Connect with us

International

പുതിയ പോലീസ് നിയമത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം കരുത്താര്‍ജിക്കുന്നു

Published

|

Last Updated

പാരിസ് |  പോലീസിന്റെ ചിത്രങ്ങള്‍ പങ്കിടുന്നത് നിയന്ത്രിക്കുന്ന പുതിയ നിയമനിര്‍മ്മാണത്തിനെതിരെ ഫ്രാന്‍സില്‍ ആരംഭിച്ച ജനകീയ പ്രതിഷേധം കരുത്താര്‍ജിക്കുന്നു. പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സിലെ തെരുവിലിറങ്ങിയത്. പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.

പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 24 പ്രകാരം ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ അവര്‍ക്ക് “ശാരീരികമോ മാനസികമോ” ആയി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാകും. കറുത്തവര്‍ഗക്കാരനായ ഒരാളെ പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ചിത്രം കാണിക്കുന്നതിനെതിരെ നിയമനിര്‍മാണം നടത്തിയത്.

കഴിഞ്ഞ ആഴ്ച അസംബ്ലി പാസാക്കിയ പുതിയ നിയമപ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പങ്കിട്ടാല്‍ ഒരു വര്‍ഷം വരെ തടവും 45,000 യൂറോ (39,81,907.17 ഇന്ത്യന്‍ രൂപ) പിഴയും ലഭിക്കും. ഇതിനെതിരെയാണ് ഫ്രഞ്ച് ജനത ഇപ്പോള്‍ തെരുവില്‍ പ്രതിഷേധിക്കുന്നത്.

 

 

Latest