മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചുവെന്ന സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്തായത് ക്രൈംബ്രാഞ്ച് അന്വേഷിക്കും

Posted on: November 21, 2020 8:33 pm | Last updated: November 21, 2020 at 8:33 pm

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചുവെന്ന സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്നത് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നല്‍കിയ കത്ത് ജയില്‍ വകുപ്പ് പോലീസിന് കൈമാറിയിരുന്നു. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയ്‌സ് റെക്കോര്‍ഡില്‍ ഏജന്‍സിയുടെ പേര് പറയുന്നില്ല.

പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം നടത്തുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിംഗാണ് കത്ത് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണം സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തിലുണ്ട്.  ഇ ഡി, കസ്റ്റംസ്, എന്‍ ഐ എ അടക്കമുള്ള ഏജന്‍സികള്‍ സ്വപ്‌നയെ വിവിധ കേസുകളില്‍ പ്രതിയാക്കിയിട്ടുണ്ട്.