Connect with us

Editorial

മതംമാറ്റ നിരോധം: ലക്ഷ്യവും അപകടവും

Published

|

Last Updated

‘നിര്‍ബന്ധിത” മതപരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും 15,000 രൂപ പിഴയും നിയമത്തില്‍ വ്യവസ്ഥചെയ്യുന്നു. പ്രായപൂര്‍ത്തിയാകാത്തവരെയോ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയോ മതം മാറ്റിയാല്‍ ശിക്ഷ ഇരട്ടിക്കും. മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാം. കൂട്ട മതപരിവര്‍ത്തനമാണെങ്കില്‍ മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ വരെ പിഴയുമാണ് ശിക്ഷ. മറ്റൊരു മതത്തിലേക്ക് മാറിയ ശേഷം വിവാഹം കഴിക്കണമെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് രണ്ട് മാസം മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. ഹരിയാന ഉള്‍പ്പെടെ ബി ജെ പി ആധിപത്യത്തിലുള്ള മറ്റു പല സംസ്ഥാനങ്ങളും യു പിയുടേതിന് സമാനമായ നിയമ നിര്‍മാണം നടത്താനുള്ള ഒരുക്കത്തിലാണ.് ഹിന്ദുത്വ ഫാസിസത്തിന്റെ എക്കാലത്തെയും രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങളുടെ ഭാഗവുമാണല്ലോ മതപരിവര്‍ത്തന നിരോധം.

നിര്‍ബന്ധിച്ച് മതം മാറ്റുന്നത് തടയുകയാണ് നിയമ നിര്‍മാണത്തിന്റെ ലക്ഷ്യമെന്നാണ് പറയപ്പെടുന്നതെങ്കിലും ഹിന്ദു മതത്തില്‍ നിന്ന് ന്യൂനപക്ഷ മതങ്ങളിലേക്കുള്ള മതംമാറ്റം വിശിഷ്യാ ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനം തടയുകയാണ് സംഘ്പരിവാറിന്റെ യഥാര്‍ഥ ലക്ഷ്യം. ഇസ്‌ലാമിലേക്കും ക്രിസ്തീയ മതത്തിലേക്കുമുള്ള സ്വമേധയാ ഉള്ള മതംമാറ്റത്തെ നിര്‍ബന്ധിത പരിവര്‍ത്തനമായി വ്യാഖ്യാനിച്ച് തടയുകയും അതേസമയം ഹൈന്ദവ മതത്തിലേക്കുള്ള മതപരിവര്‍ത്തനം സ്വമേധയാ ഉള്ള മാറ്റമായി പരിഗണിച്ച് അനുവാദം നല്‍കുകയുമായിരിക്കും യോഗി ആദിത്യനാഥ് സര്‍ക്കാറും സമാന ഫാസിസ്റ്റ് ഭരണകൂടങ്ങളും ചെയ്യുക. “ലൗ ജിഹാദ്” പൊള്ളയായ ആരോപണമാണെന്ന് അന്വേഷണ ഏജന്‍സികളും കോടതികളും വിലയിരുത്തിയതാണ്. ലൗ ജിഹാദ് എന്നതിന് നിയമത്തില്‍ വ്യക്തമായ വ്യാഖ്യാനമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതുമാണ്. എന്നിട്ടും ലൗ ജിഹാദ് വ്യാപകമാണെന്ന മട്ടിലുള്ള പ്രചാരണം അഴിച്ചുവിടുന്നതും ഇസ്‌ലാമിലേക്കുള്ള മതംമാറ്റം പ്രതിരോധിക്കാനുള്ള ലക്ഷ്യത്തിലാണ്. അതേസമയം, ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങളിലൂടെയും നടപ്പാക്കി വരുന്ന “ഘര്‍വാപസി” അടക്കമുള്ള ഹിന്ദുത്വ അജന്‍ഡകളെ ഒരിക്കലും നിരോധിത മതംമാറ്റമായി പരിഗണിക്കുന്നുമില്ല.

മതങ്ങളില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ഇന്ത്യന്‍ ഭരണഘടനയും രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളും അംഗീകരിച്ചതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 25(1)ാം അനുഛേദ പ്രകാരം ഒരു വ്യക്തിക്ക് തന്റെ വിശ്വാസമനുസരിച്ച് ജീവിക്കാനും അതിലെ അനുഷ്ഠാന കര്‍മങ്ങള്‍ നിര്‍വഹിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട.് മതവിശ്വാസമെന്ന അവകാശം മതംമാറാനുള്ള അവകാശം കൂടിയാണെന്നും ഒറ്റക്കോ കൂട്ടായോ മതവിശ്വാസം പ്രകടിപ്പിക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നും രാജ്യാന്തര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ 18 വ്യക്തമാക്കുന്നു. പൊതുസുരക്ഷ, ക്രമസമാധാനം, ആരോഗ്യം, മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ എന്നീ തലങ്ങളില്‍ നിന്ന് മാത്രമേ മതവിശ്വാസത്തിന് നിയന്ത്രണം കൊണ്ടുവരാന്‍ പാടുള്ളൂ എന്നും ആര്‍ട്ടിക്കിള്‍ 18 നിഷ്‌കര്‍ഷിക്കുന്നുണ്ട്. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ്, ഒരു കേസില്‍ മതവിശ്വാസത്തിനുള്ള അവകാശം തന്റെ വിശ്വാസം മറ്റൊരാളെ ബോധ്യപ്പെടുത്തുന്നതിനും കൂടിയുള്ളതാണ് എന്നും നിരീക്ഷിക്കുന്നുണ്ട്.

സഹസ്രാബ്ദങ്ങള്‍ നീണ്ട ഇന്ത്യന്‍ ചരിത്രത്തില്‍ വിവിധ രീതികളിലുള്ള ഭരണങ്ങളും സാമൂഹിക വ്യവസ്ഥിതിയും കഴിഞ്ഞു പോയിട്ടുണ്ട്. ഇക്കാലങ്ങളിലെല്ലാം പൗരന്മാരുടെ ഇഷ്ടാനുസരണം വിശ്വസിക്കാനും തിരുത്താനും നിലപാടുകളില്‍ മാറ്റം വരുത്താനും അനുവാദമുണ്ടായിരുന്നു. അത് തടയണമെന്നോ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നോ ഒരു ഭരണകൂടത്തിനും തോന്നിയിട്ടില്ല. ബി സി മൂന്നാം നൂറ്റാണ്ടില്‍ അശോക ചക്രവര്‍ത്തിയുടെ കാലത്ത് ഒരു വന്‍ മതപരിവര്‍ത്തന യജ്ഞം തന്നെ നടന്നിരുന്നു ഇന്ത്യയില്‍. ഹിന്ദു മതം ത്യജിച്ച് സ്വയം ബുദ്ധമതം സ്വീകരിച്ച അശോക ചക്രവര്‍ത്തി ലഭ്യമായ സംവിധാനങ്ങളത്രയും ഉപയോഗപ്പെടുത്തി ജനങ്ങളെ ബുദ്ധമതത്തിലേക്ക് ക്ഷണിക്കുകയും പരിവര്‍ത്തനം നടത്തിക്കുകയും ചെയ്തു. ഹിന്ദു മതത്തില്‍ നിന്ന് അതിനെതിരെ ഒരു പ്രതിഷേധവും ഉയര്‍ന്നു വന്നില്ല.
ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കര്‍ ജനിച്ചുവീണ മതം വിട്ട് മറ്റൊരു മതം സ്വീകരിച്ച വ്യക്തിയാണ്. 1956ലായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദൂയിസത്തില്‍ നിന്ന് ബുദ്ധമതത്തിലേക്കുള്ള മാറ്റം. “ഹിന്ദു മതം” എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ബ്രാഹ്മണിക നിയമശാസനകള്‍ കാലത്തിന് അനുയോജ്യമല്ലാത്തതും സാധാരണക്കാരെ ചൂഷണം ചെയ്യുന്നതുമാണെന്ന തിരിച്ചറിവും നീണ്ട 30 വര്‍ഷത്തെ ജാതി ഹിന്ദുത്വത്തിന്റെ കൈപ്പേറിയ അനുഭവങ്ങളുമാണ് ഇതിന് പ്രേരകമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. അതുപോലെ ബ്രിട്ടീഷ് വാഴ്ചക്കാലത്ത് ധാരാളം പേര്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഖാജാ മുഈനുദ്ദീന്‍ ചിശ്്തി പോലുള്ള സൂഫികളുടെയും മുസ്‌ലിം മാതൃകാ പുരുഷന്മാരുടെയും ജീവിതത്തിലാകൃഷ്ടരായി ആയിരക്കണക്കിന് പേര്‍ ഇസ്‌ലാമിലേക്കും മാറിയിട്ടുണ്ട്. ഇതൊക്കെ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളായി അംഗീകരിക്കുകയല്ലാതെ അതിനെതിരെ വാളെടുക്കാനോ നിയമ നിര്‍മാണം നടത്താനോ അന്നത്തെ രാജ, കോളനി ഭരണകാലത്ത് പോലും ആരും മുന്നോട്ടു വന്നിട്ടില്ല. ഇന്നിപ്പോള്‍ രാജ്യം ജനാധിപത്യ ഭരണ സംവിധാനത്തിനു കീഴിലാണ്. വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന്റെ കാതല്‍. മതപരിവര്‍ത്തനത്തിന് നിയന്ത്രണം കൊണ്ടുവരുന്നത് ഈ വ്യവസ്ഥയുടെ കടക്കല്‍ കത്തിവെക്കലും ഭരണഘടനാപരമായ അവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണ്.