Articles
വേലി തന്നെ വിള തിന്നുമ്പോള്‍

‘ഈ ഭരണഘടനയിലെ ഏറ്റവും പ്രധാന അനുഛേദം ചൂണ്ടിക്കാട്ടാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ അഭാവത്താല്‍ ഭരണഘടന തന്നെ ഉപയോഗശൂന്യമായി പോകുന്ന ഒരനുഛേദത്തെ ഞാനെടുത്തു കാട്ടും. അതല്ലാതെ മറ്റൊന്നും മുന്നോട്ടു വെക്കാന്‍ എനിക്ക് കഴിയില്ല”, മൗലികാവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടാന്‍ സുപ്രീം കോടതിയെ സമീപിക്കാം എന്ന് നിഷ്‌കര്‍ഷിക്കുന്ന 32ാം അനുഛേദത്തെ കുറിച്ച് ഭരണഘടനയുടെ മുഖ്യ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കര്‍ നടത്തിയ അസന്ദിഗ്ധ പറച്ചിലാണിത്. കഴിഞ്ഞ മാസം തുടര്‍ച്ചയായി രണ്ട് ദിവസം വ്യത്യസ്ത നിയമ വ്യവഹാരങ്ങള്‍ പരിഗണിക്കവെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ മേല്‍ പ്രസ്താവിത ആശയത്തിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അംബേദ്കറെ ഓര്‍മിപ്പിക്കേണ്ടി വരുന്നത്.
32ാം ഭരണഘടനാനുഛേദം സോപാധികമായ ഒന്നല്ല. പൗരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യത്തെ പരമോന്നത നീതിപീഠം പ്രതിജ്ഞാബദ്ധമായിരിക്കും എന്നോതുന്ന മൗലികാവകാശമാണത്. അനുഛേദം 32ന്റെ ബലത്തില്‍ സുപ്രീം കോടതിയിലെത്തുന്നതിന് മുമ്പ് ഹൈക്കോടതിയെ സമീപിക്കണമെന്ന് ഭരണഘടനയിലില്ല. മൗലികാവകാശങ്ങള്‍ പ്രതിഷ്ഠിക്കാന്‍ സുപ്രീം കോടതിക്കുള്ള അധികാരത്തിന് സമാനമായി ഹൈക്കോടതികള്‍ക്ക് അധികാരം നല്‍കുന്ന ഭരണഘടനാനുഛേദം 226 മൗലികാവകാശവുമല്ല. അത് ഹൈക്കോടതികളുടെ വിവേചനാധികാരമാണ്. കേസിന്റെ സ്വഭാവവും നീതിലഭ്യതയുടെ സാധ്യതയുമൊക്കെ പരിഗണിക്കുമ്പോള്‍ ജനങ്ങള്‍ക്ക് നേരേ സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും. അപ്പോള്‍ പരിഗണിക്കാന്‍ തയ്യാറാകാതിരിക്കുന്നതും ഹൈക്കോടതിയിലേക്ക് പോകൂ എന്ന് പറയുന്നതും ഭരണഘടനാപരമായി ശരിയല്ല.
ഭരണഘടനയിലെ 32ാം ആര്‍ട്ടിക്കിള്‍ വാഗ്ദാനം ചെയ്യുന്നത് അവകാശ നിഷേധത്തെ പ്രതിരോധിക്കാനോ അവകാശ സംരക്ഷണത്തിനോ ഉള്ള അവകാശമാണ്. സാങ്കേതികമായി പരിഹാര അവകാശം (Remedial right) എന്ന് പറയാം. അതനുസരിച്ച് ഭരണഘടനയിലെ മൂന്നാം ഭാഗത്തിലെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ജനങ്ങള്‍ക്ക് സുപ്രീം കോടതി കയറാം. അടിയന്തരാവസ്ഥയുടെ ഘട്ടത്തില്‍ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിലൂടെ നിഷേധിക്കാമെന്നല്ലാതെ സകല മൗലികാവകാശങ്ങളുടെയും മൗലികാവകാശത്തെ തടഞ്ഞുവെക്കാന്‍ ഉന്നത നീതിപീഠത്തിന് അധികാരമില്ല.
ഇന്ത്യന്‍ സാമൂഹിക ശ്രേണിയില്‍ താഴെത്തട്ടില്‍ വരെ നീതിയുടെ വെളിച്ചമെത്തിക്കാന്‍ പൊതുതാത്പര്യ ഹരജികളിലൂടെ ഏറെക്കുറെ സാധിച്ചിട്ടുണ്ട്. സാമൂഹിക ക്ഷേമം, അഴിമതി വിരുദ്ധ പോരാട്ടം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഗുണാത്മക മാറ്റം സാധ്യമാക്കാന്‍ സഹായിച്ചത് ഭരണഘടനാ കോടതികളിലെത്തിയ പൊതുതാത്പര്യ ഹരജികളാണ്. സാധാരണക്കാരന് താങ്ങാനാകാത്ത സാമ്പത്തിക ചെലവും കോടതി വ്യവഹാരങ്ങളിലെ സങ്കീര്‍ണതകളും നീതി തേടിയുള്ള യാത്രയിലെ വിലങ്ങു തടിയാകുന്നിടത്താണ് പൊതുതാത്പര്യ ഹരജികള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിക്കുന്നത്. 32ാം അനുഛേദത്തിന്റെ കാലില്‍ ഊന്നിനിന്നുകൊണ്ടാണ് പൊതുതാത്പര്യ ഹരജികള്‍ ജനശബ്ദമാകാറുള്ളത്. സുപ്രീം കോടതിയിലെ മുഖ്യ ന്യായാധിപന്‍ അഭിപ്രായപ്പെട്ടത് പോലെ ആര്‍ട്ടിക്കിള്‍ 32നെ നിരുത്സാഹപ്പെടുത്തിയാല്‍ പൊതുതാത്പര്യ ഹരജി സമ്പ്രദായം തന്നെ അവതാളത്തിലാകും. യഥാര്‍ഥത്തില്‍ സുപ്രീം കോടതിയെ ഭരണഘടനയുടെ സംരക്ഷകനും മൗലികാവകാശങ്ങളുടെ കാവലാളുമാക്കുന്നത് 32ാം അനുഛേദമാണ്. അതിന്റെ കീഴില്‍ നിന്നുകൊണ്ടാണ് ചരിത്രപ്രധാന വിധികള്‍ പരമോന്നത ന്യായാസനം വിവിധ കാലങ്ങളിലായി വേറിട്ട നിയമ വ്യവഹാരങ്ങളില്‍ നടത്തിയത്. അതുവഴിയാണ് നമുക്ക് ജനാധിപത്യത്തെയും നിയമവാഴ്ചയെയും സംരക്ഷിക്കാനായതും.
നീതിന്യായ പുനഃപരിശോധന (Judicial review) നീതിപീഠത്തിന്റെ സവിശേഷ അധികാരമാണ്. 13ാം ഭരണഘടനാനുഛേദം വിഭാവനം ചെയ്യുന്ന പ്രസ്തുത അവകാശം പ്രയോഗ തലത്തിലെത്താന്‍ 32ാം അനുഛേദം ആവശ്യമാണ്. മൗലികാവകാശങ്ങളുടെ ലംഘനത്തെച്ചൊല്ലി വ്യവഹാരങ്ങള്‍ സുപ്രീം കോടതിയിലെത്തുമ്പോള്‍ ഭരണഘടനാനുസൃത അധികാരമുപയോഗപ്പെടുത്തി പുനഃപരിശോധനക്ക് കോടതി തയ്യാറാകുന്നു. നീതിന്യായ പുനഃപരിശോധനാധികാരം ഭരണഘടനയുടെ മൗലിക സ്വഭാവത്തിന്റെ ഭാഗമാണ്. അതിനാല്‍ ആര്‍ട്ടിക്കിള്‍ 368 പ്രകാരമുള്ള ഭേദഗതി പ്രക്രിയയിലൂടെ അത് റദ്ദാക്കാന്‍ പാര്‍ലിമെന്റിന് കഴിയില്ല. അപ്പോള്‍ പിന്നെ നീതിന്യായ പുനഃപരിശോധനാധികാരത്തില്‍ എങ്ങനെയാണ് സുപ്രീം കോടതി കൈവെക്കുക.
പതിനായിരക്കണക്കിന് കേസുകളാണ് സുപ്രീം കോടതിയില്‍ മാത്രം കെട്ടിക്കിടക്കുന്നത്. അവയൊക്കെ തീര്‍പ്പാക്കേണ്ട ഭാരിച്ച ചുമതലയാണ് ന്യായാധിപര്‍ക്കുള്ളത്. മുഖ്യ ന്യായാധിപന്‍ എന്ന നിലയില്‍ ചീഫ് ജസ്റ്റിസിനെ അക്കാര്യം അസ്വസ്ഥപ്പെടുത്തുക സ്വാഭാവികം. ഹൈക്കോടതികളിലൂടെ തുല്യനിലയില്‍ പരിഹാരം ലഭിക്കുമ്പോള്‍ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത് നിരുത്സാഹപ്പെടുത്തുക എന്നാകും ആര്‍ട്ടിക്കിള്‍ 32നെ പ്രതി ചീഫ് ജസ്റ്റിസ് നടത്തിയ പ്രസ്താവനയുടെ ഉദ്ദേശ്യം. എന്നാല്‍ രാജ്യത്തെ ജുഡീഷ്യറിയുടെ നീതിന്യായ, ഭരണകാര്യ തലവനായ മുഖ്യ ന്യായാധിപന്‍ തുറന്ന കോടതിയില്‍ അത്തരമൊരു അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുന്നതും നിഷേധാത്മക സന്ദേശം നല്‍കുന്നതുമാണ്. കേസുകള്‍ അനന്തമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ സുപ്രീം കോടതിക്ക് കൃത്യമായ പ്ലാന്‍ വേണം. കാലേക്കൂട്ടി നിര്‍ണയിച്ച സമയ പരിധിക്കകം തീര്‍പ്പാക്കുന്ന രീതി രൂപപ്പെടുത്തണം. അതോടൊപ്പം പ്രവൃത്തി ദിനവും ന്യായാധിപരുടെ അംഗബലവും വര്‍ധിപ്പിക്കണം. പുതിയ നിയമനങ്ങളില്‍ കാലവിളംബം വരുത്തുകയുമരുത്. അതിന് പകരം പൗരന്മാരുടെ ഏറ്റവും വിലയേറിയ മൗലികാവകാശത്തെ ന്യൂനീകരിച്ചാല്‍ അത് ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകരുന്നതിനിടയാക്കും.
നേരത്തേ 32ാം ഭരണഘടനാനുഛേദത്തെ സംബന്ധിച്ച് നിഷേധ സ്വരത്തിലുള്ള അഭിപ്രായം ചീഫ് ജസ്റ്റിസ് രേഖപ്പെടുത്തിയതിന് ശേഷം ഡിസംബര്‍ മൂന്നിന് ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീം കോടതി ബഞ്ച്, ഭരണഘടനയുടെ മൗലിക സ്വഭാവത്തിന്റെ അവിഭാജ്യ ഭാഗമാണ് 32ാം ഭരണഘടനാനുഛേദമെന്ന് ഒരു കേസിന്റെ വിധിയില്‍ പ്രസ്താവിക്കുകയുണ്ടായി. അവിതര്‍ക്കിത വിഷയമാണത്. അതില്‍ പോലും വാദവും പ്രതിവാദവും ഉയരുന്നത് ആശാവഹമല്ല. ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ അതിന്റെ ചരിത്രത്തിലെ കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ആപത് സന്ധിയില്‍ നീതിപീഠങ്ങള്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന വിമര്‍ശം ഘനീഭവിച്ചു നില്‍ക്കുന്ന സമൂഹത്തില്‍ നീതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഇടപെടലുകള്‍ മാത്രമേ ജുഡീഷ്യറിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടുള്ളൂ.
അഡ്വ. അഷ്‌റഫ് തെച്യാട്