Connect with us

Articles

അമപായിലെ സമരം; ഡൽഹിയിലെയും

Published

|

Last Updated

കൊവിഡ് മഹാമാരി മനുഷ്യനെ നിസ്സഹായനും നിസ്സാരനുമാക്കിയാണ് അതിന്റെ പടയോട്ടം നടത്തിയത്. ഇപ്പോഴും അതിന്റെ വിജയ പതാക താഴ്ന്നിട്ടില്ല. ഈ മഹായുദ്ധത്തിൽ വാക്‌സിൻ എന്ന പരിച സജ്ജമാക്കിയെന്ന് ആശ്വസിക്കുമ്പോഴും യഥാർഥ ആത്മവിശ്വാസത്തിലേക്ക് മനുഷ്യൻ ഉണർന്നിട്ടില്ല. വികസിത, അവികസിത രാഷ്ട്രങ്ങളെന്ന തരംതിരിവുകളെ വൈറസ് മായ്ച്ചു കളഞ്ഞു. ആധുനിക സാങ്കേതിക വികാസത്തിന്റെ അഹംബോധങ്ങൾ ഒലിച്ചു പോയി. തന്നിലേക്ക് ചുരുങ്ങിയ മുഴുവൻ വ്യക്തികൾക്കും പൊതു സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വന്നു. സർക്കാറുകൾ ക്രമസമാധാനം മാത്രം കൈയാളുന്ന പോലീസ് സ്റ്റേറ്റുകളായാൽ മതിയെന്ന മുതലാളിത്ത ആശയഗതി തകർന്നടിഞ്ഞു. ക്ഷേമരാഷ്ട്ര സങ്കൽപ്പമാണ് ശരിയെന്ന് ഈ രോഗകാലം തെളിയിച്ചു. സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾ പങ്കിട്ടെടുത്ത പൊതു ആരോഗ്യ രംഗം പ്രതിസന്ധി കാലത്ത് സമ്പൂർണ പരാജയമായിരിക്കുമെന്നതിന് തെളിവ് അമേരിക്കയിലെ കൊവിഡ് കൂട്ടക്കുഴിമാടങ്ങൾ മാത്രം മതിയാകും. കൊവിഡിന് മുന്നിൽ ദയനീയമായി തോറ്റത് അമേരിക്കയായിരുന്നുവല്ലോ. അതുകൊണ്ട് കോർപറേറ്റ്‌വത്കരണത്തിനെതിരായ സമരം കൊവിഡ് മാനദണ്ഡങ്ങളെ മറികടന്ന് മുന്നോട്ട് കൊണ്ടു പോകേണ്ടിവരും.

ഡൊണാൾഡ് ട്രംപിന്റെ ഉത്തമ സുഹൃത്ത് ജെയർ ബോൽസനാരോ ഭരിക്കുന്ന ബ്രസീലിൽ നടക്കുന്ന സമരം അത്തരത്തിലുള്ളതാണ്. മനുഷ്യരുടെ ജീവിതം കോർപറേറ്റ് കമ്പനികൾക്ക് ലാഭമുണ്ടാക്കാനായി വിട്ടു കൊടുത്താൽ എന്താകും ഭാവിയെന്നതിന് ക്ലാസിക് ഉദാഹരണമാണ് വടക്കൻ ബ്രസീലിലെ അമപാ സ്റ്റേറ്റ്. ആമസോൺ കാടുകൾക്കും കടലിനും ഇടയിലുള്ള ഭൂവിഭാഗം. ഉപ്പുവെള്ളവും ശുദ്ധജലവും ഇടകലർന്ന വിശാലമായ ചതുപ്പുകളാണ് ഈ പ്രദേശത്തിന്റെ സവിശേഷത. ദുരമൂത്ത കൈകടത്തലില്ലായിരുന്നുവെങ്കിൽ ജൈവ വൈവിധ്യത്തിന്റെയും സന്തുലിത ജീവിതത്തിന്റെയും സുന്ദര ചിത്രമായി അമപാ മാറുമായിരുന്നു. എന്നാൽ കോർപറേറ്റ്‌വത്കരണം ഈ പ്രദേശത്തെ മാറ്റിമറിച്ചു. സ്വർണത്തിന്റെയും മാംഗനീസിന്റെയും നിക്ഷേപം ഇവിടെ കണ്ടെത്തിയതോടെ ഖനനം തുടങ്ങി. വനനശീകരണം തകൃതിയായി. ജല മലിനീകരണം നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചു. എന്നാൽ സാമ്പത്തികമായി പ്രദേശം മെച്ചപ്പെട്ടു. അതോടെ വെള്ളമടക്കമുള്ള സർവ ജീവന ഉപാധികളും പുറത്ത് നിന്ന് വാങ്ങിക്കുന്ന സ്ഥിതിയായി.

കോർപറേറ്റുകൾ രണ്ട് തരത്തിൽ ഇവിടെ ഇടപെട്ടു. ഒന്ന് പ്രകൃതി വിഭവങ്ങളുടെ ചൂഷകരെന്ന നിലയിൽ. മറുവശത്ത് ശുദ്ധ ജലം, വൈദ്യുതി, പാർപ്പിടം, ഭക്ഷണം തുടങ്ങിയവ ഒരുക്കി കൊടുക്കുന്ന കമ്പനികളുടെ രൂപത്തിൽ. എന്തും സ്വകാര്യ കമ്പനികളിൽ നിന്ന് വിലകൊടുത്ത വാങ്ങുന്നവരായി അമപക്കാർ. വില കൊടുത്തു വാങ്ങാൻ ശേഷി കുറഞ്ഞ തദ്ദേശീയരായ മനുഷ്യർ പാരിസ്ഥിതികാഘാതത്തിന്റെ ദുരന്തം അനുഭവിക്കുന്നവരായി. ഖനനത്തിന്റെ ഗുണഫലം മുഴുവൻ പുറത്ത് നിന്ന് വന്നവർക്കായി. കാടറിവുകൾ മാത്രമുണ്ടായിരുന്ന സാധാരണ മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾ കവർന്നെടുക്കപ്പെട്ടപ്പോൾ അവർക്ക് പകരം ഒന്നും കിട്ടിയില്ല. സാമ്പത്തിക അസമത്വം അത്രമേൽ രൂക്ഷമായി. വായിച്ചു പോകുമ്പോൾ സ്വാഭാവികമായും തോന്നും ലോകത്തുടനീളം ഇത്തരം ഇടങ്ങളുണ്ടല്ലോ എന്ന്. അതുതന്നെയാണ് അമപായുടെ പ്രസക്തി.

മറ്റെവിടെയും എന്ന പോലെ അമപായിലും വനനശീകരണവും പാരിസ്ഥിതിക നാശവും ചോദ്യം ചെയ്തവരുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്ന അവർ വിഡ്ഢികളും വികസനവിരോധികളുമായി മുദ്രയടിക്കപ്പെട്ടു. അർഥവത്തായ ഒരു ജനകീയ പ്രതിഷേധവും ഉണ്ടായില്ല. ഒറ്റപ്പെട്ട ശബ്ദങ്ങൾ ഒറ്റപ്പെട്ട് തന്നെ നിന്നു. എന്നാൽ പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുന്നത്. നവംബർ മൂന്നിന് ശേഷം അമപാ ലോകത്തെ ഏറ്റവും ശക്തമായ കോർപറേറ്റ്‌വിരുദ്ധ പോരാട്ടം നടക്കുന്ന ഇടമായി മാറിയിരിക്കുന്നു. (അൽ ജസീറയോട് കടപ്പാട്)ലോകത്തിനാകെ മാതൃകയായ ചെറുത്തു നിൽപ്പ് നടത്തുന്ന ജനതയാണിന്ന് അമപക്കാർ. എന്താണ് നവംബർ മൂന്നിന് സംഭവിച്ചത്?

പ്രദേശത്താകെ വൈദ്യുതി വിതരണം ചെയ്തിരുന്ന പവർ ഗ്രിഡ് തകർന്നു, ആകെ ഇരുട്ട്. സർവം നിശ്ചലം. അത്രയേ സംഭവിച്ചുളളൂ. പ്രവിശ്യയിലെ മകാപായിൽ സ്ഥിതി ചെയ്യുന്ന സബ്‌സ്റ്റേഷനിൽ തീപടരുകയായിരുന്നു. 13 നഗരങ്ങൾ, 90 ശതമാനം ജനങ്ങൾ, ഏഴര ലക്ഷം പേർ ഇരുട്ടിലായി. സാരമില്ല, ഒരു ദിവസം കഴിയുമ്പോൾ ശരിയാകുമെന്ന് കരുതി ആരും അനങ്ങിയില്ല. കനത്ത മഴയുണ്ടായിരുന്നു, മിന്നലിൽ പറ്റിയതാകാം എന്നാണ് പ്രദേശവാസികൾ നിനച്ചത്. വൈദ്യുതിയില്ലാത്ത 36 മണിക്കൂർ നീണ്ടപ്പോൾ ശുദ്ധ ജലവിതരണ കമ്പനികൾ പിൻവാങ്ങി. വെള്ളമില്ല. കടകളിൽ ഫ്രിഡ്ജുകൾ പ്രവർത്തനം നിലച്ചതോടെ ഭക്ഷണവുമില്ല. ആശുപത്രികൾ പോലും പ്രവർത്തിക്കാതായി. നാലാം ദിവസം രോഷാകുലരായ ജനം തെരുവിലിറങ്ങി. ഫെഡറൽ, സ്റ്റേറ്റ് ഭരണകൂടങ്ങളുടെ കാര്യാലയങ്ങളിലേക്ക് ഇരച്ചു ചെന്നു. റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതകവുമാണ് അവരെ എതിരേറ്റത്. ഫെഡറൽ അധികാരികൾ കൈമലർത്തി. വൈദ്യുതി വിതരണച്ചുമതല സ്പാനിഷ് കോർപറേഷനായ ഐസേലക്‌സിനാണ്. ഈ വർഷം ജനുവരിയിലാണ് പ്രസിഡന്റ് ബോൽസനാരോയുടെ സ്വകാര്യവത്കരണ നയത്തിന്റെ ഭാഗമായി ഈ കമ്പനിക്ക് കരാർ കൊടുത്തത്. പവർ ഗ്രിഡ് തകർന്നാൽ ഞങ്ങളെന്ത് ചെയ്യുമെന്ന് കമ്പനി കൈമലർത്തി. ഗ്രിഡ് ശരിയാക്കാനുള്ള കൂറ്റൻ മുതൽമുടക്ക് നടത്തണമെന്നും അതിന് തയ്യാറല്ലെന്നും കമ്പനി തീർത്തു പറഞ്ഞു. ഒന്നും ചെയ്യാനാകാതെ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി. കരാറിലെ വാക്കുകൾ നോക്കി അന്തം വിട്ടു നിൽക്കാനേ കോടതിക്ക് പോലും സാധിച്ചുള്ളൂ.
ഒടുവിൽ ജനങ്ങൾ പിരിവെടുത്തു. ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചു. ചെറിയ ആശ്വാസമേ പകരാനായുള്ളൂ. ഇരുട്ട് നീങ്ങിയില്ല. ആഗോള മാധ്യമങ്ങളിലടക്കം അമപാ പ്രക്ഷോഭം വാർത്തയായതോടെ മുഖം രക്ഷിക്കാൻ പ്രസിഡന്റ് ജെയർ ബോൽസനാരോ പ്രവിശ്യയിൽ പറന്നെത്തി. പുതിയ ജനറേറ്റർ സ്ഥാപിച്ച് ഭാഗികമായെങ്കിലും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ഉത്തരവിറക്കിയാണ് പ്രസിഡന്റ് അമപായിൽ കാലു കുത്തിയത്. എന്നാൽ സംഗതി പാളി. ഗ്രിഡിൽ പിന്നെയും പൊട്ടിത്തെറിയുണ്ടായി. കടുത്ത പ്രതിഷേധത്തിനിടയിൽ തടി രക്ഷിച്ച് അദ്ദേഹം മടങ്ങി.

ഇപ്പോഴും അമപായിലെ വൈദ്യുതി പ്രശ്‌നം പൂർണമായി പരിഹരിച്ചിട്ടില്ല. കാലം തെറ്റിയുള്ള മഴയും അത്യുഷ്ണവുമാണ് പവർ ഗ്രിഡ് തകരാനുള്ള അടിസ്ഥാന കാരണമെന്ന് തെളിഞ്ഞു. ഈ മാറ്റങ്ങൾ മുൻകൂട്ടി കണ്ട് പരിഷ്‌കരണങ്ങൾ വരുത്താൻ വൈദ്യുതി വിതരണ കരാറെടുത്ത കമ്പനികൾ തയ്യാറായില്ലെന്നതാണ് വസ്തുത. പ്രകൃതി ചൂഷണത്തിന്റെ ആഘാതം സാധാരണ മനുഷ്യർ അനുഭവിച്ചു കൊള്ളണം, ഞങ്ങളുടെ ലാഭത്തിൽ തൊടില്ലെന്ന കോർപറേറ്റ് യുക്തിയാണ് അമപായിൽ വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ചത്. സ്വകാര്യവത്കരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അമപായിൽ ഐതിഹാസിക പ്രക്ഷോഭം നടക്കുകയാണ്. പ്രതിസന്ധി ഘട്ടത്തിൽ രൂപപ്പെടുത്തിയ സന്നദ്ധ സംഘടനയായ അമപാ സോളിഡാരിയോ ലക്ഷണമൊത്ത പോരാട്ട സംഘടനയായി മാറിയിരിക്കുന്നു. വൻകിട മാധ്യമങ്ങൾ തമസ്‌കരിക്കുമ്പോഴും പ്രാദേശിക മാധ്യമങ്ങൾ വലിയ തോതിൽ ഈ സമരത്തെ പിന്തുണക്കുന്നുണ്ട്.

അമപാ ഒറ്റപ്പെട്ട സംഭവമല്ല. അതൊരു വൈദ്യുതി മുടക്കത്തിന്റെ വാർത്തയുമല്ല. അധികാരകേന്ദ്രീകരണത്തിനായി കൃത്രിമ ദേശീയത കത്തിച്ച് നിർത്തുന്ന ഭരണാധികാരികളുള്ളിടത്തെല്ലാം ഇത് സംഭവിക്കും. മുതലാളിത്ത അമേരിക്കയിൽ, മോദിയുടെ ഇന്ത്യയിൽ, ഇമ്മാനുവേൽ മാക്രോണിന്റെ ഫ്രാൻസിൽ ഒക്കെ ഇത് കാണാം. കോർപറേറ്റുകളുമായാണ് ഇവർക്ക് ചങ്ങാത്തം. മനുഷ്യരുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങൾ കോർപറേറ്റുകൾക്ക് ലാഭം കൊയ്യാനുള്ള ഉപാധിയാക്കി മാറ്റും ഈ ഭരണാധികാരികൾ. പൊതു മേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി തകർക്കും. ക്ഷേമ പദ്ധതികളിൽ നിന്നെല്ലാം സർക്കാർ പിൻവാങ്ങും. പ്രാദേശിക വിഭവങ്ങളുടെ നിയന്ത്രണം കോർപറേറ്റുകൾക്ക് തീറെഴുതും. മണ്ണും വെള്ളവും ആകാശവും വായുവുമെല്ലാം ലാഭക്കൊതി പൂണ്ട വിപണിക്ക് വിട്ടു കൊടുക്കും. സർക്കാറിന്റെ നിയന്ത്രണങ്ങൾ സമ്പൂർണമായി ഒഴിവാക്കിക്കൊടുക്കും.

ആ അർഥത്തിൽ ഡൽഹിയിലെ തണുപ്പിൽ ഇരിക്കുന്ന കർഷകരും അമപായിലെ പ്രക്ഷോഭകരും ഒരേ ലക്ഷ്യത്തിനു വേണ്ടിയാണ് പോരാടുന്നത്. കരാർ കൃഷിയിലൂടെ കർഷകരുടെ മണ്ണും, സംഭരണ ശൃംഖലകളിലൂടെ അവരുടെ വിളയും, പൂഴ്ത്തി വെപ്പിലൂടെ അവരുടെയും നമ്മുടെയും പണവും കവർന്നെടുക്കാൻ വരുന്ന കോർപറേറ്റുകളെയാണല്ലോ ഡൽഹിയിൽ എതിരിടുന്നത്. വൻകിടക്കാർക്ക് വേണ്ടി നിരന്തരം സംസാരിക്കുകയും അവരുടെ പരസ്യപ്പലകയായി സ്വയം അധഃപതിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുള്ളപ്പോൾ കർഷകർ മാത്രമല്ല മുഴുവൻ മനുഷ്യരും തെരുവിലിറങ്ങേണ്ടതാണ്. അമപായിലെ പ്രക്ഷോഭകാരികളിൽ പലരും ഒരു കാലത്ത് എ സി മുറിയിൽ ടി വി കണ്ട് ആലസ്യത്തിലിരുന്നവരാണ്. സ്വകാര്യവത്കരണത്തിന്റെ മേൻമകൾ ഉപന്യസിച്ചവരാണ്. അനുഭവം അവരെ പാഠം പഠിപ്പിച്ചു. ലോകം പഠിക്കേണ്ട പാഠം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest