Kerala
കെ സുരേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി കേന്ദ്ര നേതൃത്വത്തിന് കത്ത്

തിരുവനന്തപുരം | തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം. സുരേന്ദ്രന്‍ മാറണമെന്ന ആവശ്യവുമായി പി കെ കൃഷ്ദാസ് പക്ഷവും ശോഭാ സുരേന്ദ്രന്‍ പക്ഷവും രംഗത്തെത്തി. ഇരു വിഭാഗവും ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു.
സുരേന്ദ്രനെതിരെ കുറ്റപത്രം എന്ന നിലയിലാണ് ഇരു വിഭാഗവും കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. 2015നെക്കാള്‍ ആകെ ജയിച്ച വാര്‍ഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിന്റെ അവകാശവാദം പൊള്ളയാണെന്നാണ് ഇരുപക്ഷത്തിന്റെയും വിമര്‍ശനം.
ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പാര്‍ട്ടിക്കുണ്ടായത് കനത്ത തോല്‍വിയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതീക്ഷിച്ച നേട്ടത്തിന്റെ അടുത്തുപോലും എത്തിയില്ല. എല്ലാം സുരേന്ദ്രന്‍ ഒറ്റക്ക് തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് സമിതിയും കോര്‍കമ്മിറ്റിയും ചേര്‍ന്നില്ലെന്നും ഇരു വിഭാഗവും കുറ്റപ്പെടുത്തുന്നു.
ശോഭാ സുരേന്ദ്രന്‍, പി എം വേലായുധന്‍, കെ പി ശ്രീശന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നതേയില്ല എന്നതാണ് ശോഭാ വിഭാഗത്തിന്റെ കത്തിലെ കുറ്റപ്പെടുത്തല്‍. അതേ സമയം കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് വാരിക്കോരി സ്ഥാനമാനങ്ങള്‍ നല്‍കി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ മുന്നോട്ട് പോയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ നിലയില്‍ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് സംസ്ഥാനതലത്തിലെ പുന:സംഘടന കൃഷ്ണദാസ് പക്ഷവും ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച പരാതികള്‍ തീര്‍ക്കണമെന്ന് ആര്‍ എസ്എ സ് നേതാക്കള്‍ ഉന്നയിച്ച ആവശ്യം പരിഗണിച്ചില്ല എന്ന പരാതിയും ശോഭക്കുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് ആര്‍ എസ് എസ് നേതൃത്വും ബി ജെ പി കേന്ദ്ര നേതൃത്വത്തിന് നല്‍കുമെന്നാണ് വിവരം.