Connect with us

Editorial

മിശ്രവിവാഹവും കോടതി വിധികളും

Published

|

Last Updated

വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹം ദേശീയതലത്തില്‍ സജീവ ചര്‍ച്ചയാകുകയും ഇതിനെതിരെ ബി ജെ പി ആധിപത്യത്തിലുള്ള സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തിവരികയും ചെയ്യവെ അതീവ പ്രാധാന്യമുള്ളതാണ് അലഹബാദ് ഹൈക്കോടതി രണ്ടംഗ ബഞ്ചിന്റെ ചൊവ്വാഴ്ചത്തെ വിധി. പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശത്തിന്റെ ഭാഗമാണെന്നും മതം, ജാതി, സമുദായം എന്നിവക്കൊന്നും അതില്‍ സ്ഥാനമില്ലെന്നുമാണ് വിധിപ്രസ്താവം. മതംമാറ്റത്തെ നിരോധിച്ചു കൊണ്ടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സിന് വഴിയൊരുക്കിയ ഇതേ കോടതിയുടെ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെ റദ്ദാക്കുകയും ചെയ്യുന്നു ജസ്റ്റിസ് വിവേക് അഗര്‍വാള്‍, ജസ്റ്റിസ് പങ്കജ് നഖ്‌വി എന്നിവരുള്‍ക്കൊള്ളുന്ന ബഞ്ചിന്റെ പുതിയ ഉത്തരവ്. വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റത്തിന് സാധുതയില്ലെന്നും സ്വീകാര്യമല്ലെന്നുമായിരുന്നു സിംഗിള്‍ ബഞ്ചിന്റെ കാഴ്ചപ്പാട്.
സലാമത്ത് അന്‍സാരി- പ്രിയങ്ക ഖര്‍വാര്‍ ദമ്പതികളുടെ കാര്യത്തിലാണ് രണ്ടംഗ ബഞ്ചിന്റെ വിധി. ഒരു വര്‍ഷം മുമ്പാണ് അന്‍സാരി പ്രിയങ്ക ഖര്‍വാറിനെ വിവാഹം ചെയ്തത്. വിവാഹത്തോടനുബന്ധിച്ച് പ്രിയങ്ക മതം മാറുകയും ആലിയ എന്ന് പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രിയങ്കയുടെ മാതാപിതാക്കള്‍ ഈ വിവാഹത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും അവര്‍ സലാമത്ത് അന്‍സാരിക്കെതിരെ പരാതി നല്‍കുകയും ചെയ്തു. ഇതടിസ്ഥാനത്തില്‍ യു പി പോലീസ് തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിപ്പിച്ചു വിവാഹം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. മകള്‍ക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന മാതാപിതാക്കളുടെ ആരോപണം അപ്പടി സ്വീകരിച്ച് പോക്‌സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രസ്തുത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സലാമത്ത് അന്‍സാരി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹരജിയിലാണ് രണ്ടംഗ ബഞ്ചിന്റെ സുപ്രധാന വിധി വന്നത്. സലാമത്ത് അന്‍സാരിയും പ്രിയങ്ക ഖര്‍വാറും സ്വന്തം ഇഷ്ടത്തോടെ സ്വതന്ത്രമായി പങ്കാളികളെ തിരഞ്ഞെടുക്കാന്‍ അവകാശമുള്ള രണ്ട് മുതിര്‍ന്ന വ്യക്തികളാണ്. ഒരു വര്‍ഷത്തിലേറെയായി സമാധാനത്തോടെയും സന്തോഷത്തോടെയും അവര്‍ ജീവിച്ചു വരികയും ചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 21 പ്രകാരം ഉറപ്പുനല്‍കുന്ന ഒരു വ്യക്തിയുടെ ജീവിതവും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ കോടതികള്‍ക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശമുണ്ട്. ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ച പ്രായപൂര്‍ത്തിയായ രണ്ട് വ്യത്യസ്ത മതക്കാരുടെ ബന്ധത്തെ എതിര്‍ക്കാന്‍ കുടുംബത്തിനോ ഭരണകൂടത്തിനോ നിയമപരമായി യാതൊരു അവകാശവുമില്ലെന്നും വിധിയില്‍ ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.
ഒക്‌ടോബര്‍ 30ലെ അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനു ശേഷം രാജ്യത്ത് വ്യത്യസ്ത മതക്കാര്‍ തമ്മിലുള്ള പ്രണയം, വിവാഹം, മതംമാറ്റം തുടങ്ങിയവയെല്ലാം സജീവ ചര്‍ച്ചയാണ്. വിവാഹത്തിനു വേണ്ടിയുള്ള മതംമാറ്റം അംഗീകരിക്കാനാകില്ലെന്നായിരുന്നു ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയുടെ ഉത്തരവ്. മിശ്രവിവാഹം നടത്തിയ ദമ്പതിമാര്‍ പോലീസ് സംരക്ഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഈ നിരീക്ഷണം. മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നതാണ് ഭരണഘടനയുടെ 25-28 അനുഛേദങ്ങള്‍. മതാചാരങ്ങള്‍ പാലിക്കുന്നതിനും മതം പ്രചരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും മതം മാറുന്നതിനും വ്യക്തികള്‍ക്കുള്ള സ്വാതന്ത്ര്യം ഇത് ഉറപ്പ് നല്‍കുന്നുണ്ട്. മതംമാറ്റം എന്തിനുമാകാം. ഇന്ന കാര്യത്തിനേ മതം മാറാവൂ എന്ന് ഭരണഘടന അനുശാസിക്കുന്നില്ല. അതുകൊണ്ടുതന്നെ സിംഗിള്‍ ബഞ്ചിന്റെ വിധി ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരാവകാശങ്ങളുടെ ലംഘനമാണ്. ഈ വിധിന്യായത്തില്‍, പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ പക്വതയുള്ള രണ്ട് വ്യക്തികളുടെ ജീവിതവും സ്വാതന്ത്ര്യവും അവര്‍ ആരുമായാണ് ജീവിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശവും പരിഗണിച്ചില്ലെന്ന് രണ്ടംഗ ബഞ്ച് നിരീക്ഷിക്കുകയുണ്ടായി.

ഇന്ത്യന്‍ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും രാജ്യത്ത് മത സ്വാതന്ത്ര്യം ഇന്ന് അപകടത്തിലാണ്. അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടും അമേരിക്കന്‍ റിലീജിയസ് ഫ്രീഡം കമ്മീഷന്‍ ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര സംഘടനകളും ഇന്ത്യന്‍ ജനത അനുഭവിക്കുന്ന മതസ്വാതന്ത്ര്യ നിഷേധത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അധികാരത്തിലേറിയതിനു ശേഷമാണ് മതസ്വാതന്ത്ര്യം കൂടുതല്‍ ഭീഷണി നേരിടാന്‍ തുടങ്ങിയതെന്നും മതന്യൂനപക്ഷങ്ങളെ ഫാസിസ്റ്റ് ശക്തികള്‍ നിരന്തരം പീഡിപ്പിക്കുന്നതായും വേട്ടയാടുന്നതായും റിലീജിയസ് ഫ്രീഡം കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍, വിശിഷ്യാ മുസ്‌ലിംകള്‍ തീവ്ര ഹൈന്ദവ ഗ്രൂപ്പുകളുടെ ആക്രമണത്തിനിരയാകുന്നതായി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കന്നുകാലികളെ വിറ്റെന്നോ മോഷ്ടിച്ചെന്നോ ഇറച്ചി കൈവശം വെച്ചെന്നോ ആരോപിച്ച് മുസ്‌ലിംകളെ ഇന്ത്യയില്‍ കൊലപ്പെടുത്തുന്നത് പതിവായിരിക്കുന്നതായി 2018ലെ രാജ്യാന്തര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടിലാണ് ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര നിരീക്ഷകരുടെ ഈ കാഴ്ചപ്പാടിനെ ശരിവെക്കുന്നതാണ് വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റത്തെ വിലക്കിയ അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിപ്രസ്താവം. ഇതിന്റെ പിന്‍ബലത്തില്‍ ബി ജെ പി ഭരണത്തിലുള്ള മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ വ്യത്യസ്ത മതക്കാര്‍ തമ്മിലുള്ള വിവാഹങ്ങളെയും മതംമാറ്റത്തെ തന്നെയും നിരോധിച്ചു വരികയാണ്. എന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് െഗഹ്‌ലോട്ട് ചൂണ്ടിക്കാട്ടിയതു പോലെ വിവാഹം ഓരോ പൗരന്റെയും വ്യക്തിസ്വാതന്ത്ര്യമാണ്. മിശ്രവിവാഹത്തെ തടസ്സപ്പെടുത്താനുള്ള നിയമനിര്‍മാണം ഭരണഘടനാ വിരുദ്ധവുമാണെന്ന അശോക് െഗഹ്‌ലോട്ടിന്റെ അഭിപ്രായത്തിന് അടിവരയിടുന്നു അലഹബാദ് ഹൈക്കോടതി രണ്ടംഗ ബഞ്ച്.

Latest