Kerala
കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനം; പരാതി നല്‍കി യു ഡി എഫ്

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലുയര്‍ന്ന ഒരു ചോദ്യത്തിന് മറുപടിയായാണ് വാക്‌സിന്‍ ലഭിച്ചാല്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
തിരഞ്ഞെടുച്ച് ചട്ടങ്ങള്‍ ലംഘിക്കുന്ന രൂപത്തില്‍ മുഖ്യമന്ത്രി നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി ജോസഫ് എം എല്‍ എയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കിയിട്ടുള്ളത്. തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിനു മുമ്പ് നടത്തിയ പ്രഖ്യാപനം വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആരോപണം. അതേസമയം, മുഖ്യമന്ത്രിക്കെതിരായ ചട്ടലംഘന പരാതി ലഭിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു.