Connect with us

Articles

കര്‍ഷകര്‍ നല്‍കുന്ന സമര പാഠങ്ങള്‍

Published

|

Last Updated

സമീപകാല ചരിത്രത്തില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ സമരത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ഈ സമരം രണ്ട് രീതിയിലാണ് പ്രാധാന്യമര്‍ഹിക്കുന്നത്. ഒന്ന്, രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കേണ്ട സമരം കര്‍ഷകര്‍ മാതൃകാപരമായി മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണ്. മറ്റൊന്ന് സമരം മുന്നോട്ടുവെക്കുന്നത് കര്‍ഷകരുടെ മാത്രം പ്രശ്‌നമല്ല. രാജ്യത്തെ 130 കോടിയോളം വരുന്ന ഓരോ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. ഈ രണ്ട് വിഷയത്തെയും തുടക്കത്തില്‍ അത്ര ഗൗരവത്തില്‍ ഇന്ത്യന്‍ സമൂഹം കണ്ടിരുന്നോ എന്നത് പ്രധാന ചോദ്യമാണ്. കാരണം, എന്തുകൊണ്ട് രാഷ്ട്രീയ നേതൃത്വത്തിന് കാര്‍ഷിക ബില്‍ പാസ്സാക്കിയ ശേഷം ഇത്തരമൊരു സമരത്തെ നയിക്കാന്‍ കഴിഞ്ഞില്ല. ഇടതുപക്ഷ കര്‍ഷക സംഘടനകളും മറ്റും സമരത്തിന് പിന്നില്‍ ഉള്ളത് മറന്നുകൊണ്ടല്ല പറയുന്നത്. എന്നാല്‍ ഇത്തരമൊരു സമരത്തിലൂടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കോര്‍പറേറ്റ് വത്കരണ നിലപാടിനെതിരെ ബഹുജന ഐക്യത്തെ വളര്‍ത്തിക്കൊണ്ടുവരാനുള്ള സാധ്യതയിലേക്കാണ് ഇപ്പോള്‍ സമരം വിരല്‍ ചൂണ്ടുന്നത്.

ഈ സമയത്ത് ഇത്തരം ചോദ്യങ്ങള്‍ പ്രസക്തമല്ല എന്ന് അറിയാം. എന്നാല്‍ ഈ നിരീക്ഷണം വരാനിരിക്കുന്ന സമര കാലത്തെ കൂടി കണ്ടുകൊണ്ടുള്ളതാണ്. കാരണം, കര്‍ഷകര്‍ ഇപ്പോള്‍ മോദിയുടെ ഫാസിസ്റ്റ് ഭരണനിലപാടുകളെ കൂടി ചോദ്യം ചെയ്തുകൊണ്ടാണ് സമരമുഖത്തെ ജ്വലിപ്പിച്ച് നിര്‍ത്തുന്നത്. ഭരണകൂട വിരുദ്ധ മനോഭാവം സൃഷ്ടിച്ച ഈ പൊളിറ്റിക്കല്‍ തിയറിയാണ് കുത്തക കമ്പനികള്‍ക്കെതിരെ ഗ്രാമീണ മനസ്സുകളെ പോലും ഇപ്പോള്‍ ഉണര്‍ത്തിയെടുത്തത്. ആ തിരിച്ചറിവിലൂടെയാണ് ഓരോ മണിക്കൂറും സമരം മുന്നോട്ട് കുതിക്കുന്നത്. ഇത് ഭരണകൂടത്തെ വല്ലാതെ വിയര്‍പ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം കഴിഞ്ഞ കാലങ്ങളില്‍ നടപ്പാക്കിയ ജനവിരുദ്ധ നിയമങ്ങളെ ചെറുത്തു തോല്‍പ്പിക്കുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കഴിവുകേട് ഭരണകൂടത്തിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. അതിവേഗത്തില്‍ ഓരോ കരിനിയമങ്ങളും അനായാസം നടപ്പാക്കാന്‍ ഭരണകൂടത്തിന് ധൈര്യം നല്‍കുന്നത് അതാണ്. കശ്മീര്‍ വിഷയത്തിലും സാമ്പത്തിക സംവരണത്തിലും പൗരത്വ നിയമത്തിലും കോര്‍പറേറ്റ് അനുകൂല രാജ്യാന്തര കറാറുകളിലും ഈ ധൈര്യവും തിടുക്കവും നാം കണ്ടതാണ്. ഇതൊന്നും കൂടാതെ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍

സ്വകാര്യവത്കരിക്കുന്നതിനുള്ള നിരവധി ബില്ലുകള്‍, മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ നിരോധിക്കുന്നവ ഇതൊക്കെ തങ്ങളുടെ കണ്‍മുമ്പില്‍ വെച്ച് എളുപ്പത്തില്‍ നിയമമാകുമ്പോള്‍ അതിനെ പരാജയപ്പെടുത്താനുള്ള അംഗബലം പ്രതിപക്ഷത്തിനില്ല എന്നത് സാങ്കേതികമായി ശരിയാണ്. എന്നാല്‍ പാര്‍ലിമെന്റിന് പുറത്തേക്ക് പൊതുജനങ്ങളുടെ ഇടയിലേക്ക് വിഷയത്തെ സമര രൂപമായി മാറ്റിയെടുക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇത് ജനം മനസ്സിലാക്കിയിരിക്കുന്നു. ഈ തിരിച്ചറിവ് ജനങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നല്‍കിയ പുതിയ ഊര്‍ജമാണ് രാജ്യതലസ്ഥാനത്ത് നാം കാണുന്നത്.
പഞ്ചാബിലെയും ഹരിയാനയിലെയും മൂന്ന് ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെ ലക്ഷ്യം വെച്ച് നടത്തുന്ന ശക്തമായ സമരത്തോട് തുടക്കത്തില്‍ പതിവ് രീതിയാണ് ഭരണകൂടം സ്വീകരിച്ചത്. സമരം രണ്ടാഴ്ച പിന്നിടുമ്പോള്‍ അതിന്റെ രീതി അടിമുടി മാറുകയാണ്. ഈ മാറ്റത്തിന്റെ ശക്തി സമരം ഇന്ത്യന്‍ ജനത ഏറ്റെടുത്തതിന്റെ ഫലം കൂടിയാണ്.

തുടക്കത്തില്‍ പഞ്ചാബിലെയും ഹരിയാനയിലെയും ഛത്തീസ്്ഗഢിലെയും ഒരു കൂട്ടം കര്‍ഷകരുടെ പതിവ് പ്രതിഷേധമായിട്ടാണ് മോദി ഭരണകൂടം സമരത്തെ കണ്ടത്. എന്നാല്‍ രാജ്യത്തെ കര്‍ഷക ജനതയുടെ അതിജീവന പോരാട്ടത്തിന്റെ എല്ലാ ലക്ഷണങ്ങളും മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഭരണകൂടത്തിന് ബോധ്യപ്പെട്ടു. പതിവ് രീതി പോലെ ചില്ലറ മോഹന വാഗ്ദാനങ്ങളില്‍ സമരത്തെ പൊളിച്ചടുക്കാം എന്ന തന്ത്രം അഞ്ച് തവണയാണ് പരാജയപ്പെട്ടത്. ഈ ഘട്ടത്തിലെത്തുമ്പോഴേക്കും അന്തര്‍ദേശീയ സമൂഹം സമരത്തോട് പ്രതികരിക്കാന്‍ തുടങ്ങി. കനേഡിയന്‍ പ്രധാനമന്ത്രി സമരത്തെ പിന്തുണച്ച് ലോകത്തിന്റെ ശ്രദ്ധ സമരത്തിലേക്ക് ക്ഷണിച്ചു. പിന്നീട് ലോകത്തിലെ വിവിധ രാഷ്ട്രങ്ങളിലെ ഇന്ത്യന്‍ സമൂഹം സമരത്തിനോട് ഐക്യപ്പെട്ടു. ബ്രിട്ടനിലെ 30ഓളം എം പിമാരുടെ നിവേദനം ഇന്ത്യന്‍ കാര്യാലയത്തിന് കിട്ടുന്നു. പഞ്ചാബിലെ വ്യത്യസ്ത മേഖലകളിലെ വ്യക്തിത്വങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നു. അങ്ങനെ കാര്‍ഷിക സമരത്തിന് ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്ന് തുടങ്ങി ആഗോളതലത്തില്‍ പിന്തുണ ലഭിക്കുന്നു. ഈ പിന്തുണ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നല്‍കുന്ന ആത്മധൈര്യം ചെറുതല്ല. ഇതിനെല്ലാം പുറത്ത് സമരം മറ്റു ചില പാഠങ്ങള്‍ കൂടി നല്‍കുന്നുണ്ട്.
കഴിഞ്ഞ കുറെ കാലങ്ങളായി വ്യവസ്ഥാപിത രാഷ്ട്രീയ വിധേയത്വ സമരങ്ങള്‍ക്ക് നഷ്ടമായതും വീണ്ടെടുക്കാന്‍ കഴിയുന്നതുമായ സമരത്തിന്റെ നൈതിക രീതിയാണത്. എത്രകാലവും നീണ്ടുപോകുന്നതാണ് തങ്ങളുടെ സമരം എന്ന മുന്‍കൂട്ടിയുള്ള തിരിച്ചറിവ് അതിന്റെ ഭാഗമാണ്. സമരം ചെയ്യുന്നവര്‍ക്ക് ലക്ഷ്യത്തെക്കുറിച്ചും മാര്‍ഗത്തെക്കുറിച്ചുമുള്ള തികഞ്ഞ ബോധ്യങ്ങള്‍ സമരത്തിന് നല്‍കിയ ജൈവികത ചെറുതല്ല. തങ്ങള്‍ക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ അടുക്കും ചിട്ടയുമായി ക്രമീകരിക്കാന്‍ കഴിഞ്ഞതിന്റെ കൂടി ഫലമാണിത്.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടപ്പാക്കിയ എല്ലാ ജനവിരുദ്ധ കരിനിയമങ്ങളും രാജ്യത്തെ പിന്നാക്ക ജനസമൂഹത്തെയും ചില പ്രത്യേക മത വിഭാഗങ്ങളെയും ലക്ഷ്യം വെച്ചുള്ളതാണ്. ഇതിനൊന്നുമെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. പൗരത്വ വിഷയത്തില്‍ മുസ്‌ലിം വിഭാഗങ്ങള്‍ നടത്തിയ സമരം, കാര്‍ഷിക സമരത്തോട് ഏറെ സാമ്യമുള്ളതാണ്. കാര്‍ഷിക സമരം ജനങ്ങള്‍ക്ക് ജീവിക്കാന്‍ വേണ്ടിയുള്ളതാണെങ്കില്‍ മറ്റേത് നിലനില്‍ക്കാനുള്ള സമരമാണ്. ഈ രണ്ട് സമരത്തിനും രാഷ്ട്രീയേതരമായ ആഗോള പിന്തുണ കിട്ടുന്നു എന്നുള്ളത് നമ്മുടെ സമര രീതിക്ക് കിട്ടുന്ന അംഗീകാരങ്ങള്‍ കൂടിയാണ്. 2014ന് ശേഷം രാജ്യത്ത് ഉണ്ടായിട്ടുള്ള എല്ലാ നിയമങ്ങള്‍ക്കും ഒരു പൊതു സ്വഭാവമുണ്ട്. അത് ഇന്ത്യന്‍ ബഹുസ്വരതയെ നിരാകരിക്കുന്നതും തീവ്രഹിന്ദുത്വ നിലപാടുകളെ സാധൂകരിക്കുന്നതുമാണ്. ഇത് ജനാധിപത്യത്തിന്റെ പൊതു തത്വങ്ങളെ അട്ടിമറിച്ച് ഏകാധിപത്യത്തെ വളര്‍ത്തിയെടുക്കാനുള്ള പ്രാഥമികമായ നടപടികളാണ്. ഇത്തരം അപകടകരമായ ഇടപെടല്‍ സാമ്പത്തിക രംഗത്ത് മാത്രമല്ല സാംസ്‌കാരിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും ഇതിനകം നടപ്പാക്കി കഴിഞ്ഞു. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയിലേക്ക് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ബി ജെ പി ഇതര സര്‍ക്കാര്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഒരു സമര പരിപാടിയും ഉണ്ടാകുന്നില്ല. അല്ലെങ്കില്‍ ഏകീകൃത സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ വര്‍ഗീയപരമായ ഇടപെടലും സിലബസുകളില്‍ ഉണ്ടായ തീവ്രഹിന്ദുത്വ പ്രചാരണ പാഠാവലികളും ഏറ്റുവാങ്ങാന്‍ മാത്രം നിഷ്‌ക്രിയ സമൂഹമായി ഇന്ത്യന്‍ ജനത മാറിയപ്പോഴാണ് തങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച നിയമത്തെ കര്‍ഷകര്‍ ചെറുത്തു തോല്‍പ്പിക്കുന്നത്. ഇത് അതിജീവന പോരാട്ടത്തിന്റെ പുതിയ രീതിശാസ്ത്രം സൃഷ്ടിച്ചു കഴിഞ്ഞു.
മോദിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെയുള്ള പല സമരങ്ങളും പാതിവഴിയില്‍ ചത്തൊടുങ്ങിയതാണ് അനുഭവം. കാര്‍ഷിക സമരം അത്തരം അകാല ചരമത്തെ അതിജീവിക്കുന്നതിന്റെ രീതി തിരിച്ചറിയേണ്ടതുണ്ട്. സമരത്തില്‍ പങ്കെടുക്കുന്ന ഇരുപത്തിയഞ്ചോളം കർഷക സംഘടനകള്‍ വ്യത്യസ്ത രാഷ്ട്രീയ ധാരകളെ പ്രതിനിധാനം ചെയ്യുമ്പോഴും സമരത്തിന്റെ ലക്ഷ്യത്തെ ഏക മനസ്സോടെ അവതരിപ്പിക്കാന്‍ കൂട്ടായ്മക്ക് കഴിയുന്നു. കാര്‍ഷിക നിയമങ്ങളുടെ അനന്തര ഫലത്തെക്കുറിച്ചുള്ള വ്യക്തത കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതിന്റെ വിജയമാണിത്. അവിടെ ഭരണകൂട താത്പര്യങ്ങളോ പ്രാദേശിക രാഷ്ട്രീയ താത്പര്യങ്ങളോ കടന്നുവരാന്‍ അനുവദിക്കുന്നില്ല. സമരത്തെ പൊളിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നതും ഈ വഴിയിലൂടെയാണ്, നേതൃത്വത്തില്‍ ഭിന്നിപ്പുണ്ടാക്കി സമരത്തിന്റെ ഐക്യത്തെ തകര്‍ക്കുക. ഭരണകൂടത്തിന്റെ ഈ ശ്രമത്തിനിടയിലും ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ ഒന്നിക്കുന്നതിന് പിന്നില്‍ നിലനില്‍പ്പിന്റെ പ്രശ്‌നമുണ്ടെന്ന് ഭരണകൂടം അറിയാതെയല്ല. നിലവില്‍ ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ് ഗോതമ്പും അരിയും ഏറ്റവും കൂടുതല്‍ സംഭരിക്കപ്പെടുന്നത്. പുതിയ നിയമ പ്രകാരം താങ്ങുവില ഇല്ലാതാകുന്നതോടെ തങ്ങളുടെ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കേണ്ടി വരുമെന്ന സത്യം സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും ബോധ്യപ്പെടുത്തുന്നതില്‍ സമര നേതൃത്വം വിജയിച്ചു. അതായത് എന്തിന് വേണ്ടിയാണോ സമരം അതിന്റെ അടിസ്ഥാന കാരണങ്ങളെക്കുറിച്ച് സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉണ്ടായ ബോധ്യങ്ങളാണ് ഈ കൊടും തണുപ്പിലും അവരുടെ പോരാട്ട വീര്യത്തെ ശക്തിപ്പെടുത്തുന്നത്.

ഇതിനെല്ലാം പുറത്ത് സമരം നല്‍കുന്ന മറ്റൊരു പാഠം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ളതാണ്. ജനകീയ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരാജയപ്പെടുന്നിടത്താണ് അഞ്ഞൂറോളം കര്‍ഷക സംഘടനകളുടെ ഏകോപന സമിതി മാതൃകയാകുന്നത്. ഏഴ് പതിറ്റാണ്ടായി അധികാര രാഷ്ട്രീയം ഉണ്ടാക്കിയ സാമ്പത്തിക ആസൂത്രണത്തിന്റെയും കാര്‍ഷിക മേഖലയില്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ അനുകൂല സാഹചര്യങ്ങളുടെയും ഫലമാണ് കര്‍ഷകരുടെ ജീവിതത്തകര്‍ച്ച, ലക്ഷക്കണക്കായ ആത്മഹത്യകള്‍. ആ അര്‍ഥത്തില്‍ ഈ സമരം മുന്‍കാല കാര്‍ഷിക നയങ്ങളെ കൂടി ചോദ്യം ചെയ്യുന്നുണ്ട്. ഈ സമരത്തിന്റെ പ്രഭവസ്ഥലങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാകുമ്പോള്‍ അതിന് ഏറെ പ്രാധാന്യമുണ്ട്. അവര്‍ അത്രമാത്രം രാഷ്ട്രീയ പ്രബുദ്ധരല്ല എന്ന പൊതുധാരണയെ സമരം തിരുത്തുകയാണ്. തങ്ങളുടെ വിഷയങ്ങളെ മുഖ്യധാരാ പാര്‍ട്ടികളെ മറികടന്നുകൊണ്ട് അവതരിപ്പിക്കുന്നതും പിന്നീട് പാര്‍ട്ടികള്‍ അതിനോട് ഐക്യപ്പെടുന്നതും നിസ്സാര കാര്യമല്ല. 25 രാഷ്ട്രീയ പാര്‍ട്ടികളും 10 പ്രതിപക്ഷ തൊഴിലാളി സംഘടനകളുമാണ് ഭാരത് ബന്ദില്‍ അണിനിരന്നത്. പഞ്ചാബിലെ അരലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് പിന്തുണ പ്രഖ്യാപിച്ചതും നിസ്സാര കാര്യമല്ല. പല ഭരണകൂട കരിനിയമങ്ങള്‍ക്കും എതിരെ രാഷ്ട്രീയ പ്രതിരോധം വട്ടപ്പൂജ്യമാകുമ്പോള്‍ കര്‍ഷക സമരങ്ങള്‍ മറ്റൊരു രാഷ്ട്രീയത്തെയാണ് മുന്നോട്ട് വെക്കുന്നത്. അത് ബഹുസ്വര ഇന്ത്യയുടെ മനസ്സ് ഇപ്പോഴും ശക്തമാണ് എന്നതിന്റെ തെളിവ് കൂടിയാണ്.

ഇ കെ ദിനേശന്‍

Latest