Gulf
സാമ്പത്തിക സഹകരണം; സഊദി വാണിജ്യ മന്ത്രി ഇറാഖില്‍

ബഗ്ദാദ് | ഇറാഖുമായുള്ള സാമ്പത്തിക നിക്ഷേപ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സഊദി വാണിജ്യ-വാര്‍ത്താ വിതരണ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ബഗ്ദാദിലെത്തി. ഇരു രാഷ്ട്രങ്ങളും തമ്മില്‍ വാണിജ്യ മേഖലയില്‍ തന്ത്രപരമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കുകയും വിവിധ മേഖലകളില്‍ സംയുക്ത ഏകോപനം തുടരുകയും സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സന്ദര്‍ശനത്തിന്റെ ഭാഗമായി സാമ്പത്തിക, വാണിജ്യ, നിക്ഷേപ മേഖലകളില്‍ കൂടുതല്‍ വൈവിധ്യവത്ക്കരണത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ധാരണാ പത്രത്തില്‍ ഒപ്പ് വെക്കും.
ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍-ഖാസിമി സഊദി -ഇറാഖി ബിസിനസുകാരുടെ പ്രത്യേക ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്. ഫോറത്തില്‍ ഇറാഖ് പ്രസിഡന്റ് പ്രസിഡന്റ് ബര്‍ഹാം സ്വാലിഹ്, പാര്‍ലിമെന്റ് സ്പീക്കര്‍ മുഹമ്മദ് അല്‍ ഹല്‍ബ തുടങ്ങിയവരും സംബന്ധിക്കും. യുദ്ധാനന്തരം തകര്‍ന്ന ഇറാഖിന്റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ് നിര്‍മിച്ചു നല്‍കുന്ന പുതിയ സ്‌പോര്‍ട്‌സ് സിറ്റിയുടെ നിര്‍മാണത്തിനായി തിരഞ്ഞെടുത്ത പ്രദേശവും മന്ത്രിതല സംഘം പരിശോധിക്കും. ബഗ്ദാദ് വിമാനത്താവളത്തിലെത്തിയ മന്ത്രിതല സംഘത്തെ ഇറാഖ് ആസൂത്രണ മന്ത്രി ഡോ. ഖാലിദ് ബിന്‍ ബട്ടാല്‍ നജും ഇറാഖ് മന്ത്രിസഭാ സെക്രട്ടറി ജനറല്‍ ഹമീദ് നയിം അല്‍ ഗാസിയും ചേര്‍ന്ന് സ്വീകരിച്ചു.
വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ ബിന്‍ ഇബ്‌റാഹിം അല്‍-ഖൊറൈഫ്, സഊദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേഡൈസേഷന്‍-മെട്രോളജി, ക്വാളിറ്റി ഗവര്‍ണര്‍ സഅദ് ബിന്‍ ഉസ്മാന്‍ അല്‍ ഖസബി, സഊദി എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി സെക്രട്ടറി ജനറല്‍, വികസന അതോറിറ്റി ഫണ്ട് സി ഇ ഒ, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥ പ്രതിനിധികള്‍, വ്യാപാര മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ സംഘത്തിലുണ്ട്.