Connect with us

Editorial

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇനിയും നീളുമ്പോള്‍

Published

|

Last Updated

ഏഴ് മാസത്തെ ഇടവേളക്കു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജനുവരിയില്‍ തുറക്കുകയാണ്. തുടക്കത്തില്‍ പൊതു പരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ജനുവരി ആദ്യ വാരത്തില്‍ ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം. മറ്റു ക്ലാസുകളുടെ കാര്യം പിന്നീട് തീരുമാനിക്കും. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. കോളജ് തലത്തില്‍ അവസാന വര്‍ഷ ബിരുദ ക്ലാസുകളും പോസ്റ്റ് ഗ്രാജ്വേറ്റ് ക്ലാസുകളും ജനുവരി ആദ്യത്തോടെ ആരംഭിക്കും. പകുതി വീതം വിദ്യാര്‍ഥികളെ വെച്ചോ കാലത്തും ഉച്ചക്ക് ശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തിലോ ആയിരിക്കും ഇത് നടത്തുക.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രോഗബാധയില്‍ നിന്ന് വിദ്യാര്‍ഥികളെ രക്ഷിക്കാനാണ് സ്‌കൂളുകളും കോളജുകളും ഈ വര്‍ഷം തുറക്കേണ്ടെന്നു തീരുമാനിച്ചതും ക്ലാസുകളെല്ലാം ഓണ്‍ലൈനിലേക്ക് മാറ്റിയതും. ആഴ്ചകള്‍ക്കകം സംസ്ഥാനം കൊവിഡ് മുക്തമാകുമെന്നും ഔപചാരിക വിദ്യാഭ്യാസം പുനരാരംഭിക്കാനാകുമെന്നുമായിരുന്നു അന്നത്തെ ധാരണയെങ്കിലും രോഗവ്യാപനം തുടര്‍ന്നതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസവും നീണ്ടുപോയി. ഇന്നിപ്പോള്‍ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട് സംസ്ഥാനത്ത്. പൊതു പരീക്ഷകള്‍ക്ക് സമയം അടുത്തു വരികയുമാണ്. പൊതു പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷകളും മാതൃകാ പരീക്ഷകളും നടക്കേണ്ട സമയമാണിപ്പോള്‍. ലാബ്, പ്രൊജക്ട് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. ഈ വക കാര്യങ്ങളൊന്നും ഓണ്‍ലൈനില്‍ അത്ര പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പൊതുപരീക്ഷ നടക്കുന്ന ക്ലാസുകളെങ്കിലും ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് മാറണമെന്ന തീരുമാനത്തിലെത്തിയത്.

അതേസമയം, മറ്റു ക്ലാസുകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം അനിശ്ചിതമായി നീളുന്നതിനോട് രക്ഷിതാക്കള്‍ക്കോ വിദ്യാഭ്യാസ വിദഗ്ധര്‍ക്കോ യോജിപ്പില്ല. തുടക്കത്തില്‍ ഒരു പുതുമയെന്ന നിലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തോട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആഭിമുഖ്യം കാണിച്ചിരുന്നെങ്കിലും ക്രമേണ അത് കുറഞ്ഞിട്ടുണ്ട്. കൃത്യമായി ക്ലാസ് ശ്രദ്ധിക്കുന്ന വിദ്യാര്‍ഥികള്‍ ഇപ്പോള്‍ കുറവാണ്. മാത്രമല്ല, സംസ്ഥാനത്തെ വിദ്യാര്‍ഥികളില്‍ ഒരുവിഭാഗം ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവരുമാണ്. ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തിയ റാന്‍ഡം ടെസ്റ്റില്‍ 2.61 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യമോ ടി വിയോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പ്രാദേശിക ഭരണകൂടങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തന ഫലമായി ഇവരില്‍ ചിലര്‍ക്കൊക്കെ ടി വിയും മൊബൈലും വാങ്ങിച്ചു കൊടുത്ത് ഓണ്‍ലൈന്‍ പഠനം സാധ്യമാക്കിയെങ്കിലും തീരദേശങ്ങളിലെയും ആദിവാസി മേഖലയിലെയും പല വിദ്യാര്‍ഥികള്‍ക്കും ഇപ്പോഴും പഠനം അന്യമാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിന് മാര്‍ഗങ്ങള്‍ സ്വീകരിച്ച് മറ്റു ക്ലാസുകളും തുറക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാണ് രക്ഷിതാക്കളുടെ പൊതു താത്പര്യം.

സ്‌കൂള്‍ അന്തരീക്ഷത്തില്‍ നടക്കുന്ന മുഖാമുഖ പഠനത്തിന് പകരമാകാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സാധിക്കില്ലെന്ന വിദഗ്ധരുടെ അഭിപ്രായങ്ങളും പഠന റിപ്പോര്‍ട്ടുകളും മുഖവിലക്കെടുക്കേണ്ടതുമുണ്ട്. അധ്യാപകനോട് നേരിട്ട് സംവദിക്കാനും സാമൂഹികാന്തരീക്ഷത്തില്‍ അഭ്യസിക്കാനുമുള്ള സാഹചര്യമാണ് വിദ്യാഭ്യാസത്തെ കൂടുതല്‍ ഫലവത്താക്കുന്നത്. സാമൂഹിക മൂല്യങ്ങളും അനുഭവങ്ങളും സ്‌കൂള്‍ അന്തരീക്ഷത്തിലേ ലഭ്യമാകുകയുള്ളൂ. ഉടന്‍ പ്രതികരണം ലഭിക്കേണ്ട രീതിയിലുള്ള പഠനാനുഭവങ്ങളും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ അന്യമാണ്. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് ശരിയായ വിദ്യാഭ്യാസം സാധ്യമാകുന്നത്. മുഖാമുഖം നടക്കുന്ന ആ ജൈവ പ്രക്രിയക്ക് പകരം നില്‍ക്കാന്‍ എത്ര വിദഗ്ധമായി പ്രോഗ്രാം ചെയ്യപ്പെട്ട കമ്പ്യൂട്ടറിനും കഴിയില്ല. ഔപചാരിക വിദ്യാഭ്യാസത്തില്‍ അധ്യാപകര്‍ മാത്രമല്ല, ക്ലാസ് മുറി, സഹ വിദ്യാര്‍ഥികള്‍, വിദ്യാലയാന്തരീക്ഷം എന്നിവയിലൂടെയെല്ലാം പകര്‍ന്നു കിട്ടുന്ന മൂല്യത്തെയാണ് വിദ്യാഭ്യാസത്തിന്റെ ആകത്തുകയായി ഗണിക്കുന്നത്. മികച്ച പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാലയങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

രണ്ട് വര്‍ഷം മുമ്പ് മിഷിഗണില്‍ സ്‌കൂളുകളിലെ പ്രൈമറി വിദ്യാര്‍ഥികളില്‍ ഓഹിയോ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ റോജര്‍ ഗോദാര്‍ദിന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു പഠനം കാണിക്കുന്നത്, സ്‌കൂളിലെ സാമൂഹികാന്തരീക്ഷത്തിലുള്ള പഠനം മികച്ച സാമ്പത്തിക അന്തരീക്ഷത്തിലേതിനേക്കാള്‍ വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള കഴിവ് അഞ്ചിരട്ടി വര്‍ധിപ്പിക്കുന്നുവെന്നാണ്. അയ്യായിരത്തിലേറെ വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ സാമൂഹികാന്തരീക്ഷത്തില്‍ പഠിക്കുന്ന കുട്ടികള്‍ കണക്കിലും വായനയിലും കൂടുതല്‍ മികവ് പുലര്‍ത്തിയതായി കണ്ടെത്തി. പഠനത്തെ മാത്രമല്ല, സാമൂഹികാന്തരീക്ഷത്തിലുള്ള പഠനം കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തെയും സ്വാധീനിക്കുന്നതായി പ്രൊഫസര്‍ റോജര്‍ ഗോദാര്‍ദ് പറയുന്നു.

കുട്ടികളെ പഠനവഴിയില്‍ നിലനിര്‍ത്താന്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ പാഠങ്ങള്‍ തീര്‍ത്ത് ഒരു വര്‍ഷത്തെ സിലബസ് പൂര്‍ത്തിയാക്കുന്ന സ്ഥിതിയിലാണിപ്പോള്‍. ഈ വിദ്യാഭ്യാസ വര്‍ഷത്തില്‍ ഇനി അവശേഷിക്കുന്നത് മൂന്ന് മാസമാണ്. പിന്നീട് അവധിക്കാലമായി. ഇനിയും വിദ്യാര്‍ഥികള്‍ സ്‌കൂളുമായി ബന്ധമില്ലാതെ വീട്ടില്‍ തന്നെ കഴിയുന്നത് ഔപചാരിക വിദ്യാഭ്യാസവുമായുള്ള വിദ്യാര്‍ഥികളുടെ അകല്‍ച്ച വര്‍ധിക്കാനും പല കാരണങ്ങളാല്‍ പഠനത്തില്‍ പിറകില്‍ നില്‍ക്കുന്ന കുട്ടികളെ കൂടുതല്‍ പിറകിലേക്ക് തള്ളാനും ഇടയാക്കും. കൊവിഡ് വൈറസ് പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ക്ലാസുകളെല്ലാം ഒറ്റയടിക്ക് തുറക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്. ആഴ്ചയില്‍ ഒരു ക്ലാസിന് രണ്ടോ മൂന്നോ ദിവസങ്ങള്‍ എന്ന രീതിയിലോ ഉച്ചക്ക് മുമ്പ് ഒരു ഷിഫ്റ്റ്, ശേഷം ഒരു ഷിഫ്റ്റ് എന്ന രീതിയിലോ ക്ലാസുകള്‍ വിഭജിച്ചാല്‍ ഇക്കാര്യം കുറേയൊക്കെ പരിഹരിക്കാനാകില്ലേ?

---- facebook comment plugin here -----

Latest