Connect with us

Ongoing News

ഹൈദരാബാദിന് സീസണിലെ ആദ്യ തോല്‍വി

Published

|

Last Updated

മഡ്ഗാവ് | ഐ എസ് എല്ലിലെ 34ാം മത്സരത്തില്‍ ഹൈദരാബാദ് എഫ് സിക്ക് ഈ സീസണിലെ ആദ്യ തോല്‍വി. സീസണിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ് സിയോട് രണ്ട് ഗോളുകള്‍ക്കാണ് ഹൈദരാബാദ് തോറ്റത്. ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ ഹൈദരാബാദിന് സാധിച്ചില്ല.

ഒന്നാം പകുതിയില്‍ തന്നെ വിഗ്നേശ് ദക്ഷിണാമൂര്‍ത്തിയിലൂടെ മേധാവിത്വം നേടാന്‍ മുംബൈക്ക് സാധിച്ചിരുന്നു. രണ്ടാം പകുതി ആരംഭിച്ച് ഏറെ വൈകാതെ ലെ ഫോന്ദ്രെയിലൂടെ രണ്ടാം ഗോളും നേടി. മികച്ച കളി പുറത്തെടുത്ത ഹൈദരാബാദിന് ഒരുപിടി ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ അതൊന്നും ഫലം കണ്ടില്ല.

പതിനെട്ടാം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് റഫറി എല്‍ അജിത്കുമാര്‍ മീതെയ് ഉയര്‍ത്തിയത്. ഹൈദരാബാദിന്റെ അരിഡാനെ സന്താനക്കാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ഹൈദരാബാദിന്റെ ഗോള്‍മുഖത്തേക്ക് നിരവധി തവണ ആക്രമണം അഴിച്ചുവിട്ട വിഗ്നേശ് 38ാം മിനുട്ടിലാണ് ലക്ഷ്യംകണ്ടത്. ബിപിന്‍ സിംഗിന്റെ വോളിയില്‍ ഗോള്‍മുഖത്ത് ഷൂട്ട് നടത്തുകയായിരുന്നു വിഗ്നേശ്.

രണ്ടാം പകുതി ആരംഭിച്ച് ഏറെ വൈകാതെ 59ാം മിനുട്ടില്‍ മറ്റൊരു ഗോള്‍ കൂടി നേടി മുംബൈ മേധാവിത്വം ഉറപ്പിച്ചു. റോളിന്‍ ബോര്‍ഗസിന്റെ അസിസ്റ്റില്‍ ആദം ലെ ഫോന്ദ്രെ ഗോള്‍ നേടുകയായിരുന്നു. 69ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടിയ വിഗ്നേശിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

84ാം മിനുട്ടില്‍ മുംബൈ ഗോളി അംരീന്ദര്‍ സിംഗിനും ഹൈദരാബാദിന്റെ ലിസ്റ്റണ്‍ കൊളാകോക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. ബോക്‌സില്‍ ഡൈവ് ചെയ്ത് കബളിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കൊളാകോക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചത്.

നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ റഫറി അഞ്ച് മിനുട്ട് അധിക സമയം അനുവദിച്ചെങ്കിലും ആശ്വാസ ഗോള്‍ നേടാന്‍ ഹൈദരാബാദിന് സാധിച്ചില്ല. അധിക സമയത്ത് മുംബൈയുടെ റോളിന്‍ ബോര്‍ജസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.