Gulf
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവലാളുകളാവണം: ഐ സി എഫ്
		
      																					
              
              
            
റിയാദ് | ഭരണകൂടങ്ങള്‍ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും പാര്‍ശ്വവത്ക്കരിക്കുമ്പോള്‍ നേരിന്റെ പക്ഷത്ത് ഉറച്ചു നിന്ന് ജനാധിപത്യത്തിനു കാവലാളാവാന്‍ മാധ്യമങ്ങള്‍ തയാറാവണമെന്ന് “മാധ്യമങ്ങളും നേരിന്റെ പക്ഷവും എന്ന ശീര്‍ഷകത്തില്‍” ഐ സി എഫ് സംഘടിപ്പിച്ച വെബിനാര്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേറ്റുകളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ഭരണകൂടങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അവരെ തിരുത്താന്‍ ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളാണ് മുന്നിട്ടിറങ്ങേണ്ടത്. അഭിനവ ഇന്ത്യയില്‍ സത്യസന്ധമായ പത്രപ്രവര്‍ത്തനം ഏറെ പ്രയാസമേറിയതാണ്.
സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ ഭരണകൂടം കൈകാര്യം ചെയ്യുന്നതിന്റെ എറ്റവും മികച്ച ഉദാഹരണമാണ് അര്‍ണാബ് ഗോസ്വാമിയും സിദ്ദീഖ് കാപ്പനുമെന്ന് സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തിയ പ്രവാസി വായന മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല അഭിപ്രായപ്പെട്ടു. നിക്ഷിപ്ത താത്പര്യങ്ങള്‍ ഒളിച്ചു കടത്താനുള്ള വേദിയായി പത്ര കോളങ്ങള്‍ മാറരുതെന്നും, കുറ്റാരോപിതരുടെ സമുദായവും ജാതിയും നോക്കി റിപ്പോര്‍ട്ടിംഗിന്റെ ശൈലി മാറ്റുന്ന പ്രവണത അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഐ സി എഫ് മുഖപത്രമായ പ്രവാസി വായനയുടെ പ്രചാരണ കാമ്പയിനോടാനുബന്ധിച്ചു നടത്തിയ വെബിനാര്‍ സെന്‍ട്രല്‍ പ്രസിഡന്റ് യൂസഫ് സഖാഫിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് നാഷണല്‍ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് അബ്ദുസ്സലാം വടകര ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകരായ നജീം കൊച്ചു കലുങ്ക്, ഷിബു ഉസ്മാന്‍, സലിം പള്ളിയില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കടുത്തു. ഐ സി എഫ് സെന്‍ട്രല്‍ സംഘടന സമിതി പ്രസിഡന്റ് മുനീര്‍ കൊടുങ്ങല്ലൂര്‍ മോഡറേറ്ററായിരുന്നു. യൂസഫ് സഖാഫി പ്രാര്‍ഥന നടത്തി. ഷാഫി തെന്നല, അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
