Connect with us

Ongoing News

ജമാഅത്തെ ഇസ്‌ലാമിയെ ആർക്കാണ് ഇത്ര പേടി

Published

|

Last Updated

കോഴിക്കോട് | ഞങ്ങൾ ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടിയിട്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് നേരാംവണ്ണം പറയാൻ നാണം സമ്മതിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാ ഈ പണിക്ക് മെനക്കെട്ടതെന്ന ചോദ്യത്തിന് ആരാണ് ഉത്തരം പറയുക ? കഴിഞ്ഞ ദിവസം കോഴിക്കോട് പ്രസ്‌ക്ലബ്ബിൽ മീറ്റ് ദ പ്രസിന് ഉമ്മൻചാണ്ടി എത്തിയിരുന്നു. സ്വാഭാവികമായും യു ഡി എഫിന്റെ വെൽഫെയർ പാർട്ടിയുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ നാനാഭാഗത്ത് നിന്ന് ഉയർന്നു. വെൽഫെയർ പാർട്ടിയുമായി യാതൊരുവിധ ബന്ധവുമില്ലെന്നായിരുന്നു ഉമ്മൻചാണ്ടി അർഥശങ്കക്കിടയില്ലാത്ത വിധം ആണയിട്ടത്. കോഴിക്കോട്ടെത്തിയ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ ഇതേ കസേരയിൽ തന്നെ കയറിയിരുന്നാണ് പറഞ്ഞത് മുസ്‌ലിം ലീഗാണ് ജമാഅത്തുമായുള്ള ബന്ധത്തിന്റെ ഇടനിലക്കാരെന്ന്. അപ്പോ ലീഗിന് വെൽഫെയറുമായി ചില്ലറ ഇടപാടുകളൊക്കെ ഉണ്ടെന്നാണോ മനസ്സിലാക്കേണ്ടത്. പിന്നെയെന്തിനാ കോഴിക്കോട് കോർപറേഷനിൽ ഒരു സീറ്റ് നിങ്ങൾ കൊടുത്താൽ ഒന്ന് ഞങ്ങളും കൊടുത്തോളാമെന്ന് കോൺഗ്രസും ലീഗും ധാരണയാക്കിയത്. അങ്ങനെ കുടിയിടപ്പ് കിട്ടിയ ചെറുവണ്ണൂർ വെസ്റ്റ് വാർഡിൽ ജമാഅത്ത് സ്ഥാനാർഥിയെ നിർത്തിയപ്പോൾ ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകരോട് എം കെ രാഘവൻ എം പി കയർത്തു സംസാരിച്ചത് എന്തിനായിരുന്നു? ജമാഅത്തിന്റെ പ്രാദേശിക നേതാവിന് വോട്ട് ചെയ്യാനാവില്ലെന്ന് പറഞ്ഞ് സ്ഥാനങ്ങൾ രാജിവെച്ച കോൺഗ്രസിന്റെ പതിനാറോളം പ്രാദേശിക നേതാക്കളോട് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നടപടിയുണ്ടാകുമെന്ന് പറഞ്ഞ് കണ്ണുരുട്ടി പേടിപ്പിക്കുന്നതെന്തിനാണ്. സ്വാഭാവികമായും ഉയരുന്ന ചോദ്യങ്ങൾ ചോദിച്ചെന്നേയുള്ളൂ.

ഇനി വെൽഫെയറുമായി ബന്ധമുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞാൽ തന്നെ മുസ്‌ലിം ലീഗിന്റെ വലിയ നേതാക്കന്മാർ സമ്മതിച്ചേക്കാം, യൂത്ത് ലീഗുകാർ അതിന് റാം മുളാനിടയില്ല. കോഴിക്കോട് കോർപറേഷനിൽ വെൽഫെയറിന് ലീഗ് ദാനം ചെയ്ത സീറ്റാണ് മൂഴിക്കൽ. ഇവിടെ പരിപ്പ് വേവില്ലെന്ന് കണ്ടപ്പോഴാണ് കോൺഗ്രസിന്റെ പ്രാദേശിക നേതാവിനെ സ്ഥാനാർഥിയാക്കി പേരിന് യു ഡി എഫ് സ്വതന്ത്രൻ എന്ന ബോർഡും വെച്ചത്. ജമാഅത്തിന് ഈ സീറ്റ് കൊടുത്തതിനെച്ചൊല്ലി കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ മുസ്‌ലിം ലീഗിന്റെ ശക്തമായ ഒരു യൂനിറ്റ് മാറി നിന്ന് റിബൽ സ്ഥാനാർഥിയെ നിർത്തി വോട്ട് തേടുകയാണിപ്പോൾ.
എന്തിനായിരുന്നു ഈ പുലിവാലൊക്കെയെന്ന് ചോദിച്ചാൽ ലീഗിനും കോൺഗ്രസിനും മറുപടിയില്ല. കോഴിക്കോട് നഗരസഭ പിടിക്കാൻ വെൽഫെയർ ഉണ്ടെങ്കിൽ സാധിക്കുമെന്നായിരുന്നു ആദ്യമൊക്കെ ഇരു കക്ഷി നേതാക്കളും ന്യായം പറഞ്ഞിരുന്നത്. വെൽഫെയറുമായി ബന്ധമുണ്ടെന്ന് കൃത്യമായി പറഞ്ഞവരിൽ ഒരാളായിരുന്നു യു ഡി എഫ് കൺവീനർ എം എം ഹസൻ.

അദ്ദേഹത്തിനും ഇന്നലെ മുതൽ ഇളക്കം തട്ടി. കേരളത്തിൽ എവിടെയും യു ഡി എഫിന് വെൽഫെയറുമായി സഖ്യമില്ലെന്നാണ് ഹസൻ ഇന്നലെ തൃശൂരിൽ മൊഴിഞ്ഞത്. തന്റെ വാമൊഴി തിരുത്താതെയുള്ള ഒരേ ഒരാൾ മാത്രമാണിപ്പോഴുള്ളത്. കെ മുരളീധരൻ. അങ്ങേർക്ക് ഈ സർക്കസ് അറിയില്ലായിരിക്കും ? എന്നാലോ, യു ഡി എഫുമായി വല്ല ഇടപാടുമുണ്ടോയെന്ന് ചോദിച്ചാൽ ജമാഅത്ത് രാഷ്ട്രീയക്കാർക്ക് ആയിരം നാവാണ്. എവിടെയൊക്കെ ധാരണയുണ്ടെന്നും എന്തൊക്കെയാണ് നടന്നതെന്നുമൊക്കെ വള്ളി പുള്ളിയില്ലാതെ അവർ വിവരിച്ചു തരും. ഇരു കൂട്ടരും ഒരു കാര്യം പറഞ്ഞു തന്നാൽ മതി. പാവം വോട്ടർമാർ എന്താണ് മനസ്സിലാക്കേണ്ടത്. ജമാഅത്ത് സഖ്യത്തിനെതിരെ ലീഗ് നേതാക്കളെ പോയിക്കണ്ട ചില സംഘടനകളൊക്കൊ ഈ നാട്ടിൽ ഇപ്പോഴുമുണ്ട്. വെൽഫെയറിനെ ചൊല്ലി നാട്ടിൽ നടക്കുന്ന ഈ കോലാഹാലങ്ങളൊക്കെ അവരും കേൾക്കുന്നുണ്ടാവുമല്ലോ. ജമാഅത്ത് സഖ്യമോ, ഹേയ്, അങ്ങനെയൊന്നുണ്ടാവില്ലെന്ന് പറഞ്ഞ് ലീഗ് നേതാക്കളുടെ സമാധാന വാക്ക് കേട്ട് പോന്ന സംഘടനാ നേതാക്കളൊക്കെ പിന്നെ ആ രാഷ്ട്രീയ നേതാക്കളെ ഫോണിൽ വിളിച്ചു നോക്കിയിട്ടുണ്ടാവുമോ ആവോ…..

Latest