Connect with us

Articles

തീവ്ര വലതുപക്ഷ രാഷ്ട്രീയം തിടംവെക്കുന്നതിന് പിന്നില്‍

Published

|

Last Updated

വര്‍ത്തമാനകാല ഇന്ത്യ ലോകത്തിന് എന്തെങ്കിലും സന്ദേശം നല്‍കുന്നുണ്ടോ? പരിശോധിക്കേണ്ടിയിരിക്കുന്നു. ഇല്ലെന്ന് പറഞ്ഞുകൂടാ. അങ്ങേയറ്റം മനുഷ്യ വിരുദ്ധമായ, തീര്‍ത്തും അപലപിക്കപ്പെടേണ്ട വെറുപ്പിന്റെ സന്ദേശമാണത്. തെളിച്ചു പറഞ്ഞാല്‍ ഇന്ത്യ ഇനി മുതല്‍ സമ്പൂര്‍ണ ജനാധിപത്യ രാജ്യമായിരിക്കില്ലെന്നും തീവ്ര വലതുപക്ഷം പ്രതിനിധാനം ചെയ്യുന്ന ഏകാധിപത്യവും ഏകമതത്തിലധിഷ്ഠിതമായ മതരാജ്യ സങ്കല്‍പ്പവും തന്നെയാണ് ലക്ഷ്യമെന്ന് ലോകത്തോട് അവര്‍ വിളിച്ചു പറയുന്നുണ്ട്.
ഇന്ത്യ നിങ്ങളുടേതല്ലെന്ന് (അവര്‍ ശത്രുക്കളുടെ പട്ടികയില്‍ പേരുചേര്‍ത്ത എല്ലാവരോടും) അവര്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇടപെടാന്‍ പഴുതുകളുള്ള എല്ലാത്തിലും ഇടപെട്ടുകൊണ്ട് അതവര്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരികയും ചെയ്യുന്നു. പേരിനെങ്കിലും ഇന്ത്യ ജനാധിപത്യ മതേതരത്വ രാജ്യമാണെന്ന് പറയാന്‍ പോലും അവര്‍ വൈമനസ്യം കാണിച്ചു തുടങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു.
സത്യത്തില്‍ ഇന്ത്യയെ ഈ തരത്തില്‍ മത വര്‍ഗീയതയുടെ വിളനിലമാക്കി അതിന്റെ മറവില്‍ ഏകാധിപത്യവും കോര്‍പറേറ്റ് മുതലാളിത്തവും പറയത്തക്ക ഒരെതിര്‍പ്പും കൂടാതെ വളര്‍ത്തിയെടുക്കാന്‍ ഇപ്പോള്‍ അവര്‍ക്കായി എന്നുതന്നെ കരുതാം. കാലങ്ങളായുള്ള കൊണ്ടുപിടിച്ച ശ്രമത്തിന് ഇന്ത്യയെ പരുവമാക്കി എടുക്കുന്നതില്‍ അവര്‍ക്ക് വിജയിക്കാനായതിന്റെ കാരണങ്ങള്‍ ശരിക്കും പഠനത്തിനു വിധേയമാക്കേണ്ടതുണ്ട്.

അതിന് സ്വീകരിച്ച ചെറുതും വലുതുമായ മാര്‍ഗങ്ങളിലൊക്കെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ പൊതു അജന്‍ഡ തന്നെയാണ് തുണയായി വര്‍ത്തിച്ചത്. അതില്‍ ഏറ്റവും പ്രധാനമായി അവര്‍ ആശ്രയിക്കുന്നത് വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ തങ്ങളാണെന്ന കൊണ്ടുപിടിച്ച പ്രചാരണം അഴിച്ചുവിടലാണ്. അതിനുള്ള ഒരു ഉപകരണം മാത്രമായിരുന്നു ബാബരി മസ്ജിദ് പ്രശ്‌നം ഊതിക്കത്തിച്ചു നിറുത്തല്‍. ജുഡീഷ്യറിയെക്കൂടി പരിപൂര്‍ണമായും വലതു പക്ഷത്തേക്ക് നീക്കിയിരുത്തിയതോടെ ആ പ്രശ്‌നത്തിന് അവരാഗ്രഹിച്ച രീതിയിലുള്ള പരിസമാപനവുമായി.

മതവും രാഷ്ട്രീയവും രണ്ടായിത്തന്നെ കാണണമെന്ന ഇടതുപക്ഷവാദത്തെ തുടക്കത്തിലേ അവര്‍ക്ക് അസ്വീകാര്യമായി. അതിന് പിന്നില്‍ മതവും വിശ്വാസവും ഇളക്കിവിട്ടു കൊണ്ടുള്ള വര്‍ഗീയ കൊയ്ത്തു തന്നെയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ എത്തിനില്‍ക്കുന്ന പരിതാപകരമായ അവസ്ഥക്ക് കാരണം തീവ്ര വലതുപക്ഷത്തിന്റെ നയങ്ങള്‍ മാത്രമല്ല കാരണമായതെന്ന് സൂക്ഷ്മവിശകലനത്തില്‍ നിന്ന് മനസ്സിലാക്കാം. ബി ജെ പി, ആര്‍ എസ് എസ്, സംഘ്പരിവാര്‍ അടങ്ങിയ സവര്‍ണ വര്‍ഗീയതയെ താലോലിക്കുന്നവര്‍ മാത്രമാണോ ഇതിനുത്തരവാദികള്‍? പരിശോധിക്കേണ്ട ഒന്നാണ്. വര്‍ഗീയതയും സവര്‍ണ ഫാസിസവും അജന്‍ഡയിലില്ലാത്ത മറ്റു കക്ഷികളുടെ പലപ്പോഴുമുള്ള മൗനങ്ങളും സാമ്പത്തിക നയങ്ങളും ഇന്ത്യയെ വല്ലാതെ വലത്തോട്ടേക്ക് കൊണ്ടുപോകാന്‍ സഹായിച്ചു എന്നുവേണം വിലയിരുത്താന്‍.

ഇപ്പോഴും ആര്‍ എസ് എസ്, ബി ജെ പി, സംഘ്പരിവാര്‍ ശക്തികളെ എതിര്‍ക്കുന്നതിലേറെ പിടിവാശിയില്‍, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തെ മുഖ്യശത്രുവായിക്കണ്ട് പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ആരൊക്കെയാണ്? മലയാളത്തിലെ ചില പത്രങ്ങളെയും മുസ്‌ലിം ന്യൂനപക്ഷത്തിന്റേതെന്ന് അറിയപ്പെടുന്ന മീഡിയകളെയും സൂക്ഷ്മമായി വിലയിരുത്തി നോക്കൂ. ഇവരെല്ലാം മത്സരിക്കുന്നത് ഫാസിസത്തെയും സവര്‍ണ വര്‍ഗീയതയെയും എതിര്‍ക്കാനല്ലെന്നു കാണാം. സാമ്പത്തിക സംവരണത്തിന്റെ കാര്യമെടുത്താല്‍ പോലും ഇത് ബോധ്യമാകും.
കോണ്‍ഗ്രസും ബി ജെ പിയും എന്‍ എസ് എസ്സുമെല്ലാം മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്കു വേണ്ടി കാലങ്ങളായി ശബ്ദിക്കുന്നു. എന്നാല്‍ ഈ കാര്യത്തിലും എതിര്‍പ്പുകളത്രയും ഇടതുപക്ഷത്തിനെതിരെയാണ്. പ്രകടമായ ഈ ഇരട്ടത്താപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചേതോവികാരം എന്തായിരിക്കും? ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള പ്രചാരണ മീഡിയകള്‍ രൂക്ഷമായി ഇടതു സര്‍ക്കാറിനെ എതിര്‍ക്കുന്നതില്‍ നിന്ന് നാം എന്തു മനസ്സിലാക്കണം?
തീവ്ര വലതുപക്ഷമായാലും മധ്യ വലതുപക്ഷമായാലും വന്‍കിട മീഡിയകളായാലും അവരുടെ രാഷ്ട്രീയ ഉന്നം ഫാസിസമോ സവര്‍ണ വര്‍ഗീയതയോ ഒന്നുമല്ല.
നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിട്ടെതിര്‍ക്കാന്‍ കേരള രാഷ്ട്രീയം വിട്ട് ഡല്‍ഹിയിലേക്ക് വണ്ടികയറിയവരില്‍ ആദ്യം മനം മാറ്റം വന്നത് ആര്‍ക്കൊക്കെയാണെന്ന് ചിന്തിച്ചു നോക്കൂ. അവിടെ തീരുന്ന ബി ജെ പി വിരോധമേ കേരളത്തിലെ മധ്യ വലതുപക്ഷത്തിനുള്ളൂ. ഒരു കാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെത്തന്നെ കൈയിലെടുത്ത് അമ്മാനമാടാനുള്ള കരുത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രണ്ടാമനായിരുന്ന നേതാവ് ചിദംബരം ചെട്ടിയാരെ സി ബി ഐ വന്ന് തൂക്കിയെടുത്ത് മാസങ്ങളോളം തിഹാര്‍ ജയിലില്‍ അടച്ചപ്പോള്‍ നടക്കാത്ത ചര്‍ച്ചകളും കോലാഹലങ്ങളും ഇപ്പോള്‍ നടക്കുന്നു. ഇന്ത്യയെ മൊത്തമെടുത്ത് പരിശോധിച്ചാലും കേരളത്തെ പ്രത്യേകമെടുത്ത് പരിശോധിച്ചാലും തീവ്ര വലതുപക്ഷവും മധ്യ വലതുപക്ഷവും പ്രത്യയശാസ്ത്രപരമായി ഏറെക്കുറെ ഒരേ ദിശയില്‍ തന്നെയാണ് സഞ്ചാരം എന്നു കാണാം. തീവ്ര വലതുപക്ഷം ഫാസിസത്തിലേക്കും കോര്‍പറേറ്റ് മുതലാളിത്തത്തിലേക്കും ന്യൂനപക്ഷ ഹിംസകളിലേക്കും അതിവേഗം പാഞ്ഞടുക്കുമ്പോള്‍ മധ്യ വലതുപക്ഷം ഗാലറിയില്‍ ഇരുന്ന് കളികണ്ട് രസിക്കുകയാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ ആകെത്തുക ഇതൊക്കെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. കോര്‍ട്ടില്‍ രണ്ട് പക്ഷത്തും അണിനിരക്കുന്നത് കോര്‍പറേറ്റനുകൂല മീഡിയകളായതിനാല്‍ അവരുടെ താത്പര്യത്തിന്റെ മുന്‍തൂക്കം തീവ്ര വലതുപക്ഷത്തിനു ലഭിക്കുന്നു എന്നത് കൊണ്ട് അവര്‍ ഏകപക്ഷീയമായ ഒന്നോ രണ്ടോ ഗോളുകള്‍ക്ക് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നു എന്നുമാത്രം.