികള്‍ നശിപ്പിച്ചപ്പോള്‍ അതിനെതിരെ ഉയര്‍ന്ന ഏറ്റവും കരുത്തുറ്റ ശബ്ദം സുഗതകുമാരിയുടേതായിരുന്നു. പ്രകൃതി അവര്‍ക്ക് അടുത്ത വീട്ടിലെ കുട്ടിയായിരുന്നില്ല. മറിച്ച് സ്വന്തം കുട്ടിയായിരുന്നു. ആ കുട്ടിയാണ് ഈ നാടിന്റെ ഐശ്വര്യം എന്ന് സുഗതകുമാരി കൃത്യമായി തിരിച്ചറിഞ്ഞിരുന്നു.
“അടക്കവും അനക്കവും” എന്ന നിരൂപണ ഗ്രന്ഥത്തില്‍ “എഴുത്തിലെ തോരാമഴകള്‍” എന്ന ലേഖനത്തില്‍ നിരൂപകന്‍ സജയ് കെ വി നിരീക്ഷിക്കുന്നുണ്ട്, “സുഗതകുമാരിയുടെ രാത്രിമഴയാകാം, ഒരു പക്ഷേ മലയാള കവിതയിലെ ആദ്യത്തെ പെണ്‍ മഴ” എന്ന്. ഇത് വളരെ പ്രധാനപ്പെട്ട ഒരു വായനയാണ്. രാത്രിമഴ മലയാളിയുടെ മനസ്സില്‍ കാവ്യ മഴക്കപ്പുറം ഒരു പെണ്‍ മഴയെക്കൂടി അടയാളപ്പെടുത്തുന്നു എന്നത് ഒരു പുതുക്കലാണ്.
കവി തന്നെ ഒടുക്കം പറയുന്നു:
“രാത്രിമഴയോടു ഞാന്‍
പറയട്ടെ, നിന്റെ
ശോകാര്‍ദ്രമാം സംഗീത –
മറിയുന്നു ഞാന്‍; നിന്റെ
യലിവും അമര്‍ത്തുന്ന
രോഷവും, ഇരുട്ടത്തു
വരവും, തനിച്ചുള്ള
തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍
ചിരിയും തിടുക്കവും
നാമവും ഞാനറിയും;
അറിയുന്നതെന്തുകൊ-
ണ്ടെന്നോ? സഖീ, ഞാനു-
മിതുപോലെ, രാത്രി മഴ പോലെ”
രാത്രിമഴക്ക് ഒരു പെണ്‍ജീവിതമുണ്ടെന്നതിനേക്കാള്‍ തന്റേതിനു സമാനമായ, സാധാരണമായ ജീവിതമുണ്ടെന്ന് നിരീക്ഷിക്കുന്നിടത്താണ് സുഗതകുമാരി തെളിഞ്ഞു നില്‍ക്കുന്നത്. മലയാള കവിതയില്‍ വലിയ തുടര്‍ച്ചയില്‍ പ്രവര്‍ത്തിച്ച നീതി എന്ന വിളക്കിന്റെ പേര് കൂടിയായിരുന്നു സുഗതകുമാരി. ഏത് വേദനയിലും പതറാതെ പാടുന്ന ശബ്ദം അവര്‍ മുഴക്കിക്കൊണ്ടിരുന്നു.
“നോവുമെന്നോര്‍ത്തോ പതുക്കെയനങ്ങാതെ
പാവം പണിപ്പെട്ടു പാടിടുന്നു”
എന്ന് സുഗതകുമാരി തന്നെ എഴുതുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും ഒരു പാട്ടിനുള്ള കരുത്തു കൂടി അവരുടെ എഴുത്ത് മുന്നോട്ട് വെക്കുന്നു. അമ്പില്‍ കോര്‍ത്തുപോയ വേദനയെ രാമന്റെ മുമ്പില്‍ വെക്കുന്ന തവളകളെപ്പോലെ സുഗതകുമാരി പരിതാപകരമെങ്കിലും തന്റെ അവസ്ഥയും നിലപാടും വെളിപ്പെടുത്തുന്നു.

“ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത്
താരുകളുണ്ട് താരങ്ങളുണ്ട്”
എന്ന് സ്വയം ധൈര്യപ്പെടുത്തുന്നു.
“വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്
ഒറ്റചിറകിന്റെ താളമോടെ”.
തെളിഞ്ഞ് പാടാന്‍ മുതിര്‍ന്ന ജൈവികമായ ഒരു ശരിയുടെ ശബ്ദം കൂടിയാണ് നമ്മെ വിട്ടു പോയിരിക്കുന്നത്.
സുഗതകുമാരി മുന്നോട്ട് വെച്ച ഏറ്റവും മനോഹരമായ ഒരു വാക്ക് “പാവം” എന്നതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൊല്ലേണ്ടതെങ്ങനെ? എന്ന കവിത തുടങ്ങി അനവധി കവിതകള്‍ ഈ വാക്കിനെ പരസ്യമായും രഹസ്യമായും പിന്താങ്ങുന്നുണ്ട്. അമ്മയും മകളും കാമുകിയും തുടങ്ങി നിരവധികളായ വേഷങ്ങളില്‍ വന്ന് ഒരിക്കലും കരകയറാനാകാത്ത നിസ്സഹായതയില്‍ ജീവിക്കുന്ന മനുഷ്യരെ, ജീവിതങ്ങളെ, ജീവജാലങ്ങളെ, മണ്ണിനെ, മരങ്ങളെ കാണിച്ചു തരികയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു. ഒപ്പം കൂടെയുണ്ടെന്ന് തീര്‍ച്ചപ്പെടുത്തുകയും ചെയ്യുന്നു.

“കൊല്ലേണ്ടതെങ്ങനെ
ചിരിച്ച മുഖത്തു നോക്കി
അല്ലില്‍ തനിച്ചിവിടെ
അമ്മ തപസ്സിരിപ്പൂ
വല്ലാതെ നോവരുത്
വേവരുത്… ഒന്ന് മാത്രം
എല്ലാം മറക്കുമൊരു ഉറക്കം
ഇവള്‍ക്ക് എനിക്കും
ഒന്നോര്‍ക്കില്‍ ഭയമില്ല.”
സ്വന്തം ഭയങ്ങളെ വലിയ തോതില്‍ കുടഞ്ഞു കളഞ്ഞ പെണ്‍കവിതയുടെ ഏറ്റവും ശക്തമായ തുടര്‍ച്ചയായിരിക്കുമ്പോള്‍ പോലും തന്റെ ഏറ്റവും വലിയ ബലങ്ങളിലൊന്നായ ആര്‍ദ്രതയെ അവര്‍ നിരന്തരം കൂടെക്കൂട്ടി.
ഒരിക്കലും,
“ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരു
മുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല”
എന്ന് ഗോപികയെപ്പോലെ തീര്‍ത്തു പറയുന്നു.
“ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍ എന്റെ
ഉമ്മറത്തിണ്ണയിലിരിക്കെ”
എന്ന് പറഞ്ഞുകൊണ്ട് ആര്‍ദ്രതയുടെ ഏറ്റവും ആദ്യത്തെ പേരിലൊരാളായി, കരച്ചിലിന്റെ ആഴത്തിലുള്ള പിടച്ചിലായ് വായിക്കുന്നവരിലേക്ക് കൂട്ടു വരുന്നു.
അതിന്റെ അങ്ങേ തലക്കലില്‍ മനുഷ്യനെന്ന നിസ്സാരതയെ അവര്‍ പൊളിച്ചെഴുതുകയും ചെയ്യുന്നു.
“കാത്തു വെയ്ക്കുവാന്‍ ഒന്നുമില്ലാതെ
തീര്‍ത്തു ചൊല്ലുവാന്‍ അറിവുമില്ലാതെ…”

മനുഷ്യ ജീവിതത്തിന്റെ ആകെത്തുകയെ വരച്ചുകാട്ടുന്നു.
കവിതയുടെ ആറ് പതിറ്റാണ്ടുകളാണ് ഇന്നലെ നിശ്ശബ്ദമായത്. മലയാളി ഏറ്റവും ദുഃഖഭരിതമായി എഴുതുന്ന രാത്രി കൂടിയായിരുന്നു ഇന്നലത്തേത്. കാരണം അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പക്ഷി യാത്രയായിരിക്കുന്നു.
കീറ്റ്‌സ് എന്ന കാല്‍പ്പനിക ഇംഗ്ലീഷ് കവിയുടെ “ഓഡ് ടു നൈറ്റിംഗ്‌ഗേൾ” എന്ന കവിതക്ക് “രാപ്പാടിയോട്” എന്ന പേരില്‍ സുഗതകുമാരിയുടേതായി ഒരു വിവര്‍ത്തനമുണ്ട്. കീറ്റ്‌സിന് മലയാളത്തില്‍ വന്നിട്ടുള്ള മികച്ച വിവര്‍ത്തനങ്ങളില്‍ ഒന്നാണത്. തേങ്ങലുകളെ ചിറകു വിരുത്തി സ്വരം കൊടുത്ത് സുഗതകുമാരി പാടിപ്പിക്കുന്നു.
ചുള്ളിക്കാട് എഴുതിയതു പോലെ,
പോകൂ, പ്രിയപ്പെട്ട പക്ഷീ, കിനാവിന്റെ
നീലിച്ച ചില്ലയില്‍ നിന്നും;
നിനക്കായ് വേടന്റെ കൂര –
മ്പൊരുങ്ങുന്നതിന്‍ മുന്‍പ്
ആകാശമെല്ലാം നരയ്ക്കുന്നതിന്‍ മുന്‍പ്
ജീവനില്‍ നിന്നും ഇലകൊഴിയും മുമ്പ്,
പോകൂ, തുള വീണ ശ്വാസകോശത്തിന്റെ
കൂടും വെടിഞ്ഞ് ചിറകാര്‍ –
ന്നൊരോര്‍മ പോല്‍ പോകൂ…
സമുദ്രം ഒരായിരം നാവിനാല്‍
ദൂരാല്‍ വിളിക്കുന്നു നിന്നെ…
പാടുന്ന ഒരു പക്ഷിയുടെ ചിറകിന്റെ കാറ്റ് ബാക്കിയാകുന്നു.