National
ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ വീടിന് നേരെ ബി ജെ പി ആക്രമണം

ന്യൂഡല്‍ഹി | ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീടിന് ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം. പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ ബി ജെ പി ഇന്ന് പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് സിസോദിയയുടെ വീട്ടിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ ഇരച്ചുകയറി ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ആക്രമികളില്‍ ഒരാളുടെ കൈയില്‍ തോക്കുണ്ടായിരുന്നതും വീഡിയോയില്‍ കാണം.
ആക്രമണം നടക്കുമ്പോള്‍ ഡല്‍ഹി പോലീസ് നോക്കിനില്‍ക്കുകയായിരുന്നെന്ന് എ എ പി ആരോപിച്ചു. വീടിന് മുന്നിലെ ബാരിക്കേഡുകള്‍ എടുത്തുമാറ്റിയ ശേഷമാണ് ബി ജെ പിക്കാര്‍ ആക്രമിച്ചതെന്നും ഇവര്‍ കുറ്റപ്പെടുത്തി. ജനാധിപത്യത്തില്‍ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യംവച്ച് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് ദുഃഖകരമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ ടാഗ് ചെയ്തുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. സംഭവത്തെപ്പറ്റി ഡല്‍ഹി പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണമെന്നും സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികള്‍ ആയവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമാസക്തരായ ജനക്കൂട്ടം മനീഷ് സിസോദിയയുടെ വീട്ടിലേക്ക് പോലീസ് ഉദ്യോഗസ്ഥരെ മറികടന്ന് നീങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സംഘത്തിലെ ഒരാള്‍ തോക്കുമായാണ് എത്തിയതെന്നും വീഡിയോയില്‍ കാണാം.