Connect with us

Thiruvananthapuram

തലസ്ഥാനത്ത് കടുത്ത ചൂടാണ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന ശ്രദ്ധ ആകർഷിക്കും വിധം മുന്നണികളുടെ പ്രധാന നേതാക്കൾ തമ്മിൽ വലിയ പോരാട്ടം നടത്തുന്ന തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കോർപറേഷനിൽ സിറ്റിംഗ് വാർഡുകൾ വിട്ട് മറ്റ് മുന്നണികൾ വിജയിച്ച വാർഡുകളിലാണ് പല പ്രമുഖരും മത്സരിക്കുന്നത്. 25 വർഷമായി എൽ ഡി എഫിനൊപ്പം നിൽക്കുന്ന തിരുവനന്തപുരം കോർപറേഷൻ ഇക്കുറിയും തങ്ങൾക്കൊപ്പം നിൽക്കുമെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി. കഴിഞ്ഞ തവണ 43 സീറ്റുകൾ നേടിയ ഇടതുമുന്നണി ഇക്കുറി 60 സീറ്റുകളെങ്കിലും നേടുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. പരിചയസമ്പന്നരും ചെറുപ്പക്കാരും ചേർന്ന ടീമാണ് ഇക്കുറി പ്രചാരണ രംഗത്തുള്ളത്.
2010ലെ 40 സീറ്റുകളിൽ നിന്ന് കഴിഞ്ഞ തവണ 21 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട യു ഡി എഫ് ഇക്കുറി തങ്ങളുടെ സീറ്റുകൾ പരമാവധി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ബി ജെ പിക്ക് പിന്നിൽ മൂന്നാം സ്ഥാനമെന്ന നിലവിലെ അവസ്ഥ മാറ്റാനുള്ള തീവ്രശ്രമത്തിലാണ് യു ഡി എഫ്. അതേസമയം, കഴിഞ്ഞ തവണ 35 സീറ്റുകൾ നേടിയുള്ള മുന്നേറ്റം ആവർത്തിച്ച് ഇക്കുറി കോർപറേഷൻ ഭരണം നേടാനുറച്ചാണ് ബി ജെ പി സ്ഥാനാർഥികൾ രംഗത്തുള്ളത്. അതനുസരിച്ചുള്ള പ്രചാരണമാണ് തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാർഥികൾ നടത്തുന്നത്. 2010ൽ നേടിയ ആറ് സീറ്റുകളിൽ നിന്നാണ് കഴിഞ്ഞ തവണ ബി ജെ പി 35 സീറ്റുകൾ നേടിയത്. നേമത്ത് നേടിയ നിയസഭാ സീറ്റിലെ വിജയം നഗരത്തിൽ ആവർത്തിച്ച് ഭരണം നേടണമെന്ന നിർദേശമാണ് ബി ജെ പി നേതൃത്വം നൽകിയിട്ടുള്ളത്.

അതേസമയം, നിലവിലെ അവസ്ഥയിൽ ഭരണം പിടിക്കാൻ മൂന്ന് മുന്നണികളും ഏറെ വിയർപ്പൊഴുക്കേണ്ടി വരും. കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷവും, സ്ഥിരം വോട്ടു കേന്ദ്രങ്ങളിലെ വോട്ടു നിലയുമെല്ലാം മാറി മറിഞ്ഞിരുന്നു. തലസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ബി ജെ പി നിർണായകമായ വോട്ടുകൾ നേടിയപ്പോൾ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് സി പി എം സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ മൂന്ന് പാർട്ടികൾക്കും കാര്യങ്ങൾ സങ്കീർണമാണ്.

ജില്ലാ- ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണിയും യു ഡി എഫും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്.
ജില്ലാ പഞ്ചായത്തിൽ 19 സീറ്റുകളുമായി ഭരണം പിടിച്ച ഇടതുമുന്നണിക്കെതിരെ നിലവിലെ വിവാദ വിഷയങ്ങൾ ഉയർത്തി യു ഡി എഫ് ശക്തമായ പോരാട്ടം കുറിച്ചിട്ടുണ്ട്. ബി ജെ പിയുടെ ഒരേയൊരു ജില്ലാ ഡിവിഷനിൽ പാർട്ടിയുടെ മുൻ ജില്ലാ പ്രസിഡന്റ് എസ് സുരേഷിനേയാണ് ബി ജെ പി മത്സരത്തിനായി രംഗത്തിറക്കിയിട്ടുള്ളത്.
എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടിംഗ് ശതമാനം കുറയുമോ എന്ന ആശങ്കയിലാണ് പാർട്ടികൾ.

Latest