National
രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന്‍ താമസിയാതെ വിതരണ സജ്ജമാകുമെന്ന് പ്രതീക്ഷ: എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി | രാജ്യത്ത് ഏതെങ്കിലുമൊരു കൊവിഡ്പ്രതിരോധ വാക്‌സിന് താമസിയാതെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഈ മാസം അവസാനത്തോടെയോ ജനുവരിയുടെ തുടക്കത്തിലോ ഏതെങ്കിലുമൊരു വാക്‌സിന്‍ വിതരണ സജ്ജമായേക്കും. വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പരീക്ഷണത്തിലുള്ള ചില വാക്സിനുകള്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്നതിന് തെളിവു ലഭിച്ചിട്ടുണ്ട്. രാജ്യത്തെ എണ്‍പതിനായിരത്തോളം പേരില്‍ വാക്സിന്‍ പരീക്ഷണം നടത്തിയിട്ടുണ്ടെന്നും ആരിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടിട്ടില്ലെന്നും എയിംസ് ഡയറക്ടര്‍ പറഞ്ഞു.
ഓക്സ്ഫഡിന്റെ കോവിഷീല്‍ഡ് വാക്സിനും റഷ്യയുടെ സ്പുട്നിക് വിയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. ഓക്സ്ഫഡ് വാക്സിനെതിരെ ഉയര്‍ന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും രണ്‍ദീപ് പറഞ്ഞു. വലിയ തോതില്‍ വാക്സിന്‍ പരീക്ഷണം നടത്തുമ്പോള്‍ ചിലര്‍ക്ക് മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. അത് വാക്സിനുമായി ബന്ധപ്പെട്ടതാണെന്ന് പറയാനാവില്ല. ബൂസ്റ്റര്‍ ഡോസ് നല്‍കിക്കഴിഞ്ഞാല്‍ ശരീരത്തില്‍ ആന്റിബോഡി വലിയതോതില്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് ഏതാനും മാസങ്ങളോളം നിലനില്‍ക്കും. പ്രാരംഭ ഘട്ടത്തില്‍ എല്ലാവര്‍ക്കും നല്‍കുന്നതിനുള്ള വാക്സിന്‍ ലഭ്യമാകില്ലെന്നതിനാല്‍ മുന്‍ഗണനാ പട്ടിക തയാറാക്കുമെന്നും രണ്‍ദീപ് വ്യക്തമാക്കി. പ്രായമുള്ളവര്‍, രോഗബാധിതര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം, ചെയ്യുക.