Connect with us

Kerala

ബുറെവി വരുന്നു; കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

Published

|

Last Updated

തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ബുറെവി ചുഴലിക്കാറ്റായി രൂപംകൊണ്ടു. ബുറെവി ഡിസംബര്‍ 4ന് പുലര്‍ച്ചെ കന്യാകുമാരിക്കും പാമ്പന്‍ കടലിടുക്കിനും ഇടയിലൂടെ കടന്നു പോകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളിലും, തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്.

ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറിയെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ചുഴലിക്കാറ്റിന്റെ നിലവിലുള്ള വേഗം ഏതാണ്ട് മണിക്കൂറില്‍ 80 കിലോമീറ്ററോളമാണ്.നവംബര്‍ 25ന് കാരയ്ക്കല്‍ പുതുച്ചേരി തീരപ്രദേശത്തിനിടെ തീരംതൊട്ട നിവാര്‍ ചുഴലിക്കാറ്റിന് പിന്നാലെയാണ് ബുറെവിയുടെ വരവ്.

ശക്തമായ മഴക്കുള്ള സാധ്യതയെത്തുടര്‍ന്ന് കേരളത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കടലില്‍ മീന്‍ പിടിക്കുന്നതില്‍ പൂര്‍ണമായ വിലക്കേര്‍പ്പെടുത്തും. പുറംകടലിലുള്ള എല്ലാ മത്സ്യത്തൊഴിലാളികളോടും തിരികെയെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കക്കി ഡാം, കല്ലട ഡാം, നെയ്യാര്‍ റിസര്‍വ്വോയര്‍ എന്നിവിടങ്ങളില്‍ പരമാവധി ജാഗ്രത പാലിക്കാന്‍ കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.