Connect with us

National

വാഹനാപകടത്തില്‍ മരിച്ച ബാലികയുടെ മൃതദേഹം ആശുപത്രിയില്‍ നായ കടിച്ചുവലിച്ചു; യു പിയില്‍ വന്‍പ്രതിഷേധം

Published

|

Last Updated

സംഭാല്‍ |  യുപിയില്‍ വാഹനാപകടത്തില്‍ മരിച്ച ബാലികയുടെ മൃതദേഹം ആശുപത്രിയില്‍ തെരുവുപട്ടി കടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യുപിയിലെ സംഭാലിലാണ് സംഭവം.സര്‍ക്കാര്‍ ആശുപത്രിക്കകത്തെ ആളൊഴിഞ്ഞ വാര്‍ഡില്‍ സ്ട്രെച്ചറില്‍ വെള്ളത്തുണി പുതപ്പിച്ച നിലയിലാണ് മൃതദേഹം. മൃതദേഹം തെരുവുപട്ടി വന്ന് കടിക്കുന്നതാണ് പിന്നീട് കാണുന്നത്. ആശുപത്രി അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

അപകടം നടന്നയിടത്ത് നിന്ന് ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് തന്നെ പെണ്‍കുട്ടി മരിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. ജീവനക്കാരുടെയെല്ലാം കണ്ണ് വെട്ടിച്ചാണ് തെരുവുപട്ടി ആശുപത്രിക്കകത്ത് കടന്നതെന്നും ഏതാനും നിമിഷങ്ങളുടെ അശ്രദ്ധയിലാണ് സംഭവം അരങ്ങേറിയതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.

അതേസമയം മകള്‍ മരിച്ചെന്ന് അറിയിച്ച ശേഷം ഒന്നര മണിക്കൂറോളം മൃതദേഹം ആശുപത്രിക്കകത്ത് അനാഥമായി സൂക്ഷിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതിപ്പെടുന്നത്.

സംഭവത്തില്‍ വീഴ്ച പറ്റിയെന്നാരോപിച്ച് ഒരു ശുചീകരണ ജീവനക്കാരിയേയും വാര്‍ഡ് ബോയിയേയും ആശുപത്രി സസ്പെന്‍ഡ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാതശിശു മരിച്ചതായ സംഭവമുണ്ടായത്. ബന്ധുക്കള്‍ ഏറ്റുവാങ്ങുമ്പോള്‍ കുഞ്ഞിന്റെ ജീവനറ്റ ശരീരത്തില്‍ ഏതോ മൃഗത്തിന്റെ പല്ല് തട്ടി മുറിഞ്ഞ പാടുകളും ഉണ്ടായിരുന്നു. ആശുപത്രിയില്‍ കുഞ്ഞിന്റെ മൃതദേഹത്തിന് പോലും സംരക്ഷണം ലഭിച്ചില്ലെന്ന് കാട്ടി അന്ന് വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഇതിന് പിറകെയാണ് മറ്റൊരു സംഭവംകൂടി ഉണ്ടായിരിക്കുന്നത്.

---- facebook comment plugin here -----

Latest