Connect with us

National

കൊവാക്‌സിന്‍ പരീക്ഷണ ഘട്ടത്തില്‍ വിപരീത ഫലം ഉണ്ടായതായി സ്ഥിരീകരിച്ച് ഭാരത് ബയോടെക്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ ഏറെ പ്രതിക്ഷ പുലര്‍ത്തുന്ന കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ പരീക്ഷണത്തിനിടയില്‍ വിപരീതഫലം ഉണ്ടായതായി സ്ഥിരീകരിച്ച് നിര്‍മാതാക്കളായ ഭാരത് ബയോടെക്. കഴിഞ്ഞ ഓഗസ്റ്റില്‍ വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണ സമയത്താണ് വിപരീത ഫലം ഉണ്ടായതെന്നും 24 മണിക്കൂറിനകം തന്നെ ഇക്കാര്യം സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് റിപ്പോര്‍ട്ട് ചെയ്തതായും കമ്പനി അധികൃതര്‍ വിശദീകരിച്ചു.

വിപരീതഫലം ഉണ്ടായ വിവരം കമ്പനി മറച്ചുവെച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് വിശദീകരണവുമായി ഭാരത് ബയോടെക് എത്തിയത്. അതെസമയം, പരീക്ഷണത്തിനിടെ കണ്ടെത്തിയ വിപരിത ഫലം വാക്‌സിന്‍ കാരണമല്ലെന്ന് പിന്നീട് വ്യക്തമായതായും ഭാരത് ബയോടെക് വിശദീകരിച്ചു. കൊവാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ഐസിഎംആറുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് കൊവാക്‌സിന്‍ നിര്‍മിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണത്തിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ വാക്‌സിന്‍ ഉപയോഗത്തിന് സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.