Eranakulam
ഇവിടെ വീട്ടിൽ വരാത്ത സ്ഥാനാർഥിക്ക് വോട്ട്

കോട്ടയം | തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് പിന്നാലെ സ്ഥാനാർഥിക്കടക്കം കൊവിഡ് പോസിറ്റീവായ സാഹചര്യത്തിൽ “വീട്ടിൽ വരാത്ത സ്ഥാനാർഥിക്ക് വോട്ട്” എന്ന ഹാഷ്ടാഗുമായി മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ. പാലാ, എരുമേലി തുടങ്ങിയ വിവിധ മേഖലകളിൽ സ്ഥാനാർഥികൾക്കടക്കം കഴിഞ്ഞദിവസം കൊവിഡ് പോസിറ്റീവായിരുന്നു. ഈ സാഹചര്യത്തിൽ കൊവിഡ് വ്യാപനം തടയാൻ സ്ഥാനാർഥികളുടെ ഭവന സന്ദർശനം ഒഴിവാക്കുക എന്ന സന്ദേശം ഉയർത്തിയാണ് വീട്ടിൽ വരാത്ത സ്ഥാനാർഥിക്ക് വോട്ട് എന്ന് ഹാഷ്ടാഗോട് കൂടിയ ക്യാമ്പയിൻ നടത്തുന്നത്. ഇതിന്റെ ഭാഗമായി വാട്ട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തും.
സ്ഥാനാർഥികൾ വീട്ടിലെത്തുന്നതിന് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കൊവിഡ് വന്നാൽ സ്ഥാനാർഥിയും കാണില്ല, തിരഞ്ഞെടുപ്പ് കമ്മീഷനും കാണില്ല എന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. സ്ഥാനാർഥികൾ രണ്ടിലേറെ തവണ വീടുകയറിയതിനാൽ ഇനി വീടുകയറ്റം അനാവശ്യമാണെന്നും ഫൗണ്ടേഷൻ പറയുന്നു.