Editorial
പാറമടകളും നിയമസഭാ സമിതി ശിപാര്‍ശകളും

ജനവാസ കേന്ദ്രങ്ങളുമായുള്ള പാറമടകളുടെ (ക്വാറി) ദൂരം 200 മീറ്ററായി വര്‍ധിപ്പിക്കണമെന്ന് ശിപാര്‍ശ ചെയ്തിരിക്കുകയാണ് നിയമസഭാ സമിതി. നിലവില്‍ 50 മീറ്ററാണ് ദൂരപരിധി. ഇത് 300 മീറ്ററായി ഉയര്‍ത്തിയാല്‍ പോലും പാറമടയുണ്ടാക്കുന്ന ആഘാതങ്ങളില്‍ നിന്ന് മുക്തമാകാന്‍ കഴിയില്ലെന്ന് സമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ പ്രദേശത്തെ താമസക്കാര്‍ക്ക് കടുത്ത പ്രയാസങ്ങളും ദുരിതങ്ങളും സൃഷ്ടിക്കുന്നു. പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന പൊടിയും വെടിമരുന്ന് മണവും അസഹ്യമായിരിക്കും പലപ്പോഴും. കല്ലിന്റെ ചീളുകള്‍ തെറിച്ച് ആളുകള്‍ക്ക് പരുക്കേല്‍ക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇതൊഴിവാക്കാനാണ് ദൂരപരിധി വര്‍ധിപ്പിക്കാന്‍ സമിതി ശിപാര്‍ശ ചെയ്തത്. ഉഗ്ര സ്‌ഫോടന ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറകള്‍ പൊട്ടിക്കുമ്പോള്‍ സമീപത്തെ ഉറവകള്‍ വറ്റുക, കുടിവെള്ളത്തിന് ക്ഷാമം നേരിടുക തുടങ്ങിയ പ്രശ്‌നങ്ങളും പ്രദേശത്തെ താമസക്കാര്‍ അഭിമുഖീകരിക്കുന്നു.32 ശിപാര്‍ശകള്‍ അടങ്ങുന്നതാണ് മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ പരിസ്ഥിതി നിയമസഭാ സമിതി റിപ്പോര്‍ട്ട്. ക്വാറികളുടെ പ്രവര്‍ത്തനം മൂലം റോഡുകള്‍ തകര്‍ന്നാല്‍ ക്വാറി ഉടമകളുടെ ചെലവില്‍ അറ്റകുറ്റപ്പണി നടത്തുക, കല്ലുകളുടെ ഉപയോഗം കുറക്കുന്നതിന് കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കുക, അനുവദനീയ പരിധിയില്‍ കൂടുതലുള്ള വീടുകള്‍ നിര്‍മിക്കുന്നവരില്‍ നിന്ന് പാറ വിലയോടൊപ്പം അധിക നികുതി ഈടാക്കുക, പാറപൊട്ടിക്കാന്‍ അമോണിയം നൈട്രേറ്റ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന രീതി ഉപേക്ഷിച്ച് ബ്ലേഡ് കട്ടിംഗും ഇലക്ട്രിക് ഇതര രീതികളും സ്വീകരിക്കുക, ഇലക്ട്രിക് ഇതര ടെക്‌നോളജി ഉപയോഗിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുക, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട പ്രദേശ വാസികള്‍ക്ക് വീട് നിര്‍മാണത്തിന് സബ്‌സിഡി നിരക്കില്‍ നിശ്ചിത അളവ് പാറ നല്‍കാന്‍ ക്വാറി ഉടമകള്‍ക്ക് നിര്‍ദേശം നല്‍കുക, ക്വാറികള്‍ ഖനന വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും വകുപ്പുതല ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന നിരീക്ഷണ സമിതി രൂപവത്കരിക്കുക തുടങ്ങിയവയാണ് മറ്റു ചില നിര്‍ദേശങ്ങള്‍.
സ്‌ഫോടനത്തിലൂടെ പാറപൊട്ടിക്കുന്ന ക്വാറികളുടെ ജനവാസ കേന്ദ്രങ്ങളുമായുള്ള ദൂരപരിധി 200 മീറ്ററും സ്‌ഫോടനം നടത്താതെ പ്രവര്‍ത്തിക്കുന്നവയുടേത് 100 മീറ്ററുമാക്കി ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തേ ഉത്തരവിറക്കിയതാണ്. ജസ്റ്റിസ് ആദര്‍ശ്കുമാര്‍ ഗോയല്‍, ജസ്റ്റിസ് പി വാങ്ക്ടി, വിദഗ്ധ അംഗമായ ഡോ. നാഗിന്‍നന്ദ എന്നിവരടങ്ങുന്ന ട്രൈബ്യൂണല്‍ ബഞ്ചാണ് കഴിഞ്ഞ ജൂലൈയില്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ശബ്ദമലിനീകരണവും പരിസ്ഥിതി ആഘാതവും പൊതുജനാരോഗ്യവും പരിഗണിച്ച് പുറപ്പെടുവിച്ച ഈ ഉത്തരവ് ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹരജിയില്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്യുകയും 50 മീറ്ററാക്കി നിലനിര്‍ത്തുകയുമായിരുന്നു. പരിസ്ഥിതി വകുപ്പിന്റെ മാത്രം വാദം കേട്ടാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയതെന്നും റവന്യൂ വകുപ്പടക്കം മറ്റു കക്ഷികളുടെ വാദം കേട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ സ്റ്റേ.
ജനസാന്ദ്രത കൂടിയ കേരളത്തില്‍ പാറമടകളുടെ പ്രവര്‍ത്തനം എന്നും തര്‍ക്ക വിഷയമാണ്. നിലവില്‍ സംസ്ഥാനത്ത് ലൈസന്‍സുള്ള പാറമടകളുടെ എണ്ണം 723 ആണെങ്കിലും മൂന്ന് വര്‍ഷം മുമ്പ് വന ഗവേഷണ കേന്ദ്രം നടത്തിയ ഒരു പഠനത്തില്‍ 5,924 പാറമടകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. 2016ലെ സി എ ജി റിപ്പോര്‍ട്ട് പ്രകാരം കരിങ്കല്‍, ചെങ്കല്‍ അടക്കം സംസ്ഥാനത്ത് 20,821 അനധികൃത മടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ 30 ശതമാനവും കരിങ്കല്‍ ക്വാറികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതനുസരിച്ച് അവയുടെ എണ്ണം 6,246 വരും. ഇന്ന് പാറമടകളുടെ എണ്ണം പിന്നെയും വര്‍ധിച്ചിട്ടുണ്ട്. 2018ലെ പ്രളയത്തിനു ശേഷം മാത്രം സംസ്ഥാനത്ത് 119 ക്വാറികള്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും വനഭൂമിയിലും നദീതടങ്ങളിലുമെല്ലാമാണ് ഇവയില്‍ നല്ലൊരു ഭാഗവും പ്രവര്‍ത്തിക്കുന്നത്. 78 എണ്ണം ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രങ്ങളായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രദേശങ്ങള്‍ക്ക് അരികിലും 354 എണ്ണം ഭൂകമ്പ സാധ്യതയുള്ള ദുര്‍ബല മേഖലക്കടുത്തുമാണെന്നും വന ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിനു നേരേ കണ്ണടക്കുകയായിരുന്നു. അതീവ ജൈവ പ്രാധാന്യമുള്ള പ്രദേശത്ത് ഭൂമി കൈയേറി അനധികൃതമായി ഖനനം നടത്തുന്ന ഖനന മാഫിയകളുമുണ്ട് സംസ്ഥാനത്ത്. പലപ്പോഴും ഉദ്യോഗസ്ഥ മേധാവികളുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്. സാധാരണക്കാര്‍ക്ക് വീടിനോടു ചേര്‍ന്ന് ഒരു മുറി നിര്‍മിക്കണമെങ്കില്‍ നിരവധി തവണ ഓഫീസുകള്‍ കയറിയിറങ്ങണം. എന്നാൽ ചട്ടങ്ങള്‍ പാലിക്കാതെ തുടങ്ങുന്ന പാറമടകള്‍ക്ക് ലൈസന്‍സ് കിട്ടാന്‍ അത്ര ബുദ്ധിമുട്ടില്ലെന്നതാണ് അവസ്ഥ. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും ഖനന മാഫിയയുടെ ചൊല്‍പ്പടിയിലാണ്. ജല, വായു, മണ്ണ് മലിനീകരണത്തിനിടയാക്കുന്ന വിധം ചട്ടങ്ങള്‍ ലംഘിച്ച് പാറമടക്ക് ലൈസന്‍സ് നല്‍കുന്നതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നേരത്തേ ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെടുന്നില്ല. ജനവാസ കേന്ദ്രങ്ങളില്‍ പാറമടകളുടെ (ക്വാറി) ദൂരപരിധി വര്‍ധിപ്പിക്കാനുള്ള തീരുമാനം സംസ്ഥാനത്ത് നടപ്പാകുമോ എന്ന് കണ്ടറിയണം. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ഹരിത ട്രൈബ്യൂണലിന്റെയും ഇതര പരിസ്ഥിതി സംരക്ഷണ സ്ഥാപനങ്ങളുടെയും കാഴ്ചപ്പാടുകളും നയങ്ങളും ജനസാന്ദ്രത കൂടിയ കേരളത്തിന് യോജിച്ചതല്ലെന്നാണ് സര്‍ക്കാര്‍ കാഴ്ചപ്പാട്. ക്വാറികളുടെ ദൂരപരിധി ഉയര്‍ത്തുന്നതും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കാന്‍ ഇടവരുത്തുമെന്നും ക്വാറി പ്രവര്‍ത്തനം ഒരു വ്യവസായമായി കാണണമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ക്വാറി പ്രവര്‍ത്തനം പരിസ്ഥിതിക്ക് കനത്ത ആഘാതം ഏല്‍പ്പിക്കുന്നതിനാല്‍ അവക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ശക്തമായ നിലപാടിലാണ് പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും. ഇക്കാര്യത്തില്‍ ഒരു സമന്വയം ആവശ്യമാണ് സംസ്ഥാനത്ത്. പരിസ്ഥിതിയുടെ പ്രാധാന്യവും സംസ്ഥാനത്തിന്റെ വികസന പദ്ധതികളുടെ സുഗമമായ പ്രവര്‍ത്തനവും കണക്കിലെടുത്തു കൊണ്ടുള്ള നയം രൂപം കൊള്ളേണ്ടത് അനിവാര്യമാണ്.