National
ഡല്‍ഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും അടയ്ക്കും; സമരവീഥിയില്‍ അടിയുറച്ച് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഡല്‍ഹിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടച്ച് സമരം കടുപ്പിക്കാനാണ് നീക്കം.
സര്‍ക്കാര്‍ മുന്നോട്ടുവച്ച ഉപാധികള്‍ തള്ളിക്കളഞ്ഞ കര്‍ഷക നേതാക്കള്‍ സമരവേദി ബുരാരിയിലേക്ക് മാറ്റാന്‍ തയാറല്ലെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചക്ക് സര്‍ക്കാര്‍ നിബന്ധനകള്‍ മുന്നോട്ടുവെക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അത് കര്‍ഷകരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും നേതാക്കള്‍ പറഞ്ഞു. ബുറാഡിയിലേക്ക് ഒരിക്കലും സമരവേദി മാറ്റില്ല. അതൊരു തുറന്ന ജയിലാണ്. ബുരാരിയിലേക്കു പോകുന്നതിനു പകരം ഡല്‍ഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും അടച്ച് സമരം ശക്തമാക്കാനാണ് തീരുമാനമെന്നും അവര്‍ പ്രതികരിച്ചു.
കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വീട്ടില്‍ ഇന്നലെ രാത്രി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അമിത് ഷാ കഴിഞ്ഞ ദിവസം മുന്നോട്ടുവെച്ച സോപാധിക ചര്‍ച്ചാ നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളിയ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ചര്‍ച്ച.
ബുരാരിയിലേക്ക് പ്രക്ഷോഭത്തിനായി കര്‍ഷകര്‍ മാറിയാല്‍ ഡിസംബര്‍ മൂന്നിന് മുമ്പുതന്നെ ചര്‍ച്ച നടത്താന്‍ സന്നദ്ധമാണെന്നായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം അറിയിച്ചത്. പുതിയ നിയമങ്ങള്‍ കര്‍ഷക ക്ഷേമത്തിന് വേണ്ടിയാണെന്നും നിയമത്തെ വിമര്‍ശിക്കുന്നവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു ഞായറാഴ്ച അമിത് ഷാ ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞത്. പുതിയ നിയമം കര്‍ഷകരുടെ നന്മക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്‍ കി ബാതില്‍ പറഞ്ഞിരുന്നു.