Connect with us

Editorial

ബംഗാള്‍ രാഷ്ട്രീയത്തിലെ പിന്നാമ്പുറക്കളികള്‍

Published

|

Last Updated

ബംഗാളില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള രാഷ്ട്രീയ വടംവലി രൂക്ഷമാകുകയാണ്. സംസ്ഥാന ഡി ജി പിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്ന കേന്ദ്ര നിര്‍ദേശം തള്ളിയതിന് പിന്നാലെ പശ്ചിമ ബംഗാള്‍ കേഡറിലെ മൂന്ന് ഐ പി എസ് ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രാലയം കേന്ദ്രത്തിലേക്ക് തിരിച്ചുവിളിച്ചത് ഏറ്റുമുട്ടല്‍ ശക്തമാക്കുന്നതിന്റെ സൂചനയാണ്. ദക്ഷിണ ബംഗാള്‍ എ ഡി ജി പി രാജീവ് മിശ്ര, പ്രസിഡന്‍സി മേഖലയിലെ ഡി ഐ ജി പ്രവീണ്‍ ത്രിപാഠി, സിറാഖോലി ഉള്‍പ്പെടുന്ന ഡയമണ്ട് ഹാര്‍ബര്‍ ജില്ലയിലെ എസ് പി ബോലാനാഥ് പാണ്ഡെ എന്നിവരെയാണ് സംസ്ഥാന സര്‍വീസില്‍ നിന്ന് കേന്ദ്ര സര്‍വീസിലേക്ക് മാറ്റിയത്. സംസ്ഥാന കേഡറിലുള്ള ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറ്റും മുമ്പ് സാധാരണ ഗതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതി വാങ്ങാറുണ്ട്. ബംഗാളില്‍ സംസ്ഥാനത്തെ മറികടന്ന് ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരേയുണ്ടായ കല്ലേറാണ് ബി ജെ പി- തൃണമൂല്‍ പോര് തീവ്രമാക്കിയത്. സൗത്ത് 24 പര്‍ഗനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബര്‍ പ്രദേശത്തേക്കുള്ള യാത്രക്കിടയിലാണ് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയിയുടെയും നഡ്ഡയുടെയും വാഹനങ്ങള്‍ക്ക് നേരേ ആക്രമണമുണ്ടായത്. ചില മാധ്യമ വാഹനങ്ങള്‍ക്കു നേരേയും കല്ലേറുണ്ടായി. ആറ് മാസത്തിനകം പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിന്റെ ഭാഗമായിരുന്നു നഡ്ഡയുടെ സന്ദര്‍ശനം. ആക്രമണത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി ഗവര്‍ണര്‍ രംഗത്തുവന്നതും സംസ്ഥാന ഡി ജി പിയോടും ചീഫ് സെക്രട്ടറിയോടും നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതും. ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മമതാ സര്‍ക്കാര്‍ കേന്ദ്ര നിര്‍ദേശം നിരസിച്ചത്.

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ക്രമസമാധാനം വിഷയമാക്കി മമതാ സര്‍ക്കാറിനെ താറടിക്കുന്നതിന് ബി ജെ പി ആസൂത്രണം ചെയ്തതാണ് നഡ്ഡയുടെ കാറിനു നേരേയുണ്ടായ ആക്രമണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പക്ഷം. നഡ്ഡയുടെ സന്ദര്‍ശനത്തിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് ബി ജെ പി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചത്, സംഭവത്തില്‍ ഉടന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണത്തിന് ഉത്തരവിട്ടതുമെല്ലാം നേരത്തേ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചുള്ള നീക്കമാണെന്നും ടി എം സി ആരോപിക്കുന്നു. മമതാ സര്‍ക്കാറിന് അധികകാലം നിലനില്‍പ്പില്ലെന്ന് ആക്രമണത്തിന് പിന്നാലെ നഡ്ഡ പ്രതികരിക്കുകയും ചെയ്തിരുന്നു. ആക്രമണം ആസൂത്രിതമായിരുന്നെങ്കില്‍ എല്ലാ സന്നാഹവും ഉപയോഗപ്പെടുത്തി തങ്ങളുടെ പാര്‍ട്ടി അധ്യക്ഷനെ സംരക്ഷിക്കാന്‍ കേന്ദ്രത്തിന് സാധിക്കുമായിരുന്നില്ലേയെന്ന മമതാബാനര്‍ജിയുടെ ചോദ്യവും പ്രസക്തമാണ്. കാറ്റഗറി സുരക്ഷയുള്ള നേതാവുമാണ് നഡ്ഡ.

ബിഹാറില വിജയത്തിനു പിന്നാലെ ബി ജെ പി ലക്ഷ്യമിടുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമാണ് പശ്ചിമ ബംഗാള്‍. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇതിനകം അമിത് ഷാ പലതവണ അവിടെ സന്ദര്‍ശനം നടത്തിയിരുന്നു. സംസ്ഥാനത്തെ 294 നിയമസഭാ സീറ്റുകളെ അഞ്ച് മേഖലകളാക്കി തിരിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയുമാണ്. ഓരോ മേഖലയിലും ഓരോ ദേശീയ നേതാവിന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയും നല്‍കിയിട്ടുണ്ട്. 294ല്‍ 200 സീറ്റുകളെങ്കിലും പിടിച്ചെടുക്കണമെന്നാണ് ബി ജെ പി ലക്ഷ്യമിടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ വിജയിച്ച പാര്‍ട്ടി തൃണമൂലിനും കോണ്‍ഗ്രസിനും സി പി എമ്മിനും പിറകിലായി നാലാം സ്ഥാനത്തായിരുന്നു. കൂറുമാറ്റത്തിലൂടെയും ഉപതിരഞ്ഞെടുപ്പിലൂടെയുമാണ് പിന്നീട് പാര്‍ട്ടിയുടെ അംഗബലം 12 ആയി ഉയര്‍ന്നത്. അതേസമയം, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 18 എണ്ണം പാര്‍ട്ടി നേടിയിരുന്നു. 121 അസംബ്ലി മണ്ഡലങ്ങളില്‍ മേല്‍ക്കൈ നേടുകയും ചെയ്തു അന്ന് പാര്‍ട്ടി. 2014ല്‍ രണ്ട് സീറ്റില്‍ മാത്രമാണ് പാര്‍ട്ടി വിജയിച്ചത്.

ഈ മുന്നേറ്റം പാര്‍ട്ടിക്ക് പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും മതേതര കക്ഷികള്‍ ഒന്നിച്ചുനിന്നാല്‍ സംസ്ഥാനത്ത് ബി ജെ പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസുമായി അടുക്കുന്നതിന്റെ സൂചനകളുമുണ്ട്. അതിനാല്‍ പ്രത്യക്ഷ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചില പിന്നാമ്പുറ കളികളും ബംഗാളില്‍ ആവശ്യമാണെന്ന് ബി ജെ പി കണക്കുകൂട്ടുന്നുണ്ടാകണം. സംഘര്‍ഷം സൃഷ്ടിച്ച് ക്രമസമാധാനം തകര്‍ന്നെന്ന പ്രതീതി ജനിപ്പിക്കുക, വര്‍ഗീയ ധ്രുവീകരണം, കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ ശത്രുക്കളെ കേസില്‍ കുടുക്കുക തുടങ്ങിയവയാണ് പാര്‍ട്ടിയുടെ സ്ഥിരം കളികള്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടും മറ്റും കേരളത്തിലേക്ക് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൂട്ടത്തോടെ ഒഴുകിയെത്തിയത് ഇതിന്റെ ഭാഗമായിരുന്നല്ലോ. ബംഗാളില്‍ നഡ്ഡക്കു നേരേ നടന്ന ആക്രമണവും ഇത്തരത്തിലൊരു നാടകമാണോ എന്ന് സംശയിക്കപ്പെടുന്നുണ്ട്. കേന്ദ്രത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍മാരുണ്ടാകുമ്പോള്‍ കാര്യം എളുപ്പവുമാണ്. നഡ്ഡയുടെ വാഹനത്തിനു നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഏഴ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരിക്കെ ഈ അന്വേഷണ റിപ്പോര്‍ട്ടിന് കാത്തുനില്‍ക്കാതെ കേന്ദ്രം നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടത് ഇത്തരമൊരു നാടകത്തിന്റെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുമുണ്ട്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹവും ഉയരുന്നു. രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കേണ്ട വിധം രൂക്ഷമാണ് ബംഗാളിലെ ക്രമസമാധാന തകര്‍ച്ചയെന്ന് സംസ്ഥാനത്തെ ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ ബാബുള്‍ സുപ്രിയോ കൊല്‍ക്കത്തയില്‍ പ്രസ്താവിച്ചതും ശ്രദ്ധേയമാണ്.

Latest