Connect with us

Articles

വർഗീയ ഭ്രാന്തിനെ കോടതി ചങ്ങലക്കിടുമ്പോൾ

Published

|

Last Updated

ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, അസം, കർണാടക തുടങ്ങി ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ‘ലൗ ജിഹാദി’ന് എതിരെ നിയമനിർമാണം കൊണ്ടുവരുവാനുള്ള തകൃതിയായ ഒരുക്കങ്ങൾ നടത്തുമ്പോൾ അലഹബാദ് ഹൈക്കോടതിയിലെ രണ്ടംഗ ബഞ്ചിൽ നിന്ന് ഈ വിഷയത്തിൽ പുറത്തുവന്ന വിധി ഹിന്ദുത്വ വാദികളുടെ സർവസന്നാഹങ്ങളെയും നിഷ്പ്രഭമാക്കുന്നതാണ്്. ഹിന്ദു യുവതികളെ പ്രലോഭിപ്പിച്ച് മുസ്‌ലിം യുവാക്കൾ ജീവിത പങ്കാളികളാക്കുകയാണെന്നും അതിനെ വൻ ക്രിമിനൽ കുറ്റമായി കാണണമെന്നുമുള്ള വികല സിദ്ധാന്തത്തിന്റെഅടിസ്ഥാനത്തിലാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിയമനിർമാണ നീക്കങ്ങൾ. 10 വർഷം വരെ തടവും പിഴയും ശിക്ഷ നൽകാനുള്ള വ്യവസ്ഥ ഉൾകൊള്ളുന്ന കരട് ഓർഡിനൻസിന് യോഗി ആദിത്യനാഥിന്റെ യു പി സർക്കാർ അംഗീകാരം നൽകിക്കഴിഞ്ഞു. മധ്യപ്രദേശാകട്ടെ, 1969ലെ മതംമാറ്റ നിയമം പൊടി തട്ടിയെടുത്ത്, മതംമാറിയുള്ള വിവാഹത്തെ നിരോധിക്കാനാണ് നിയമം കൊണ്ടുവരുന്നത്. ഹരിയാന സർക്കാർ ഹിമാചൽ പ്രദേശിൽ ഇതിനകം പ്രയോഗത്തിലുള്ള നിയമം കടമെടുക്കുകയാണ്.
ഇത്ര തിടുക്കത്തിൽ നിയമനിർമാണം കൊണ്ടുവരാനുള്ള സാഹചര്യമെന്താണെന്ന് ചോദിച്ചാൽ, വർഗീയവികാരം ഇളക്കിവിടാനും അതുവഴി സാമുദായിക ധ്രുവീകരണം പൂർത്തിയാക്കാനുമുള്ള തത്രപ്പാട് എന്നേ മറുപടിയുള്ളൂ. 2012 ൽ യു പിയിലെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്തതോടെ ‘ലൗ ജിഹാദ്’ ‘റോമിയോ ജിഹാദ്’ എന്നീ പേരുകളിൽ അമിത് ഷാ ഇറക്കിയ വർഗീയ കാർഡ് നിരവധി പേരുടെ മരണത്തിലും പതിനായിരങ്ങളുടെ കൂട്ടപലായനത്തിലും കലാശിച്ചു. വർഗീയ ധ്രുവീകരണത്തിന് മൂർച്ചയുള്ള ആയുധമായി ഭാവിയിലും ഇതുപയോഗിക്കാമെന്ന് അന്നേ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ടാകണം.

ലൗ ജിഹാദ് എന്നത് ആർ എസ് എസിന്റെ മസ്തിഷ്കത്തിൽ പൊട്ടിമുളച്ച, വിഷലിപ്ത പദ്ധതിയാണ്്. ഹിന്ദുയുവതികളെ പ്രലോഭനങ്ങളിലൂടെ വശീകരിച്ച് വിവാഹം കഴിക്കുകയും അതുവഴി മതം മാറ്റുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷത്തെ കുറിച്ചുള്ള ക്രിത്രിമമായ ഭീതി സൃഷ്ടിച്ച്, ഭൂരിപക്ഷ സമൂഹത്തെ, വിശിഷ്യാ സ്ത്രീകളിൽ പരമതവൈര്യവും വിദ്വേഷവും വിതക്കുന്ന അത്യന്തം കുത്സിതമായ ഒരു നീക്കമാണ് ഇപ്പേരിലുള്ള പ്രചാരണത്തിന് പിന്നിൽ.
ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) അടക്കമുള്ള പോലീസ് സംവിധാനം അരിച്ചുപെറുക്കി പരിശോധിച്ചിട്ടും കണ്ടെത്താൻ കഴിയാത്ത ഒരു പ്രഹേളികക്കെതിരെ നിയമം കൊണ്ടുവരിക എന്ന ബുദ്ധിശൂന്യമായ കാൽവെപ്പിനെതിരെ പ്രതിപക്ഷം പോലും ഒരക്ഷരം മിണ്ടുന്നില്ല എന്നിടത്താണ് പ്രശ്നത്തിന്റെ മർമം കിടക്കുന്നത്.

കോടതി ഇടപെടുമ്പോൾ

ന്യൂനപക്ഷ വിരുദ്ധ െപ്രാപ്പഗാണ്ട മുതലിറക്കി രാജ്യമൊട്ടുക്കം രാഷ്ട്രീയാധിപത്യം ഉറപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ആർ എസ് എസിന്റെ വർഗീയ അജൻഡക്ക് അനുഗുണമായ നിലപാടുകൾ ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നുണ്ടായതാണ് ലൗ ജിഹാദ് ദുഷ്പ്രചാരണത്തിന് ആക്കം കിട്ടിയത്.
വിവാഹം ലക്ഷ്യമിട്ട് മാത്രം മതം മാറുന്നത് അംഗീകരിക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ വിധിയാണ് ഈ ദിശയിൽ അടിയന്തരമായി നിയമനിർമാണത്തിന് യോഗി ആദിത്യനാഥിന് പ്രചോദനമായത്. ആ പരാമർശം കേൾക്കേണ്ട താമസം, ജോൺപൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ യോഗി മുസ്‌ലിം യുവാക്കൾക്ക് മുന്നറിയിപ്പ് നൽകി: നമ്മുടെ പെൺകുട്ടികളുടെ മാനം കൊണ്ട് കളിക്കാൻ വരുന്നവർ ആരായാലും ശരി, അവർ ശവസംസ്കാര ചടങ്ങുകൾക്ക് ഒരുങ്ങിക്കൊള്ളട്ടെ!. വാസ്തവത്തിൽ, കോടതിയുടെ പരാർമശം ഹിന്ദു സ്ത്രീയെ മുസ്‌ലിം യുവാവ് വിവാഹം ചെയ്ത പശ്ചാത്തലത്തിലല്ല. മറിച്ച് മുസ്‌ലിം സ്ത്രീയെ ഹിന്ദു യുവാവ് വിവാഹം കഴിക്കുകയും അവർക്ക് മാതാപിതാക്കളിൽ നിന്ന് ഭീഷണി ഉയർന്ന ചുറ്റുപാടിൽ സുരക്ഷക്കായി കോടതിയെ സമീപിക്കുകയും ചെയ്തപ്പോഴാണ്.

സെപ്തംബറിൽ പുറത്തുവന്ന ഈ വിധി ചുണ്ടിക്കാട്ടിയാണ് വിവാഹം മാത്രം ലക്ഷ്യമിട്ടുള്ള മതപരിവർത്തനം തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യോഗി പ്രഖ്യാപിച്ചത്. എന്നാൽ, രണ്ടാഴ്ച മുമ്പ്, (നവംബർ11 ന്) ഈ വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചിന്റേതായി വന്ന വിധിന്യായം ബന്ധപ്പെട്ടവർ പൂഴ്ത്തിവെച്ചു. ഒടുവിൽ വിധിന്യായം ‘ലൈവ്ലോ’യിൽ പ്രസിദ്ധീകരിച്ചപ്പോഴാണ് ലൗ ജിഹാദ് സിദ്ധാന്തത്തിന്റെ കടക്ക് കത്തിവെക്കുന്ന, ഹിന്ദുത്വ സർക്കാറുകളുടെ കുത്‌സിത അജൻഡയെ നിരാകരിക്കുന്ന വിധിയിലെ സുചിന്തിത നിരീക്ഷണം ജനങ്ങളിലെത്തുന്നത്.

2014ലെ നൂർജഹാൻ ബീഗം, അഞ്ജലി മിശ്ര, ആൻഡ് അതേഴ്സ് അഭി സ്റ്റേറ്റ് ഓഫ് യു പി, 2020 സെപ്തംബറിലെ പ്രിയൻഷി അഭി സ്റ്റേറ്റ് ഓഫ് യു പി കേസുകളിലെ വിധികളെ തിരുത്തുന്നതാണ് ഡിവിഷൻ ബഞ്ചിന്റെ തീർപ്പ്. വിവാഹത്തിന് വേണ്ടി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന വ്യത്യസ്ത ബഞ്ചുകളുടെ കാഴ്ചപ്പാടുകൾ ‘നിയമപരമായ അബദ്ധമാണെന്നാണ്’ ജസ്റ്റിസുമാരായ പങ്കജ് നഖ്‌വി, വിവേക് അഗർവാൾ എന്നിവർ വിധിന്യായത്തിൽ പറഞ്ഞത്.
പ്രായപൂർത്തിയായ വ്യക്തികളുടെ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് ഘടകവിരുദ്ധമാണിതെന്നും നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തോടുള്ള വെല്ലുവിളിയാണെന്നും (“To disregard the choice of a person who is of the age of majority would not only be antithetic to the freedom of choice of a grownup individual but would also be a threat to the concept of unity in diversity,”) ജഡ്ജിമാർ ചുണ്ടിക്കാട്ടി. 2019 ആഗസ്റ്റ് 19ന് മതാചാര പ്രകാരം തങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നുവെന്നും ഭാര്യാഭർത്താക്കൻമാരായി സസന്തോഷം തങ്ങളുടെ ജീവിതം മുന്നോട്ടുപോകുമ്പോൾ തങ്ങളുടെ ദാമ്പത്യത്തിന് അന്ത്യം കുറിക്കാൻ പോക്സോ അടക്കമുള്ള വിവിധ വകുപ്പുകൾ ചേർത്ത് കേസ് കൊടുത്തിരിക്കയാണെന്നും അതുകെണ്ട് തങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സലാമത്ത് അൻസാരിയും പ്രിയങ്ക ഖാർവാറും (ആലിയ ) സമർപ്പിച്ച ‘മൻറാമസ് റിട്ട്’ ഹരജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ സുപ്രധാന വിധി.

സ്വന്തം ഇഷ്ടപ്രകാരം വിവാഹബന്ധത്തിലേർപ്പെട്ട സലാമത്ത് അൻസാരിയെയും പ്രിയങ്ക ഖാർവറെയും മതത്തിന്റെ കണ്ണാടിയിലൂടെ കാണേണ്ടതില്ലെന്നും പൂർണ പൗരന്മാർ എന്ന നിലയിൽ അവർ അവർക്കിഷ്ടമുള്ള ദാമ്പത്യജീവിതം നയിക്കട്ടെയെന്നുമാണ് ന്യായാസനത്തിന് പറയാനുള്ളത്. ഭരണഘടനയുടെ 21ാം അനുച്ഛേദം വകവെച്ചുനൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിൽ അന്തസ്സാർന്ന ദാമ്പത്യജീവിതം നയിക്കാനുള്ള അവകാശവും ഉൾപ്പെടുന്നുണ്ടെന്നും പൗരന്മാരുടെ ഈ അവകാശത്തിൽ സർക്കാറിന് കൈകടത്താൻ സാധ്യമല്ലെന്നും കോടതി ഓർമിപ്പിച്ചു.

18 വയസ്സ് പൂർത്തിയായ ഹാദിയയുടെ കാര്യത്തിൽ പരമോന്നത നീതിപീഠം അവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ പരിഗണിച്ചുകൊണ്ടാണ് ഭർത്താവ് ഷഫിൻ ജഹാനോടൊപ്പം ജീവിക്കാൻ അനുവദിച്ചതെന്ന കാര്യവും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടുന്നു.

കത്തിച്ചതാര്?

സാമൂഹിക സംഘർഷം വിതച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ദുഷ്ടശക്തികളുടെ അജൻഡകൾക്ക് സർക്കാറുകളും കോടതിയും കൂട്ടുനിന്നതാണ് ശൂന്യതയിൽ നിന്ന് ലൗ ജിഹാദ് വിവാദം ചുട്ടെടുത്ത് അന്തരീക്ഷം പ്രക്ഷുബ്ധമാക്കാൻ അവസരമൊരുക്കിക്കൊടുത്തത്്. കേരളത്തിൽ നിന്നാണ് ലൗ ജിഹാദിന്റെ പേരിലുള്ള മുറവിളി ആദ്യം ഉയർന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
തങ്ങളുടെ സമുദായത്തിൽപ്പെട്ട 4,500 യുവതികളെ ഇസ്‌ലാം മതത്തിലേക്ക് പ്രലോഭിപ്പിച്ചുകൊണ്ടുപോയി എന്ന കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിലിന്റെ ആരോപണത്തിന് 2012 ജൂണിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ ചില വിശദീകരണങ്ങൾ നൽകി. 2006ന് ശേഷം 2,667 യുവതികൾ ഇസ്്ലാം മതം സ്വീകരിച്ചുവെന്നും ഈ കാലയളവിൽ ഹിന്ദുമതത്തിലേക്ക് 2,803 പേർ മതം മാറിയിട്ടുണ്ടെന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ വെളിപ്പെടുത്തൽ. എന്നാൽ ക്രിസ്തുമതത്തിലേക്ക് ഇതര മതങ്ങളിൽ നിന്ന് എത്ര പേർ പരിവർത്തനം ചെയ്യപ്പെട്ടുവെന്നതിന് കൃത്യമായ കണക്കില്ലെത്ര. വിഷയം ഹൈക്കോടതിയിലെത്തിയപ്പോൾ അന്വേഷണം നടത്താൻ ജസ്റ്റീസ് കെ ടി ശങ്കരൻ ഉത്തരവിട്ടത് ദേശീയ തലത്തിൽ തന്നെ വിഷയം ചർച്ചയാവുകയും ആർ എസ് എസ് അതേറ്റെടുക്കുകയുമായിരുന്നു. അങ്ങനെയാണ് അമിത് ഷാ യു പിയിൽ കാല് കുത്തിയ ഉടൻ ‘റോമിയോ ജിഹാദ്’ രാഷ്ട്രീയായുധമാക്കുന്നത്.

പടിഞ്ഞാറൻ യു പിയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മുസ്‌ലിം – ജാട്ട് സൗഹൃദത്തിന്റെ അന്തരീക്ഷം തകർത്ത് അതിനിടയിലൂടെ വർഗീയ അജൻഡ നടപ്പാക്കാനുള്ള സംഘ്പരിവാർ സൃഗാലബുദ്ധി അതോടെ വിജയം കണ്ടു. മുസ്‌ലിം ചെറുപ്പക്കാരെ സൂക്ഷിക്കണമെന്നും അവർ ഹിന്ദുയുവതികളെ വശീകരിക്കാൻ പരിശീലനം ലഭിച്ചവരാണെന്നും മതപരിവർത്തനം നടത്തി ജിഹാദ് നടത്താൻ വിദേശത്തേക്ക് കടത്തിക്കൊണ്ടുപോവുകയാണ് ലക്ഷ്യമെന്നും വരെ പ്രചാരണങ്ങളുണ്ടായി.

മുസഫർ നഗർ കലാപം അതിന്റെ പരിണിതിയായിരുന്നു. 62 പേർക്ക് ജീവൻ നഷ്ടപ്പെടുകയും അരലക്ഷം പേർക്ക് സ്വന്തം ആവാസവ്യവസ്ഥയിൽ നിന്ന് പലായനം ചെയ്യേണ്ടി വരികയും ചെയ്തു.

കാപ്പ് പഞ്ചായത്ത് വിളിച്ചൂകൂട്ടി തലമുതിർന്നവരെ തെറ്റിദ്ധരിപ്പിക്കുകയും സ്ത്രീജനങ്ങളിൽ ഭയവും വിഹ്വലതയും കുത്തിനിറക്കുകയുമായിരുന്നു ഹിന്ദുത്വവാദികളുടെ ശൈലി. “ബഹു, ബേട്ടി. ബചാവോ മഹാപഞ്ചായത്തുകൾ’ ഗ്രാമാന്തരങ്ങളിൽ പോലും വിളിച്ചുകൂട്ടിയപ്പോൾ അന്നത്തെ വി എച്ച് പി നേതാവ് അശോക് സിംഗാൾ പറഞ്ഞത് നമ്മുടെ പെൺകുട്ടികളുടെയും സഹോദരിമാരുടെയും മാനം കാക്കാൻ ഏതറ്റം വരെ പോകാനും സന്നദ്ധമാണെന്നാണ്. മുസ്‌ലിം യുവാക്കൾ നടത്തുന്ന മൊബൈൽ ഷോപ്പുകളിൽ കയറരുത് എന്നും പെൺകുട്ടികൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുത് എന്നുവരെ തീരുമാനമെടുക്കുന്ന അവസ്ഥയിലേക്ക് മനസ്സുകളെ മലിനപ്പെടുത്തി. പടിഞ്ഞാറൻ യു പിയും ഹരിയാനയും അതോടെ വർഗീയതയുടെ ഉമിത്തീയായി മാറി. പൊട്ടിത്തെറിക്ക് ഒരു തീപൊരി മതിയായിരുന്നു. അങ്ങനെയാണ് ബൈക്ക് യാത്രികനായ ഒരു മുസ്‌ലിം യുവാവിന്റെ കൊല രണ്ട് ജാട്ട് ചെറുപ്പക്കാരുടെ കൊലയിൽ ചെന്ന് കലാശിക്കുന്നതും വർഗീയാഗ്നി അതുവരെ നിലനിന്ന സർവ മാനുഷിക ബന്ധങ്ങളെയും നക്കിത്തുടച്ച് ഒരു മേഖലയുടെ സ്വാസ്ഥ്യം മുഴുവനും ചാമ്പലാക്കിയതും. പള്ളികളും വീടുകളും കടകളും തകർത്തെറിയുമ്പോഴും തീവെച്ച് ചാമ്പലാക്കുമ്പോഴും ഉയർന്നുകേട്ട മുദ്രാവാക്യങ്ങൾ ആർ എസ് എസ് പഠിപ്പിച്ചതാണ്: ‘ജാഓ പാക്കിസ്ഥാൻ, വർണ ഖബറിസ്ഥാൻ’ (പാക്കിസ്ഥാനിലേക്ക് പോകൂ , അല്ലെങ്കിൽ ഖബ്റ്സ്ഥാനിലേക്ക്’. ‘ഏക് കി ബദ്‌ല, ഏക് 100 (ഒന്നിനു പകരം നൂറ് ജീവനെടുക്കും ). അപ്പോഴും ചിരി അമിത് ഷായുടെ മുഖത്തായിരുന്നു. തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വൻ മുന്നേറ്റം നടത്താൻ സാധിച്ചതിലുടെയാണ് രണ്ടാം മോദിയായി ഇന്ന് വാഴ്ത്തപ്പെടുന്ന യോഗി ആദിത്യനാഥ് അധികാര സോപാനത്തിലെത്തുന്നത്.

അലഹബാദ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചിന്റെ വിധിന്യായത്തിൽ ഹാദിയ കേസിൽ സുപ്രീം കോടതി നടത്തിയ പരാമർശം പ്രത്യേകം എടുത്തുദ്ധരിക്കുന്നുണ്ട്.
“The apex court has consistently respected the liberty of an individual who has attained the age of majority,” പ്രായപൂർത്തിയായ വ്യക്തികളുടെ സ്വാതന്ത്ര്യത്തെ ഉന്നതനീതിപീഠം എക്കാലവും മാനിച്ചിട്ടുണ്ടെന്ന്. ഈ നിരീക്ഷണത്തിനു മറുപുറമുണ്ടെന്നും കേരളീയ പൊതുസമൂഹത്തിന്റെ മുൻവിധികളെ താലോലിക്കുന്നതായിരുന്നു അതെന്നും വിസ്മരിച്ചൂകൂടാ.
ഹാദിയ വിഷയത്തെ ‘ലൗ ജിഹാദി’ന്റെ ദർപ്പണത്തിലൂടെയാണ് കോടതി നോക്കിക്കണ്ടത്. 24തികഞ്ഞ, ഹോമിയോ ഡോക്ടറെ പഴയ അഖിലയായി മാത്രമേ നീതിപീഠം കണ്ടുള്ളു. ശഫിൻ ജഹാനുമായുള്ള വിവാഹം കോടതി ദുർബലപ്പെടുത്തി എന്നു മാത്രമല്ല, അവരുടെ ഇംഗിതത്തിന് എതിരായി പിതാവ് അശോകന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്തു. മാസങ്ങളോളം വീട്ടറസ്റ്റിൽ, പോലീസിന്റെയും ആർ എസ് എസിന്റെയും കാവലിൽ കഴിഞ്ഞപ്പോൾ അക്രഡിറ്റഡ് മാധ്യമപ്രവർത്തകരെ പോലും അവരെ കാണാൻ അനുവദിച്ചില്ല.
ഒടുവിൽ, സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകാൻ കൊണ്ടുപോകുമ്പോഴാണ് ആ യുവതി താൻ അനുഭവിച്ച മനോവേദനയും വിഹ്വലതകളും വിളിച്ചുപറയുന്നതും ലോകമറിയുന്നതും.

സുപ്രീം കോടതിയും ആദ്യഘട്ടത്തിൽ നിയമത്തിന്റെയോ വ്യക്തിസ്വാതന്ത്ര്യത്തിന്റെയോ വീക്ഷണകോണിലൂടെയല്ല ഹാദിയ കേസിനെ സമീപിച്ചത്. അങ്ങനെയാണ് ഇവരുടെ വിവാഹത്തിനു പിന്നിൽ ലൗ ജിഹാദ് പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയെ (എൻ ഐ എ ) നിയോഗിക്കുന്നത്. (ശഫിൻ ജഹാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്നതും ഇവരുടെ നിക്കാഹിന് ഒത്താശകൾ ചെയ്തത് എസ് ഡി പി ഐക്കാരാണെന്നതുമാണ് വിഷയത്തിന് ഇത്തരമൊരു മാനം നൽകിയത്. ) ഒടുവിൽ, ഉന്നത നീതിപീഠത്തിന് സംഘ്പരിവാർ സിദ്ധാന്തങ്ങളെ മുഴുവൻ തള്ളിക്കൊണ്ട് ഹാദിയയെ ശഫിന് വിട്ടുകൊടുക്കേണ്ടി വന്നു. പൊതുസാമൂഹിക ഘടനയിൽ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കാനും ആ വിഭാഗത്തെ രാക്ഷസീയ വത്കരിക്കാനുമുള്ള ആർ എസ് എസിന്റെ ഗൂഢ അജൻഡളാണ് അതോടെ പരാജയപ്പെട്ടത്. ആ ദിശയിൽ ഒരു നാഴികക്കല്ലാവും ജസ്റ്റിസ് പങ്കജ് നഖ്‌വിയുടെയും വിവേക് അഗർവാളിന്റെയും പുതിയ വിധി.