Saudi Arabia
സഊദിയില്‍ വിമാന യാത്രാ വിലക്ക്; ദുബൈ വഴി മടങ്ങാനിരുന്നവര്‍ ആശങ്കയില്‍

ദമാം | യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനിതക മാറ്റം സംഭവിച്ച പുതിയ തരം കൊറോണ വൈറസ് വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സഊദിലേക്കുള്ള മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വിസുകളും ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതോടെ ദുബൈ വഴി സഊദിയിലേക്ക് മടങ്ങാനിരുന്ന യാത്രക്കാര്‍ ആശങ്കയിലായി
ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ അവധിക്ക് നാട്ടിലേക്ക് മടങ്ങി തിരിച്ചു വരുന്നത്തിനായി രണ്ടാഴ്ചക്കാലം ദുബൈയില്‍ തങ്ങിയ ശേഷമായിരുന്നു സഊദിയിലേക്ക് മടങ്ങിയിരുന്നത്.
സഊദിയിലേക്ക് മടങ്ങുന്നതിനായി തിങ്കളാഴ്ച്ച രാവിലെ നൂറുകണക്കിനാളുകള്‍ ദുബൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് യാത്രാ വിലക്ക് അറിഞ്ഞത് .ഇതോടെ ആളുകള്‍ ഹോട്ടലുകളിലേക്ക് തന്നെ മടങ്ങിയിരിക്കുകയാണ്. നിലവില്‍ ഒരാഴ്ചത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയതെങ്കിലും, വീണ്ടും ദീര്‍ഘിപ്പിച്ചാല്‍ ദുബൈയില്‍ കഴിയുന്നവര്‍ വീണ്ടും നാട്ടിലേക്ക് തന്നെ മടങ്ങേണ്ടി വരുമെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്.
സഊദിയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന വന്ദേ ഭാരത് മിഷന്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങളും
നടപടികളുടെ ഭാഗമായി നിര്‍ത്തി വെച്ചിട്ടുണ്ട്. വ്യോമ നിയന്ത്രണത്തിന് പുറമെ കടല്‍-കര മാര്‍ഗ്ഗവുമുള്ള പ്രവേശനത്തിനും ഒരാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.